പൊന്നാനി ചിത്രപ്രദർശനം ‘പൊളിക്ളിക്‌സ്’ അവസാനിച്ചു; സെക്കൻഡ് എഡിഷൻ 2022ൽ

By Desk Reporter, Malabar News
Ponnani Art Exhibition 2021_ Policlicks
‘പൊളിക്ളിക്‌സ്’ ലെ ചുമരിൽ വരച്ച ഒരു ചിത്രത്തിന് മുന്നിൽ പോസ്ചെയ്യുന്ന നാട്ടുകാരൻ
Ajwa Travels

പൊന്നാനി: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ചിത്രകാരനും ഫോട്ടോഗ്രാഫറുമായ സലാം ഒളാട്ടയിൽ പൊന്നാനിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് പകർത്തിയ മനോഹരമായ ചിത്രങ്ങളെ പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ രണ്ടു ദിവസം നീണ്ടുനിന്ന ചിത്രപ്രദർശനം സംഘടിപ്പിച്ചത്.

സർഗാത്‌മകമായ ആശയങ്ങളിലൂടെയും പൈതൃക പ്രദർശനങ്ങൾ വഴിയും പൊന്നാനിയുടെ ടൂറിസം സാധ്യതകളെ പ്രചരിപ്പിക്കുക എന്നതിനായി രൂപംകൊണ്ട ‘തിണ്ടിസ്’ എന്ന കൂട്ടായ്‌മയുടെ അമരക്കാരായ സമീർ ഡയാനയും സലാം ഒളാട്ടയിലുമാണ് ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ചത്. പൊന്നാനി വെൽഫയർ കമ്മിറ്റി (പിഡബ്ള്യുസി)യുടെ സഹകരണവും പ്രദർശനത്തിന് ഉണ്ടായിരുന്നു.

‘പൊളിക്ളിക്‌സ്’ എന്ന ടൈറ്റിലിൽ നടത്തിയ ചിത്രപ്രദർശനം നൂറുകണക്കിന് ആളുകൾ സന്ദർശിച്ചതായും നിരവധിപേരുടെ പ്രോൽസാഹനം ഉൾക്കൊണ്ടുകൊണ്ട് എല്ലാവർഷവും തുടർച്ചയായി ‘പൊന്നാനി ചിത്രപ്രദർശനം’ നടത്താൻ തീരുമാനിച്ചതായും സംഘാടകരായ ‘ടീം തിണ്ടിസ്’ പറഞ്ഞു.

സമാപനദിവസം അന്യം നിന്നുപോകുന്ന പൊന്നാനിയുടെ തനത് കലാരൂപമായ ‘മൗത്തള’യും ഗസലും പൊതുജനങ്ങൾക്ക് സൗജന്യമായി കാണാനുള്ള അവസരവും ഒരുക്കിയിരുന്നു. പൊന്നാനി ഹർബറിനോട് ചേർന്നുള്ള ഉപയോഗശൂന്യമായ പാണ്ടികശാലയിലെ അരയാൽ മുളച്ച കെട്ടിടത്തിലായിരുന്നു ചിത്രപ്രദർശനവും ഗസൽ സന്ധ്യയും.

പ്രദർശനത്തോട് അനുബന്ധിച്ച് ചിത്രകാരൻമാരുടെ കൂട്ടായ്‌മയായ ‘ചാർക്കോൾ’ സംഘടിപ്പിച്ച ചുവർ ചിത്രംവരയും പ്രദർശനവും ‘പൊളിക്ളിക്‌സിനെ’ കൂടുതൽ ശ്രദ്ധേയമാക്കി.

Ponnani Art Exhibition 2021_ Policlicks
പൊന്നാനി ചിത്ര പ്രദർശനത്തിലെ കാഴ്‌ചകളിൽ നിന്ന്

ചിത്രകാരൻമാരായ സിറാജ്, കിഷോർ, മണി, മോഹൻ ആലങ്കോട്, സബീൽ, അതുൽ, അക്ഷയ്, മുരളി എന്നിവർ ചേർന്നാണ് പൊന്നാനിയുടെ പാരമ്പര്യത്തെയും ജീവിതതുടിപ്പുകളെയും സാംസ്‌കാരിക അടയാളങ്ങളെയും ചുവരിലേക്ക് നിറങ്ങൾകൊണ്ട് ആവാഹിച്ചത്. മനോഹരമായ ഈ ചുവർചിത്രങ്ങൾ ഇനിയും അനേകം ദിവസങ്ങൾ ഈ ചുവരുകൾക്ക് പുതു ജീവൻ നൽകും. പാണ്ടികശാലയും അരയാൽ മുളച്ച കെട്ടിടവും കാണാൻ വരുന്നവർക്ക് ഈ ചുവർചിത്രങ്ങൾ പുതിയ അനുഭവമാകും.

അടുത്ത എഡിഷൻ കൂടുതൽ മനോഹരവും കൂടുതൽ ദിവസം നീണ്ടുനിൽക്കുന്ന രീതിയിലും സംഘടിപ്പിക്കും. കൂടുതൽ ചിത്രകാരൻമാരെ പങ്കെടുപ്പിക്കാനുള്ള ശ്രമവും ഉണ്ടാകും. ‘പൊന്നാനി ചിത്രപ്രദർശനം’ എന്നപേരിലായിരിക്കും ഇതറിയപ്പെടുക. എന്നാൽ, ഓരോരോ വർഷങ്ങളിലും വ്യത്യസ്‌ത സബ് ടൈറ്റിലുകൾ പ്രദർശനത്തിന് നൽകുമെന്നും ‘ടീം തിണ്ടിസ്’ ഭാരവാഹികളിൽ ഒരാളായ സമീർ ഡയാന മലബാർ ന്യൂസിനോട് പറഞ്ഞു.

Most Read: ഗുജറാത്ത് നിയമസഭയിൽ ടീഷർട്ട് ധരിച്ചു; എംഎൽഎയെ പുറത്താക്കി സ്‌പീക്കർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE