കണ്ണൂർ: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ സി സജേഷിനെ കസ്‌റ്റംസ് ചോദ്യം ചെയ്യും. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്ന സജേഷിന് കസ്‌റ്റംസ് നോട്ടീസ് നൽകി.
അർജുൻ ആയങ്കിയുമായുള്ള ബന്ധത്തെ തുടർന്ന് സജേഷിനെ ഡിവൈഎഫ്‌ഐ പുറത്താക്കിയിരുന്നു. അർജുൻ ഉപയോഗിച്ച കാർ സജേഷിന്റേതാണെന്ന് വ്യക്‌തമായതിന്റെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യൽ. അതേസമയം, കരിപ്പൂരിൽ 2.33 കിലോ സ്വർണവുമായി അറസ്‌റ്റിലായ മുഹമ്മദ് ഷെഫീഖിനെയും അർജുൻ ആയങ്കിയെയും ഇന്ന് ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. മുഹമ്മദ് ഷെഫീഖിനെ കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസിലെത്തിച്ചാണ് ചോദ്യംചെയ്യുക.
ഷെഫീഖ് മൊഴി നൽകിയ മൂന്ന് പേരിലേക്കും അന്വേഷണം വ്യാപിക്കും. കരിപ്പൂരിലെ സ്വർണക്കടത്ത് കേസുകളിൽ കൂടുതൽ തുമ്പുണ്ടാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.
ജലീൽ, സലിം മുഹമ്മദ്, അർജുൻ എന്നിവരുടെ പേരുകളാണ് ഷെഫീഖിന്റെ മൊഴിയിൽ ഉള്ളത്. ഇവരെ കേന്ദ്രീകരിച്ചും സ്വര്‍ണത്തിന്റെ ഉറവിടം കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷെഫീഖിൽ നിന്ന് പിടിച്ചെടുത്ത ഫോണിൽ നിന്നും സ്വര്‍ണക്കടത്ത് സംബന്ധിച്ച് കസ്‌റ്റംസിന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. അർജുൻ ഇന്നലെ നൽകിയ മൊഴികളിലും ചില നിർണായക തെളിവുകൾ ലഭിച്ചു. ഇതാണ് ഇയാളുടെ അറസ്‌റ്റിലേക്ക് വഴിവെച്ചതും. അർജുനെ കസ്‌റ്റംസ് ഇന്ന് കോടതിയിൽ ഹാജരാക്കി കസ്‌റ്റഡി അപേക്ഷ നൽകും.
Also Read: വിവാദ ഭൂപടം; ട്വിറ്റർ ഇന്ത്യ എംഡിക്കെതിരെ കേസ്; മൂന്ന് വർഷം വരെ തടവ് ലഭിച്ചേക്കാം