മലപ്പുറം: ബഫർ സോൺ വിഷയത്തിൽ ആശങ്ക അകലാതെ മലപ്പുറത്തെ മലയോര ജനത. വനം വകുപ്പ് പുറത്തുവിട്ട ഭൂപട പ്രകാരം മലപ്പുറം ജില്ലയിലെ ആറ് പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ ബഫർസോണിൽ ഉൾപ്പെടുമെന്നാണ് സൂചന. ഇതേ തുടർന്ന് മലപ്പുറത്തെ മലയോര ജനത കടുത്ത ആശങ്കയിലാണ്.
വനം വകുപ്പ് പുറത്തുവിട്ട ഭൂപട പ്രകാരം ചോക്കാട്, കരുവാരക്കുണ്ട്, കരുളായി, വഴിക്കടവ്, അമരമ്പലം, കാളികാവ് പഞ്ചായത്തുകളിലെ പ്രദേശങ്ങളാണ് പരിസ്‌ഥിതിലോല മേഖലയിൽ വരുന്നത്. ഇതിൽ കരുളായി, അമരമ്പലം, വഴിക്കടവ് പഞ്ചായത്തുകൾക്കും കീഴിൽ വരുന്ന പ്രദേശങ്ങൾ പൂർണമായി വനമേഖല ആണെന്നാണ് ഭൂപടം സൂചിപ്പിക്കുന്നത്.
എന്നാൽ, മറ്റ് മൂന്ന് പഞ്ചായത്തുകൾ ലോല മേഖലയിൽ ഉൾപ്പെടുമെന്നാണ് നിഗമനം. ഇക്കാര്യത്തിൽ വ്യക്‌തത വരണമെങ്കിൽ സർവേ നമ്പറുകൾ പ്രസിദ്ധപ്പെടുത്തണം. ഒരാഴ്‌ച്ചക്കകം ഇത് പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. നേരത്തെ പ്രസിദ്ധീകരിച്ച പരിസ്‌ഥിതി ലോല മേഖലയുടെ ആകാശ ഭൂപടം വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഇതിൽ 98 സർവേ നമ്പറുകൾ ഉൾപ്പെട്ടിരുന്നു. ഇതുപ്രകാരം ഏകദേശം 400 മുതൽ 500 വീടുകൾ നഷ്‌ടപ്പെടുമെന്നാണ് കണ്ടെത്തിയ കണക്ക്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റി സർക്കാർ കർഷകരുമായി ചർച്ച നടത്തണമെന്നും, കൂടുതൽ വിദഗ്‌ധ പഠനം നടത്തണമെന്നുമാണ് കർഷകരും പ്രതിപക്ഷ സംഘടനകളും ആവശ്യപ്പെടുന്നത്.
Most Read: കോവിഡ്; രാജ്യത്ത് ജാഗ്രത തുടരുന്നു- വിമാന താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന