ന്യൂഡെൽഹി: ഇന്ത്യൻ വിപണി വീണ്ടും കീഴടക്കിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. ഒരു മാസം ഏറ്റവും കൂടുതൽ വൈദ്യുത കാറുകൾ വിൽക്കുന്ന കമ്പനിയെന്ന സ്‌ഥാനം നിലനിർത്തിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. കഴിഞ്ഞ മാസം മാത്രം 6,516 വൈദ്യുത കാറുകളാണ് ടാറ്റ ഇന്ത്യയിൽ വിറ്റത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു കമ്പനി ഒരു മാസത്തിൽ ഇത്രയേറെ കാറുകൾ വിൽക്കുന്നത്.
എംജി, ഹ്യൂണ്ടായ് എന്നിങ്ങനെയുള്ള എതിരാളികളേക്കാൾ വൈദ്യുത കാർ വിൽപ്പനയിൽ ഏറെ മുന്നിലാണ് ടാറ്റ മോട്ടോഴ്‌സ്. ടിയാഗോ ഇവി, ടിഗോർ ഇവി, നെക്‌സൺ ഇവി എന്നീ മോഡലുകളാണ് ടാറ്റയുടെ വൈദ്യുത കാർ വിൽപ്പനയിൽ മുന്നിലുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന വൈദ്യുത കാർ ടാറ്റ നെക്‌സൺ ഇവിയാണ്. മാർച്ചിൽ 6,506 കാറുകൾ വിറ്റ ടാറ്റ മോട്ടോഴ്‌സ് ഏപ്രിലിൽ 6,516 വൈദ്യുത കാറുകൾ വിറ്റാണ് അടിക്കടി മുന്നേറുന്നത്.
മുൻ വർഷത്തെ അപേക്ഷിച്ചു 179 ശതമാനം വളർച്ചയാണ് ടാറ്റ മോട്ടേഴ്‌സിന്റെ വൈദ്യുത കാർ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. 2,333 വൈദ്യുത കാറുകളാണ് കഴിഞ്ഞ വർഷം ടാറ്റ മോട്ടേഴ്‌സ് ഇന്ത്യയിൽ വിറ്റത്. കഴിഞ്ഞ വർഷം ടാറ്റ അവതരിപ്പിച്ച ടിയാഗോ ഇവിയാണ് കൂട്ടത്തിൽ സൂപ്പർഹിറ്റ്. ആകെ കാർ വിൽപ്പനയിൽ 13 ശതമാനം വൈദ്യുത വാഹനങ്ങളാണ് വിറ്റതെന്നതും ടാറ്റയ്‌ക്ക് നേട്ടമാണ്. ഇന്ത്യയിലെ കാർ നിർമാണ കമ്പനികൾക്കിടയിലെ ഏറ്റവും മികച്ച വിൽപ്പന അനുപാതമാണിത്.
പത്ത് ലക്ഷം രൂപയിൽ കുറഞ്ഞ വിലയുള്ള വൈദ്യുത കാർ എന്ന നിലയിലാണ് കഴിഞ്ഞ വർഷം ടിയാഗോ ഇവിയെ ടാറ്റ അവതരിപ്പിച്ചത്. 8.69 ലക്ഷം രൂപ മുതൽ 11.99 ലക്ഷം വരെയാണ് വില. അടുത്തിടെ എംജി പുറത്തിറക്കിയ കോമറ്റ് ഇവി മാത്രമാണ് വിലയുടെ കാര്യത്തിൽ ടിയാഗോ ഇവിയുടെ ഇന്ത്യൻ വിപണിയിലെ എതിരാളി. എംജി കോമറ്റ് ഇവയ്‌ക്ക് 7.98 ലക്ഷം രൂപയാണ് വില.
Most Read: ‘ദി കേരള സ്‌റ്റോറി’; ഹരജികളിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി