ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചുവെന്നാണ് ഇഡി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചു . മൂന്ന് മണിക്കൂറാണ് ഇന്ന് ചോദ്യം ചെയ്‌തത്. ഇതുവരെ 11 മണിക്കൂറാണ് സോണിയാ ഗാന്ധിയെ ഇഡി സംഘം ചോദ്യം ചെയ്‌തത്.
പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പമാണ് സോണിയ ഗാന്ധി ഇഡി ഓഫീസിലെത്തിയത്. തുടർച്ചയായി രണ്ടാം ദിവസമാണ് സോണിയയുടെ ചോദ്യംചെയ്യൽ. ഒരാഴ്‌ച മുൻപാണ് സോണിയയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചത്. വലിയ പ്രതിഷേധമാണ് ഇഡി നടപടികൾക്കെതിരെ കോൺഗ്രസ് ഉയർത്തുന്നത്.
സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്ന നടപടിയിൽ രാജ്‌ഭവന് മുന്നിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതിഷേധം നടത്തി. പ്രവർത്തകരെ മുഴുവൻ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. മുതിർന്ന നേതാക്കളായ വിഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കൾ രാജ്‌ഭവന് മുന്നിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു തുടർന്ന് അവരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. കേന്ദ്ര സർക്കാർ രാഷ്‌ട്രീയമായി കോൺഗ്രസ് നേതാക്കളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം. 100ഓളം നേതാക്കളെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങള്‍ സോണിയയോട് ചോദിച്ചതായാണ് വിവരം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്. എന്നാലിക്കാര്യങ്ങളിൽ തനിക്ക് വ്യക്‌തതയില്ലെന്ന മറുപടിയാണ് അവർ നൽകിയതെന്നാണ് വിവരം.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ