ഗവർണർക്ക് നേരെ പ്രതിഷേധം; പോലീസിന് വീഴ്‌ച ഉണ്ടായെന്ന് രാജ്ഭവൻ- റിപ്പോർട് തേടും

പ്രതിഷേധത്തിന്റെ ദൃശ്യങ്ങളടക്കം ചേർത്ത് സിറ്റി പോലീസ് കമ്മീഷണർ ഇന്ന് ഡിജിപിക്ക് റിപ്പോർട് നൽകും. രാജ്‌ഭവൻ മുതൽ എയർപോർട് വരെയുള്ള യാത്രക്കിടെ മൂന്നിടത്താണ് ഇന്നലെ എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കെതിരെ പ്രതിഷേധം നടത്തിയത്.

By Trainee Reporter, Malabar News
governor
Ajwa Travels

തിരുവനന്തപുരം: പേട്ട പള്ളിമുക്കിൽ ഗവർണർക്ക് എതിരായ എസ്എഫ്ഐ പ്രതിഷേധത്തിൽ രാജ്ഭവൻ ഇന്ന് സർക്കാരിനോട് റിപ്പോർട് തേടിയെയും. കാറിന് മേൽ പ്രതിഷേധക്കാർ ചാടി വീണ സംഭവത്തിൽ ഗുരുതര വീഴ്‌ച ഉണ്ടായെന്ന് ഗവർണർ പരസ്യമായി വിമർശിച്ചിരുന്നു. സംഭവത്തിൽ കേന്ദ്ര സർക്കാരും റിപ്പോർട് ആവശ്യപ്പെട്ടേക്കും.

ഇതിനിടെ, പ്രതിഷേധത്തിന്റെ ദൃശ്യങ്ങളടക്കം ചേർത്ത് സിറ്റി പോലീസ് കമ്മീഷണർ ഇന്ന് ഡിജിപിക്ക് റിപ്പോർട് നൽകും. രാജ്‌ഭവൻ മുതൽ എയർപോർട് വരെയുള്ള യാത്രക്കിടെ മൂന്നിടത്താണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കെതിരെ പ്രതിഷേധം നടത്തിയത്. പാളയം, ജനറൽ ആശുപത്രി, പേട്ട എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. പാളയത്ത് എസ്എഫ്‌ഐക്കാർ ഗവർണറുടെ വാഹനത്തിലിടിച്ചുവരെ പ്രതിഷേധിച്ചിരുന്നു.

പിന്നാലെ ജനറൽ ആശുപത്രി പരിസരത്തും ഒടുവിൽ പേട്ട പോലീസ് സ്‌റ്റേഷനു സമീപവും പ്രതിഷേധക്കാർ വാഹനത്തിന് നേരെ പാഞ്ഞടുത്തു പ്രതിഷേധിച്ചു. ഇതോടെ വാഹനം നിർത്തി ഗവർണർ കാറിൽ നിന്ന് പുറത്തേക്കിറങ്ങി പ്രതിഷേധക്കാരുടെ അടുത്തേക്ക് നീങ്ങി. പ്രതിഷേധക്കാർക്കും പോലീസിനും മുഖ്യമന്ത്രിക്കുമെതിരെ ക്ഷുഭിതനായി ഗവർണർ പ്രതികരിച്ചു. ഗവർണർ കാറിൽ നിന്ന് ഇറങ്ങിയതോടെ പ്രതിഷേധക്കാർ ചിതറിയോടി. സംഭവത്തിൽ പോലീസ് 19 പേരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

എസ്എഫ്ഐ പ്രതിഷേധത്തിൽ പോലീസിന് വീഴ്‌ചയുണ്ടായെന്നാണ് രാജ്‌ഭവൻ വ്യക്‌തമാക്കുന്നത്. നടന്നത് ഗുരുതര പ്രോട്ടോകോൾ ലംഘനമാണെന്നും, പോലീസ് നടപടി പരിശോധിച്ച ശേഷം ഇടപെടുമെന്നും രാജ്ഭവൻ അറിയിച്ചിരുന്നു. ഗവർണറെ തടഞ്ഞു നിർത്തുന്നതിനപ്പുറം ആക്രമിക്കാൻ കൂടി ശ്രമിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അവസാന നിമിഷം ഗവർണറുടെ റൂട്ട് മാറ്റിയിട്ടും പ്രതിഷേധങ്ങൾ എങ്ങനെയുണ്ടായെന്ന് രാജ്ഭവൻ ആശങ്കയോട് കൂടിയാണ് കാണുന്നത്.

സംസ്‌ഥാനത്ത്‌ ഗവർണർക്ക് സഞ്ചരിക്കാനും സുരക്ഷയും അടക്കമുള്ള ആശങ്ക സർക്കാരിനെ രാജ്ഭവൻ അറിയിക്കും. അറസ്‌റ്റിലായ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ എഫ്ഐആർ എടുത്തതിൽ പിഴവുകൾ ഉണ്ടായിട്ടുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ വകുപ്പ് പ്രകാരം മാത്രമാണ് നിലവിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത്. അതേസമയം, ഗവർണർക്കെതിരായ പ്രതിഷേധ സാഹചര്യത്തിൽ ഡെൽഹിയിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഗവർണർക്ക് അകമ്പടിയായി ഡെൽഹി പോലീസിന്റെ രണ്ടംഗ കമാൻഡോ സംഘത്തെയും ഉൾപ്പെടുത്തും.

Most Read| ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ചു സുപ്രീം കോടതി; കേന്ദ്രത്തിന് ആശ്വാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE