പ്രശാന്ത് ഭൂഷണ്‍ കേസ്; ഇന്നുണ്ടാകുന്ന വിധിയിലേക്ക് നയിച്ച ട്വീറ്റുകളും ചില ചിന്തകളും

By Esahaque Eswaramangalam, Chief Editor
  • Follow author on
CJI BOBDE IN HARLEY DAVIDSON_Malabar News
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ, രോഹിത് സോൻബാജിയുടെ ബൈക്കിൽ
Ajwa Travels

ന്യൂ ഡെല്‍ഹി: സമൂഹ മാദ്ധ്യമമായ ട്വിറ്ററിലൂടെ നടത്തിയ രണ്ട് അഭിപ്രായ പ്രകടനങ്ങള്‍ സുപ്രീം കോടതിക്കും ജസ്റ്റിസുമാര്‍ക്കും എതിരാണെന്ന പേരില്‍ വിവാദത്തില്‍ പെട്ട സുപ്രീം കോടതി അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷന്റെ കേസില്‍ ഇന്ത്യയുടെ പരമോന്നത നീതി പീഠം ഇന്ന് വിധി പറയും. പ്രസ്തുത അഭിപ്രായ പ്രകടനങ്ങള്‍ ഗുരുതരമായ കോടതിയലക്ഷ്യം ആണെന്നാണ് സുപ്രീംകോടതി പറയുന്നത്. 2020 ജൂണ്‍ 27നും 29നും ഭൂഷണ്‍ സമൂഹ മാദ്ധ്യമത്തില്‍ രേഖപ്പെടുത്തിയ വിവാദമായ ആ വാക്കുകള്‍;

2020 ജൂണ്‍ 27: ‘അടിയന്തരാവസ്ഥയില്ലാതെ തന്നെ കഴിഞ്ഞ ആറുവര്‍ഷം ഇന്ത്യയില്‍ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്ന് ചരിത്രകാരന്മാര്‍ തിരിഞ്ഞു നോക്കിയാല്‍ അതില്‍ സുപ്രീംകോടതിയുടെ, പ്രത്യേകിച്ച് അവസാനത്തെ നാലു ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും’.

2020 ജൂണ്‍ 29: ‘ജനങ്ങള്‍ക്കു നീതി നിഷേധിച്ചുകൊണ്ട്, സുപ്രീംകോടതി അടച്ചിട്ട ചീഫ് ജസ്റ്റിസ്, ബി.ജെ.പി. നേതാവിന്റെ മകന്‍ ഉടമയായ 50 ലക്ഷം രൂപയുടെ ബൈക്കില്‍ ഹെല്‍മെറ്റും മുഖാവരണവുമില്ലാതെ ഇരിക്കുന്നു’

രണ്ടു ട്വീറ്റുകള്‍, രണ്ടു വ്യത്യസ്ത സാഹചര്യങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ്. ഒന്നാമത്തേത്; കഴുത്ത് ഞെരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും നാളെ എങ്ങോട്ട് എത്തുമെന്ന, ഏതൊരു ജനാധിപത്യ-മതേതര വിശ്വാസിയുടെയും ഉള്ളിലുള്ള ആധിയെ അടയാളപ്പെടുത്തുന്ന / പ്രതിഫലിപ്പിക്കുന്ന വരികളായിരുന്നു. അങ്ങിനെ സംഭവിച്ചാല്‍, അതിലെ സുപ്രീം കോടതിയുടെ പങ്ക് നാളെ ചരിത്രകാരന്മാര്‍ എങ്ങനെ രേഖപ്പെടുത്തിയേക്കും എന്നതും പ്രസ്തുത വരികള്‍ പറയുന്നുണ്ട്.

Justice bobde with harley davidson bike

ജസ്റ്റിസ് ഹാര്‍ലിയില്‍ – ജസ്റ്റിസ് എസ്.എ ബോബ്ഡേ

പ്രശാന്ത് ഭൂഷണ്‍ നടത്തിയ രണ്ടാമത്തെ സമൂഹ മാദ്ധ്യമ രേഖപ്പെടുത്തലില്‍ ഉള്ള വിഷയം, ഇന്ത്യയുടെ പരമോന്നത നീതിപീഠ ന്യായാധിപന്‍ എസ്.എ ബോബ്‌ഡേ അദ്ദേഹത്തിന്റെ നാടായ നാഗ്പൂരില്‍ ഏകദേശം 50 ലക്ഷം രൂപ വില വരുന്ന ഒരു ബൈക്കില്‍ ഇരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ടാണ്. ഛത്തീസ് ഗഢ് സംസ്ഥാനത്തെ ഒരു ആര്‍.ടി.ഒ-ക്ക് കീഴില്‍ CG-07-BP-0015 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്തതാണ് ഈ ബൈക്ക്. ഛത്തീസ് ഗഡിലും മഹാരാഷ്ട്രയിലും അറിയപ്പെടുന്ന ബിജെപി നേതാവും സംഘപരിവാര്‍ ആശയ പ്രചാരകനുമായ സോന്‍ബാ മുസാലെയുടെ മകനും മുസാലെ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്റ്ററുമായ രോഹിത് സോന്‍ബാജി മുസാലെയുടെ ഉടമസ്ഥതയിലാണ് ബൈക്ക്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ സാവ്നെര്‍ (Saoner)ല്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച വ്യക്തിയാണ് സോന്‍ബ മുസാലെ.

Sonba Musale
സോന്‍ബാ മുസാലെ

ഇന്ത്യയുടെ 47-ാമത് നീതിപീഠ ന്യായാധിപനായ ശരദ് അരവിന്ദ് ബോബ്‌ഡേയെ, ഇത്തരമൊരാളുടെ മകന്റെ ബൈക്കില്‍ കാണുമ്പോള്‍ ഏതൊരു നീതിബോധമുള്ള മനുഷ്യനും ഉണ്ടായേക്കാവുന്ന ആശങ്കയാണ് രണ്ടാമത്തെ സമൂഹ മാദ്ധ്യമ വരികള്‍. ഈ ചിത്രത്തിന് മറ്റ് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. പരിസരത്തുള്ള മിക്കവരും കോവിഡ് പ്രതിരോധ മാസ്‌ക് ധരിച്ചപ്പോള്‍ ഇദ്ദേഹം അത് ധരിച്ചിട്ടില്ല. ഹെല്‍മെറ്റും വെച്ചിട്ടില്ല. താന്‍ ഇന്ത്യാ മഹാ രാജ്യത്തിലെ പരമോന്നത ന്യായധിപനാണ് എന്നദ്ദേഹം എല്ലാ അര്‍ത്ഥത്തിലും മറന്നതായി മനസ്സിലാക്കാവുന്ന ഒരു ഫോട്ടോയാണിത്.

ഈ രണ്ടു വ്യത്യസ്ത വിഷയങ്ങളില്‍ പ്രശാന്ത് ഭൂഷണ്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. നീതിനിര്‍വഹണത്തിന് അവമതിപ്പുണ്ടാക്കുന്നതും സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റിസുമാരുടെയും അന്തസ്സിനെയും അധികാരത്തെയും അപമാനിക്കുന്നതുമാണ് ഈ സമൂഹ മാദ്ധ്യമ അഭിപ്രായ പ്രകടനങ്ങളെന്ന് പ്രശാന്ത് ഭൂഷനെതിരെ കേസെടുത്ത വേളയില്‍ സുപ്രീം കോടതി പരാമര്‍ശിക്കുന്നത് വരെ കാര്യങ്ങളെത്തി.

 

കേസില്‍ മാപ്പ് പറയാനുള്ള അവസരം പ്രശാന്ത് ഭൂഷന് സുപ്രീംകോടതി നല്‍കിയിരുന്നു. 2020 ഓഗസ്റ്റ് 14ന് ഈ അവധി അവസാനിച്ചു. മാപ്പ് പറഞ്ഞ് സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ കേസ് തീര്‍പ്പാക്കുമെന്നാണ് സുപ്രിംകോടതി അന്ന് അറിയിച്ചിരുന്നത്. കോടതിയലക്ഷ്യത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയായ 6 മാസം തടവ് സ്വീകരിക്കാന്‍ താന്‍ തയ്യാറാണ് എന്നും മാപ്പ് പറയാന്‍, താന്‍ തെറ്റ് ചെയ്തിട്ടില്ല എന്നുമാണ് പ്രശാന്ത് ഭൂഷണ്‍ നിലപാട് എടുത്തത്. തുടര്‍ന്ന് കേസ് മുന്നോട്ടു പോകുകയും, ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി.ആര്‍. ഗാവി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന് മുന്നില്‍ നടന്ന നിരവധി വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ ‘പ്രശാന്ത് ഭൂഷണ്‍ ചെയ്തത് കോടതിയലക്ഷ്യമാണ്’ എന്ന 108 പേജ് വരുന്ന വിധിയിലേക്ക് എത്തിച്ചേരുകയും ചെയ്തു. ശിക്ഷ ഇന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതി പ്രസ്താവിക്കും.

SA Bobde harley davidson bike details
                    ബൈക്ക് രജിസ്‌ട്രേഷന്‍ ഡീറ്റയില്‍സ്

സുപ്രീംകോടതിയുടെ ഈ ഇടപെടല്‍ വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ‘കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ് ഇനീഷ്യേറ്റീവ്’ പോലും വിശേഷിപ്പിച്ച കേസിലാണ് ഇന്ന് ശിക്ഷാ വിധി പറയുക. 12 ജഡ്ജിമാര്‍ ഉള്‍പ്പെടെ മുവ്വായിരത്തോളം പ്രമുഖര്‍ പ്രശാന്ത് ഭൂഷന് പിന്തുണയുമായി രംഗത്തെത്തിയ വിഷയം കൂടിയാണ് ഈ കേസ്.

ഇത്തരത്തിലുള്ള പലവിധ കാരണങ്ങളാല്‍ പ്രസക്തമായ ഈ കേസിന്റെ ശിക്ഷാ വിധിയിലേക്ക് രാജ്യവും അന്താരാഷ്ട്ര സംഘടനകളും ഉറ്റുനോക്കുകയാണ്. ഇന്നത്തെ വിധിയെ മാനിച്ചിരിക്കും; പ്രശാന്ത് ഭൂഷന്റെ രണ്ടു ട്വീറ്റുകളെ ചരിത്രം എങ്ങനെയാകും സമീപിക്കുക എന്നത്. പരമോന്നത നീതി പീഠത്തില്‍ നിന്ന് ഉണ്ടാകുന്ന ശിക്ഷാ വിധി കോടതിയുടെ അന്തസ്സിനും യശസ്സ് ഉയര്‍ത്തുന്നതിനും കാരണമാകുമോ അതോ നീതിപീഠവും ജസ്റ്റിസുമാരും അഭിപ്രായ പ്രകടനകള്‍ കൊണ്ട് പോലും ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ‘സിസ്റ്റം’ ആണെന്ന ഭയം രാജ്യമാകാമാനം വിതച്ചിടാനുള്ള വിധിയാകുമോ എന്നതാണ് ഇന്ന് കാണാനിരിക്കുന്നത്.

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE