കോഴിക്കോട്: (T Shobeendran Mash Passed Away) കേന്ദ്രസർക്കാരിന്റെ 2007ലെ വൃക്ഷമിത്ര പുരസ്‌കാര ജേതാവും പ്രകൃതിയുടെ കാവലാളുമായിരുന്ന, കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ശോഭീന്ദ്രൻ മാഷ് അന്തരിച്ചു.
കോഴിക്കോട്ടെയും ഇതര ജില്ലകളിലെയും ഒട്ടേറെ പരിസ്‌ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇദ്ദേഹം വയനാട് ചുരത്തിലെ മഴ നടത്തം ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക പ്രകൃതി സംരക്ഷണ പരിപാടികളിലും സ്‌ഥിര സാന്നിധ്യമായിരുന്നു. പ്രകൃതിയോട് ചേര്‍ന്ന് ജീവിച്ച് പരിസ്‌ഥിതിക്ക് വേണ്ടി അവസാന നിമിഷം വരെ പോരാടിയ വ്യക്‌തിത്വമായിരുന്നു ശോഭീന്ദ്രന്‍ മാഷുടേത്.
പ്രകൃതിയോടുള്ള സ്‌നേഹ സൂചകമായി മരണംവരെ പച്ച പാന്റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു സ്‌ഥിരവേഷം. അധ്യാപകനായിരുന്ന കാലംമുതൽ ശോഭീന്ദ്രൻ നഗരവാസികൾക്ക് സുപരിചിതനായിരുന്നു. വിദ്യാർഥികൾക്കിടയിൽ ഐക്യം വളർത്താനായി ‘ക്യാംപസ് റിസർച്ച് സെന്റർ’ സ്‌ഥാപിച്ച് ഇദ്ദേഹം വിദ്യാർഥികളെ സജ്‌ജമാക്കി.
താൻ കൂടി അംഗമായ സമൂഹത്തിന്റെ ഐക്യത്തിനായി സിറ്റി റിസർച്ച് സെന്ററിനു രൂപം നൽകിയും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. റോഡിലെ കുണ്ടുംകുഴികളും ഞെളിയൻപറമ്പിലെ മാലിന്യവും പൂനൂർ പുഴയെ മലിനമാക്കുന്ന പെട്രോൾ ബങ്കുമെല്ലാം ഈ മനുഷ്യ സ്‌നേഹിയുടെ മനസിനെ വേട്ടയാടി. തനിക്കാകുംവിധം സകല പ്രകൃതി ദ്രോഹങ്ങൾക്കുമെതിരെ ഒറ്റയ്‌ക്കും കൂട്ടായും ഇദ്ദേഹം പോരാടി.
റോഡോരങ്ങളിൽ മരങ്ങൾ വച്ചുപിടിപ്പിക്കാനും തണ്ണീർത്തടങ്ങൾ സംരംക്ഷിക്കാനും മുന്നിൽ നിന്നു പൊരുതാൻ എന്നും ശോഭീന്ദ്രന്‍ മാഷ് ഉണ്ടായിരുന്നു. ഗുരുവായൂരപ്പന്‍ കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം മുന്‍ മേധാവിയായിരുന്നു. വനമിത്ര പുരസ്‌കാരം, ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്രാ അവാര്‍ഡ്, സഹയാത്രി പുരസ്‌കാരം, ഒയിസ്‌ക വൃക്ഷസ്‌നേഹി അവാര്‍ഡ്, ഹരിതബന്ധു അവാര്‍ഡ്, മികച്ച എൻഎസ്‌എസ് ഓഫിസർ അവാർഡ് തുടങ്ങിയ ഒട്ടനേകം അംഗീകാരങ്ങളും തേടിയെത്തി.
ലോകത്തിലെ ആദ്യത്തെ ജനകീയ സിനിമാ വേദിയായ ഒഡേസയുടെയും അതിലൂടെ സാക്ഷാൽകരിച്ച അമ്മ അറിയാൻ എന്ന ചലച്ചിത്രത്തിന്റെയും പിന്നണിയിലെ പ്രധാനിയായിരുന്നു. പ്രമുഖ ചലച്ചിത്രകാരനായിരുന്ന ജോൺ എബ്രഹാമിന്റെ അടുത്ത സുഹൃത്തായിരുന്നു ഇദ്ദേഹം. ജോൺ എബ്രഹാം എന്ന ചലച്ചിത്ര പ്രതിഭയുടെയും തന്റെയും യാത്രകളുടെ വേറിട്ട കഥ പറയുന്ന ‘മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ജോണിനൊപ്പം’ എന്ന പുസ്‍തകം പ്രൊഫ. ടി ശോഭീന്ദ്രൻ രചിച്ചതാണ്.
അമ്മ അറിയാൻ (1986), ഷട്ടർ (2013), കൂറ (2021), അരക്കിറുക്കൻ (2022) എന്നീ ചലച്ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ചേളന്നൂര്‍ എസ്‌എൻ കോളേജ് ഇക്കണോമിക്‌സ് വിഭാഗം മുന്‍ മേധാവിയായിരുന്ന എംസി പത്‌മജയാണ് ഭാര്യ. മക്കള്‍: ബോധി (കംപ്യൂട്ടര്‍ സയന്‍സ് വകുപ്പ് പ്രൊഫസര്‍, ഫാറൂഖ് കോളേജ്), ധ്യാന്‍ (ഐസിഐസിഐ ബാങ്ക്). മരുമക്കള്‍: ദീപേഷ് കരിമ്പുങ്കര (അധ്യാപകന്‍, ചേളന്നൂര്‍ എസ്.എന്‍. കോളേജ്), റിയ.
TECH NEWS | ഗൂഗിൾ ക്രോം അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ പണി പാളും!