മുന്നാക്ക സംവരണം ശരിവെച്ച് സുപ്രീംകോടതി; ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്‌താണ്‌ 5 അംഗങ്ങൾ അടങ്ങുന്ന ഭരണഘടനാ ബെഞ്ചിൽ 39 ഹരജികൾ എത്തിയത്.

By Central Desk, Malabar News
Supreme Court upholds forward reservation
Rep. Image
Ajwa Travels

ന്യൂഡൽഹി: തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി. ഭരണഘടനാ ബെഞ്ചിലെ അഞ്ചില്‍ മൂന്ന് ജഡ്‌ജിമാരാണ് സംവരണം ശരിവച്ചത്. ചീഫ് ജസ്‌റ്റിസ്‌ യുയു ലളിത്, ജസ്‌റ്റിസ്‌ എസ് രവീന്ദ്ര ഭട്ട് എന്നിവർ സംവരണത്തെ എതിർത്തു.

ബഞ്ചിന് നേതൃത്വം നല്‍കിയ ചീഫ് ജസ്‌റ്റിസ്‌ ഭൂരിപക്ഷ വിധിയോട് വിയോജിക്കുന്നത് അസാധാരണമാണെങ്കിലും ഭൂരിപക്ഷ വിധിയിലൂടെ സാമ്പത്തിക സംവരണം സുപ്രീംകോടതി അംഗീകരിച്ചത് കേന്ദ്ര സർക്കാരിന് വിജയമായി.

സംവരണം അനുവദിച്ചുള്ള ഭേദഗതി ഭരണഘടനയുടെ അടിസ്‌ഥാന തത്വത്തെ ബാധിക്കില്ലെന്നാണ് ബെഞ്ചിന്റെ ഭുരിപക്ഷ വിധി. എന്നാൽ മുന്നാക്ക സംവരണം ഭരണഘടനാ തത്വങ്ങൾക്ക് എതിരാണെന്ന് രവീന്ദ്ര ഭട്ട് വിധിയിൽ പറഞ്ഞു.

മുന്നാക്ക സംവരണം സംബന്ധിച്ച് 103ആമത്‌ ഭരണഘടനാ ഭേദഗതിയുടെ നിയമസാധുത ചോദ്യം ചെയ്‌ത ഹരജികളിൽ ചീഫ്‌ ജസ്‌റ്റിസ്‌ യുയു ലളിത്‌ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ്‌ വിധി പറഞ്ഞത്. ഏഴു ദിവസം തുടർച്ചയായി വാദംകേട്ടശേഷമാണ് വിധി പറയുന്നത്. ജസ്‌റ്റിസുമാമാരായ ദിനേശ്‌ മഹേശ്വരി, എസ്‌ രവീന്ദ്രഭട്ട്‌, ബേലാ എം ത്രിവേദി, ജെബി പർധിവാല എന്നിവരാണ്‌ ബെഞ്ചിലെ മറ്റ്‌ അംഗങ്ങൾ.

2019 ജനുവരിയില്‍ ഭരണഘടനയുടെ 15, 16 അനുഛേദങ്ങള്‍ ഭേദഗതി ചെയ്‌ത്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം അനുദിച്ചതിനെതിരെ വിവിധ തലങ്ങളിൽ നിന്ന് വന്ന 39 ഹരജികൾ പരിഗണിച്ചത്. സാമ്പത്തികം അടിസ്‌ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്‌ടിക്കാൻ സംസ്‌ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103ആം ഭേദഗതി, ഭരണഘടനയുടെ അടിസ്‌ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹരജിക്കാർ മുന്നോട്ട് വച്ച പ്രധാനവാദം.

എന്നാല്‍ മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം എസ്‌സി,എസ്‌ടി, ഒബിസി വിഭാഗങ്ങളുടെ അവകാശം കവരുന്നില്ലെന്നും അതുകൊണ്ട് ഭരണഘടനയുടെ അടിസ്‌ഥാന ഘടനയെ ലംഘിക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ വാദിച്ചു.

Most Read: രാജ്യദ്രോഹകുറ്റം: പുനഃപരിശോധന നടത്തുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE