സ്‌കൂൾ അധികൃതർ ഏർപ്പെടുത്തിയത് കരിമ്പട്ടികയിലുള്ള ബസ്! അപകട സമയ സ്‌പീഡ്‌ 100നടുത്ത്

നിയമവിരുദ്ധമായ ബസ് റോഡിലിറക്കാൻ പ്രേരിപ്പിച്ച ഉടമക്കെതിരെയും സ്‌കൂൾ കോളേജ് വിനോദയാത്രാ നിബന്ധനകൾ ലംഘിച്ച സ്‌കൂൾ അധികൃതർക്ക് എതിരെയും കർശന നിയമ നടപടികൾ വേണമെന്ന ആവശ്യം ഉയരുകയാണ്.

By Central Desk, Malabar News
School booked blacklisted bus ! accident time speed around 100
Ajwa Travels

തൃശൂർ: അഞ്ചു വിദ്യാർഥികളുടെയും ഒരു അധ്യാപകന്റെയും കെഎസ്ആർടിസിയിലെ യാത്രക്കാരായ മൂന്നു പേരുടെയും മരണത്തിനും 60 പേരുടെ പരുക്കിനും കാരണമായ ബസ് കരിമ്പട്ടികയിൽ കയറിയതാണ്!

ടൂറിസം വകുപ്പ് അംഗീകാരം നൽകിയ ടൂർ ഓപ്പറേറ്റർമാരുടെ ലിസ്‌റ്റിൽ നിന്നുള്ള ബസുകൾ മാത്രമേ വിനോദ, പഠന യാത്രക്ക് ഉപയോഗിക്കാവു എന്നതും വിദ്യാർഥികളുമായി വിനോദ യാത്ര പോകുന്ന ഏതൊരു വാഹനവും റീജണൽ ട്രാൻസ്‌പോർട് ഓഫിസുകളിൽ കാണിച്ച് യോഗ്യതാ സർട്ടിഫിക്കറ്റ് നേടണമെന്ന നിയമം ഉൾപ്പടെ ഒന്നുംതന്നെ ബസ് ഉടമയോ ഡ്രൈവറോ സ്‌കൂൾ അധികൃതരോ പാലിച്ചിട്ടില്ല!

ഇതുകൊണ്ട് തന്നെ, ഇത്തരമൊരു ബസ് വിനോദയാത്രക്കായി ഏൽപിച്ച സ്‌കൂൾ അധികൃതരെയും രക്ഷാകർതൃ സമിതിയെയും കേസിൽ പ്രതി ചേർക്കണമെന്ന ആവശ്യം സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പടെ ശക്‌തമാകുകയാണ്.

ഗതാഗത നിയന്ത്രണ ഉപകരണം (സ്‌പീഡ്‌ ഗവർണർ) ഇല്ലാത്ത ഈ ബസ് അപകടത്തിൽ പെടുന്ന സമയത്തുള്ള സ്‌പീഡ്‌ മണിക്കൂറിൽ 97 കിലോമീറ്ററിന് മുകളിലായിരുന്നു. ബസിൽ അകത്തും പുറത്തുമായി എല്ലാ നിയമങ്ങളും കാറ്റിൽപറത്തുന്ന നൂറുകണക്കിന് ലൈറ്റുകളും ഫിറ്റ് ചെയ്‌തിട്ടുണ്ട്‌. അവിടെയും തീർന്നില്ല, അഞ്ചു അപകട കേസുകളിൽ ഈ ബസ് ഉൾപ്പെട്ടിട്ടുണ്ട്.

ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് പോലും യോഗ്യതയില്ലാത്ത ഈ ബസിനെ ഗതാഗതവകുപ്പും വിദ്യാഭ്യസ വകുപ്പും കോടതിയും പുറത്തിറക്കിയ എല്ലാ ഉത്തരവുകളും ലംഘിച്ച് ബുക്ക് ചെയ്‌തത്‌ സ്‌കൂൾ അധികൃതർ! സ്‌കൂൾ ടൂറുകൾക്ക് പാലിക്കേണ്ട നിബന്ധനകൾ ഈ വർഷം ജൂലൈ 7ന് ഗതാഗത കമ്മിഷണർ അതാത് വിദ്യാഭ്യാസ ഡയറക്‌ടർമാർക്ക് നൽകിയിരുന്നു. ഈ ഉത്തരവ് പോലും ഗൗനിക്കാതെയാണ് സ്‌കൂൾ അധികൃതർ  ബസ് ഏർപ്പെടുത്തിയത്.

സ്‌കൂൾ കോളജ് വിദ്യാർ‌ഥികളുടെ വിനോദ, പഠന യാത്രകളിൽ അനധികൃതമായി രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകളും ഹോണുകളും ഘടിപ്പിച്ചതും സ്‌പീഡ്‌ ഗവർണർ ഇല്ലാത്തതുമായ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് ഗതാഗത കമ്മിഷണറുടെ ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഇത്തരമൊരു ബസ് വിനോദയാത്രക്ക്‌ ഏൽപിക്കാൻ അടിസ്‌ഥാന കാരണക്കാരായ സ്‌കൂൾ അധികൃതരെയും രക്ഷാകർതൃ സമിതിയെയും കേസിൽ പ്രതിചേർക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്നുയരുന്നുണ്ട്.

സ്വമേധയാ കേസെടുത്ത്, ഉത്തരവാദികളായ ഉദ്യോഗസ്‌ഥർ നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട ഹൈകോടതി ചോദിച്ചു ഈ ബസിന് ആരാണ് റോഡിലിറങ്ങാൻ ആവശ്യമായ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ നൽകിയത്?.

ഈ ചോദ്യത്തിന് ഉത്തരം പറയാൻ ജസ്‌റ്റിസ്‌ അനിൽ കെ നരേന്ദ്രൻ, ജസ്‌റ്റിസ്‌ പിജി അജിത്കുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന് മുന്നിൽ നാളെ ഹാജരാകുന്ന ഉദ്യോഗസ്‌ഥർ കോട്ടയം പാലാ സ്വദേശിയായ ബസ് ഉടമയുടെയും ബസേലിയസ് വിദ്യാനികേതൻ സ്‌കൂൾ അധികൃതരുടെയും ഉന്നതബന്ധങ്ങൾക്ക് എങ്ങനെ വഴിപ്പെടുമെന്ന ആകാംക്ഷയിലാണ് കേരളം.

Related Read: വടക്കഞ്ചേരിയിൽ ബസപകടം: 9 മരണം; 15ഓളം പേരുടെ പരുക്ക് ഗുരുതരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE