ചികിൽസാ പിഴവ് സംഭവിച്ചിട്ടില്ല, അപമാനിക്കുമെന്ന് അനന്യ വെല്ലുവിളിച്ചു; റിനൈ മെഡിസിറ്റി

By Desk Reporter, Malabar News
Renai-Medicity on Ananya-Kumari's death

കൊച്ചി: ട്രാൻസ് യുവതി അനന്യ കുമാരി അലക്‌സിന്റെ മരണത്തിൽ ആശുപത്രിക്ക് എതിരെ ആരോപണം ശക്‌തമാകുമ്പോൾ വിശദീകരണവുമായി റിനൈ മെഡിസിറ്റി അധികൃതർ. അനന്യ ആരോപിച്ചത് പോലുള്ള പിഴവ് ചികിൽസയില്‍ സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് കണ്ടെത്തി അത് അനന്യയെ ബോധ്യപ്പെടുത്തിയതാണ് എന്ന് റിനൈ മെഡിസിറ്റി വിശദീകരണകുറിപ്പില്‍ പറയുന്നു. റിനൈ മെഡിസിറ്റിയേയും ഡോ. അര്‍ജുന്‍, ഡോ. മധു, മറ്റ് ആശുപത്രി ഉദ്യോഗസ്‌ഥര്‍ എന്നിവരെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും സുഹൃത്ത് വലയത്തിലൂടെയും അപമാനിക്കുമെന്ന് അനന്യ വെല്ലുവിളിച്ചിരുന്നെന്നും ആശുപത്രി പിആര്‍ഒ ആരോപിച്ചു.

അനന്യയുടെ സര്‍ജറി ഒരു വര്‍ഷം മുമ്പ് പൂര്‍ത്തിയായതാണ്. ഡോ. അര്‍ജുന്‍ അശോകന്റെ കീഴില്‍ എസ്ആർഎസ് ((Sex Reassignment Surgery) ചെയ്‌ത്‌ സംതൃപ്‌തരായ അവരുടെ സുഹൃത്തുക്കള്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് അവര്‍ റിനൈ മെഡിസിറ്റിയില്‍ ചികിൽസക്ക് എത്തിയത്.

ലഭ്യമായേക്കാവുന്ന ഫലപ്രാപ്‌തിയേയും ഉടലെടുത്തേക്കാവുന്ന സങ്കീര്‍ണതകളെയും ആവശ്യമായി വന്നേക്കാവുന്ന തുടര്‍ ചികിൽസകളെപറ്റിയും അനന്യ ബോധ്യവതിയായിരുന്നു. നടപടിക്രമങ്ങള്‍ അനുസരിച്ച് മനശാസ്‌ത്ര കൗണ്‍സിലിങ് ഉൾപ്പടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചതിന് ശേഷമാണ് അനന്യ ശസ്‌ത്രക്രിയക്ക് വിധേയയായത്.

ശസ്‌ത്രക്രിയാനന്തരം ആറ് ദിവസത്തിനുശേഷം Intestinal obstruction എന്ന ഒരു സങ്കീര്‍ണത ഉടലെടുക്കുകയും അത് യഥാസമയം മറ്റൊരു പ്രൊസീജിയറിലൂടെ പരിഹരിക്കുകയും ചെയ്‌തിരുന്നു. ഇത് ഏതൊരു വ്യക്‌തിക്കും ശസ്‌ത്രക്രിയാനന്തരം ഉടലെടുക്കാവുന്ന ഒരു സങ്കീര്‍ണതയാണെന്നുള്ള വസ്‌തുത അനന്യ അംഗീകരിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാർജായി പോകുമ്പോഴും അതിന് ശേഷവും തനിക്ക് ലഭിച്ച ഫലപ്രാപ്‌തിയില്‍ അനന്യ സംതൃപ്‌തയായിരുന്നു. മാത്രമല്ല ചികിൽസ നല്‍കിയ ഡോക്‌ടർമാരോടുള്ള സ്‌നേഹവും കൃതജ്‌ഞതയും പങ്കുവെച്ചിരുന്നതുമാണ്.

എന്നാല്‍ ആറേഴ് മാസത്തിന് ശേഷം അനന്യ പരാതിയുമായി എത്തി. ചികിൽസാ പിഴവാണെന്ന രീതിയില്‍ അനന്യ പരാതി നല്‍കുകയും വന്‍തുക നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ഈ പരാതി ഒരു മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്ന അവരുടെ ആവശ്യം ആശുപത്രി അംഗീകരിച്ചു. എന്നാല്‍ വിശദമായി പരിശോധിച്ച ശേഷം മെഡിക്കല്‍ ബോര്‍ഡ് അനന്യ ആരോപിച്ചതുപോലുള്ള യാതൊരുവിധ ചികിൽസാ പിഴവും ചികിൽസയില്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ക്കപ്പോള്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് കണ്ടെത്തുകയും അതവരെ ബോധ്യപ്പെടുത്തുകയും ചെയ്‌തു.

അവര്‍ക്ക് ആശുപത്രിയുടെ തീരുമാനത്തില്‍ തൃപ്‌തിയില്ലെങ്കില്‍ അവര്‍ അറിയിച്ചതനുസരിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകുവാന്‍ അവരുടെ ചികിൽസാ രേഖകള്‍ നല്‍കുന്നതുള്‍പ്പടെ ആശുപത്രിയുടെ നയമനുസരിച്ചുള്ള എല്ലാ സഹായവും ചെയ്യാമെന്നും ഞങ്ങള്‍ വാഗ്‌ദാനം ചെയ്‌തിരുന്നതാണ്.

എന്നാല്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും യാതൊരുവിധ ചികിൽസാ പിഴവും ഇല്ലാത്തതിനാല്‍ നിയമപരമായ പരിരക്ഷ ലഭിക്കില്ല എന്നറിയിച്ചുകൊണ്ട് അനന്യ വീണ്ടും ഞങ്ങളെ സമീപിച്ചു. കൂടാതെ അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അറിയിച്ചപ്പോള്‍ അത്യാവശ്യമായി വേണ്ട തുടര്‍ചികിൽസകള്‍ നല്‍കാമെന്ന് മാനേജ്മെന്റ് വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ അനന്യയുടെ മറ്റ് ചില ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ തങ്ങള്‍ക്ക് സാധ്യമല്ലെന്നും അതിന് യാതൊരുവിധ ബാധ്യതകളും ഞങ്ങള്‍ക്കില്ലെന്നും ഞങ്ങള്‍ ബോധ്യപ്പെടുത്തി.

റിനൈ മെഡിസിറ്റിയേയും ഡോ. അര്‍ജുന്‍, ഡോ. മധു, മറ്റ് ആശുപത്രി ഉദ്യോഗസ്‌ഥർ എന്നിവരെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും സുഹൃത്ത് വലയത്തിലൂടെയും അപമാനിക്കുമെന്ന് വെല്ലുവിളിച്ചാണ് അനന്യ അതിനോട് പ്രതികരിച്ചത് എന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Most Read:  ‘രാജിവെയ്‌ക്കാന്‍ തയ്യാറായില്ലെങ്കില്‍ പുറത്താക്കണം’; എകെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE