തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്‌ളസ് ടു വിദ്യാർഥികൾക്കുള്ള ഡിജിറ്റൽ ക്‌ളാസുകൾക്ക് ഇന്ന് തുടക്കം. തിങ്കൾ മുതൽ വെള്ളി വരെ രണ്ടര മണിക്കൂർ കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയാണ് ക്‌ളാസ്. ഒന്നു മുതൽ പത്തു വരെയുള്ളവർക്ക് ഡിജിറ്റൽ ക്‌ളാസ് തുടങ്ങി ഒരാഴ്‌ച പിന്നിടുമ്പോഴാണ് കൈറ്റ് വിക്‌ടേഴ്‌സിലൂടെ പ്ളസ് ടുവിന്റേയും തുടക്കം.
ആദ്യത്തെ ഒരാഴ്‌ച കഴിഞ്ഞ വർഷത്തെ പാഠഭാഗങ്ങൾ എത്രത്തോളം മനസിലാക്കിയെന്ന് വിദ്യാർഥികൾക്ക് കൂടി ബോധ്യമാകും വിധമുള്ള ബ്രിഡ്‌ജ് ക്‌ളാസുകളാണ് നൽകുക. ഓരോ വിഷയങ്ങൾക്കും പ്രത്യേക സമയം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 8:30 മുതൽ 10 മണി വരെയും വൈകീട്ട് അഞ്ച് മുതൽ ആറ് വരേയുമാണ് ക്‌ളാസുകൾ സംപ്രേഷണം ചെയ്യുക. ഒരു ദിവസം പരമാവധി പഠിപ്പിക്കുക മൂന്ന് വിഷയങ്ങളാണ്. ക്‌ളാസുകളുടെ പുനഃസംപ്രേഷണവും ഉണ്ടാകും.
രാവിലെ എട്ടരക്ക് ഇംഗ്ളീഷും ഒൻപതിന് ഇക്കണോമിക്‌സും 9.30 മുതൽ 10 വരെ ഹിസ്‌റ്ററിയുമാണ് ഇന്നത്തെ ക്‌ളാസുകൾ. ഉച്ചക്ക് ശേഷമുള്ള സെഷനിൽ അഞ്ചു മണിക്ക് കെമിസ്ട്രിയും 5.30 മുതൽ 6 വരെ കണക്കുമാണ് വിഷയങ്ങൾ. ഇവയുടെ പുനഃസംപ്രേഷണം രാത്രി 10 മുതൽ 11 വരെയും ലഭ്യമാണ്. കുട്ടികൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാവാതിരിക്കാനുള്ള പ്രത്യേക ക്‌ളാസുകളും സജ്‌ജീകരിക്കും. പ്‌ളേ സ്‌റ്റോറിലെ കൈറ്റ് വിക്‌ടേഴ്‌സ് എന്ന ആപ്പുവഴിയും വിദ്യാർഥികൾക്ക് ക്‌ളാസുകൾ കാണാവുന്നതാണ്.
പ്ളസ് വൺ പരീക്ഷ കഴിയാതെയാണ് വിദ്യാർഥികൾ പ്ളസ് ടു ക്‌ളാസുകളിലേക്ക് കടക്കുന്നത്. സെപ്റ്റംബർ ആറ് മുതലാണ് പ്ളസ് വൺ പരീക്ഷ. ഇതു മാറ്റി വെക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം ഇപ്പോഴും ശക്‌തമാണ്.
Most Read: ലോക്ക്‌ഡൗൺ പിൻവലിക്കരുതെന്ന് വിദഗ്‌ധർ; സർക്കാർ തീരുമാനം ഇന്നറിയാം