കൊച്ചി: പോപ്പുലർ ഫ്രണ്ട് നിരോധന കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് കൊച്ചി എൻഐഎ കോടതിയിൽ അന്തിമ റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. 59 പേരാണ് പ്രതിപട്ടികയിൽ ഉള്ളത്. പാലക്കാട് ശ്രീനിവാസൻ കേസിലെ പ്രതികളെ കൂടി ഉൾപ്പെടുത്തിയാണ് 30,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
അതീവ ഗൗരവകരമായ ആരോപണങ്ങളാണ് കേസിൽ പ്രതികൾക്ക് എതിരെ എൻഐഎ ആരോപിക്കുന്നത്. ഭീകരസംഘടനായ ഐഎസിന്റെ അടക്കം പിന്തുണയോടെ രാജ്യത്ത് അരക്ഷിതാവസ്‌ഥ ഉണ്ടാക്കാനായിരുന്നു പിഎഫ്ഐ നീക്കം. റിപ്പോർട്ടിങ് വിങ്, ഫിസിക്കൽ ആൻഡ് ആംഡ് ട്രെയിനിങ് വിങ്, സർവീസ് വിങ് തുടങ്ങിയ വിഭാഗങ്ങൾ രൂപീകരിച്ചു പ്രവർത്തനം നടത്തിയെന്നും എൻഐഎ കുറ്റപത്രത്തിലുണ്ട്.
ഇതര മതസ്‌ഥരെ പട്ടിക തയാറാക്കി കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി, ജനങ്ങൾക്കിടയിൽ മതസ്‌പർധ ഉണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു, ജനാധിപത്യത്തെ ഇല്ലാതാക്കി 2047ൽ ഇസ്‌ലാമിക ഭരണം കൊണ്ടുവരാൻ ശ്രമിച്ചു എന്നിങ്ങനെയാണ് കുറ്റപത്രത്തിലെ പരാമർശങ്ങൾ. കൂടാതെ, കേരളത്തിലെ ഇതര മതസ്‌ഥരായ വ്യക്‌തികളെ ഇല്ലാതാക്കാൻ ശ്രമിച്ചെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നുണ്ട്.
പിഎഫ്ഐക്ക് എതിരായ ഏത് ആക്രമണത്തിനും തിരിച്ചടി നൽകാനും പ്രതികാരം ചെയ്യാനും കേഡറിനെ സജ്‌ജമാക്കാൻ ഭാരവാഹികൾ ഗൂഢാലോചന നടത്തി, നേതൃത്വത്തിനെ തീരുമാനങ്ങളെ അടിസ്‌ഥാനമാക്കി മുൻകൂട്ടി തിരഞ്ഞെടുത്ത വ്യക്‌തികളെ ഇല്ലാതാക്കാൻ പിഎഫ്ഐ ആയുധ പരിശീലന വിങ് ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളും കുറ്റപത്രത്തിലുണ്ട്.
പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന നേതാവായിരുന്ന കരമന അഷ്‌റഫ് മൗലവിയാണ് കേസിൽ ഒന്നാം പ്രതി. 59 പ്രതികൾ, 800 സാക്ഷികൾ, 1494 തെളിവ് രേഖകൾ, 638 മാരകായുധങ്ങൾ ഉൾപ്പടെയുള്ള മേറ്റിരിയൽ ഒബ്‌ജക്‌ടുകൾ അടക്കം 30,000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
Most Read: കെടിയു സിൻഡിക്കേറ്റ് തീരുമാനങ്ങൾ; ഗവർണറുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി