തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില നേതാക്കള്‍ക്ക് പരാതിയുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പുനഃസംഘടനയില്‍ അതൃപ്‌തി അറിയിക്കാന്‍ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി ഡെൽഹിയിൽ എത്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് താരിഖ് അൻവറിന്റെ പ്രസ്‌താവന.
പുനഃസംഘടനയില്‍ ചില മുതിർന്ന നേതാക്കൾക്ക് പരാതിയുണ്ട്. അത് പരിഹരിക്കുന്നതിനായി സംസ്‌ഥാന നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുമെന്നും താരിഖ് അൻവർ വ്യക്‌തമാക്കി.
കെപിസിസി പുനഃസംഘടന നിര്‍ത്തിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി നാളെ സോണിയ ഗാന്ധിയെ കാണും. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുനഃസംഘടന നിര്‍ത്തിവെയ്‌ക്കണം എന്നാണ് ആവശ്യം.
പുതിയ കെപിസിസി നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തിലുള്ള അതൃപ്‌തിയും ഉമ്മന്‍ ചാണ്ടി അറിയിക്കും. നിലവില്‍ പാര്‍ട്ടി സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുനഃസംഘടന അനിവാര്യമല്ലെന്ന് ഉമ്മന്‍ ചാണ്ടി സോണിയ ഗാന്ധിയെ അറിയിക്കും. എ ഗ്രൂപ്പിന്റെ നിലപാടായിട്ടാണ് ഇക്കാര്യം അവതരിപ്പിക്കുക.
കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളെയൊന്നും പരിഗണിക്കാതെയാണ് നിലവിലുള്ള നേതൃത്വം മുന്നോട്ടുപോകുന്നത്. കെസി വേണുഗോപാല്‍ കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ഇടപെടുന്നതിലും ഉമ്മന്‍ ചാണ്ടിക്ക് പരാതിയുണ്ട്. ഹൈക്കമാന്‍ഡിനെ മുന്‍നിര്‍ത്തി കേരളത്തില്‍ അസ്വസ്‌ഥതയുണ്ടാക്കുന്ന ഇടപെടലാണ് കെസി വേണുഗോപാല്‍ ഉണ്ടാക്കുന്നതെന്നും പരാതികളുണ്ട്. പാര്‍ട്ടി പുനഃസംഘടനയില്‍ കൂടിയാലോചനകള്‍ ഇല്ലെന്ന ആരോപണം രമേശ് ചെന്നിത്തലയും ഉന്നയിച്ചിരുന്നു.
Most Read: രാജ്യത്ത് കഴിഞ്ഞ 20 വർഷങ്ങൾക്ക് ഇടയിൽ 1888 കസ്‌റ്റഡി മരണങ്ങൾ; റിപ്പോർട്