ന്യൂഡെൽഹി: ഹരിയാണയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറിനെ തുടർന്ന് സംഘർഷം. പ്രശ്‌നം രൂക്ഷമായതോടെ 2500ഓളം പേർ ആരാധനാലയത്തിൽ അഭയം പ്രാപിച്ചു. ഹരിയാണയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ റാലിക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതേത്തുടർന്ന് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സേവനങ്ങളും നിർത്തിവെച്ചു.
അക്രമികൾ കല്ലെറിയുകയും കാറുകൾക്ക് തീയിടുകയും ചെയ്‌തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്‌തു. സംഘർഷത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. ഒരാൾക്ക് വെടിയേൽക്കുകയും ചെയ്‌തു. വിഎച്ച്പി റാലിയിൽ ബജ്‌റംഗ് ദൾ പ്രവർത്തകനും ഗോരക്ഷകനുമായ മോനു മനേസറിന്റെ സാന്നിധ്യമാണ് അക്രമത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
രാജസ്‌ഥാനിൽ രണ്ടുപേർ കൊല്ലപ്പെട്ട കേസിൽ പോലീസ് തിരയുന്നയാളാണ് മോനു മനേസർ. വിഎച്ച്പിയുടെ ശോഭായാത്രക്ക് നേരെ കല്ലേറുണ്ടായതിന് പിന്നാലെ ഗുരുഗ്രാം-ആൾവാർ ദേശീയപാതയിലുള്ള നൂഹ് നഗരത്തിൽ അക്രമ സംഭവങ്ങൾ അരങ്ങേറുകയായിരുന്നു. ഇതേത്തുടർന്ന് സർക്കാർ വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടു. പോലീസിന് നേരെ കല്ലേറുണ്ടായി. അക്രമം നിയന്ത്രിക്കാൻ ആയിരത്തിലധികം പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. ജനങ്ങൾ വീടുകൾക്ക് ഉള്ളിൽ തന്നെ കഴിയണമെന്ന് പോലീസ് നിർദ്ദേശം നൽകി.
Most Read| 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തിര ധനസഹായമായി ഒരുലക്ഷം രൂപ; വീണാ ജോർജ്