തലശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണ് ബൈപ്പാസ് യാഥാർഥ്യമായിരിക്കുന്നത്.

By Trainee Reporter, Malabar News
Thalassery-Mahi Bypass
Ajwa Travels

കണ്ണൂർ: അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ തലശേരി-മാഹി ബൈപ്പാസ് യാഥാർഥ്യമായി. ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി ഇന്ന് നാടിന് സമർപ്പിച്ചു. ചോനാടത്ത് ഒരുക്കിയ പ്രത്യേക ഉൽഘാടന വേദിയിൽ ലൈവ് സ്ട്രീമിങ്ങിനായി നൂറുകണക്കിന് പേരാണ് എത്തിയത്. ബൈപ്പാസ് നാടിന് സമർപ്പിച്ചതായി ഉൽഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

സ്‍പീക്കർ എഎൻ ഷംസീറും മരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും ഉൽഘാടന സമ്മേളനത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ തിരുവനന്തപുരത്ത് നിന്ന് ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണ് ബൈപ്പാസ് യാഥാർഥ്യമായിരിക്കുന്നത്.

ദേശീയപാത ബൈപ്പാസിനായി 1977ൽ ആരംഭിച്ച സ്‌ഥലം ഏറ്റെടുക്കൽ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018 നവംബറിലാണ് ബൈപ്പാസിന്റെ പ്രവൃത്തി ഔദ്യോഗികമായി ആരംഭിച്ചത്. ധർമടം, തലശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ളി എന്നിവിടങ്ങളിലൂടെയാണ് ബൈപ്പാസ് കടന്നുപോകുന്നത്.

ദേശീയപാത 66ന്റെ ഭാഗമായ തലശേരി-മാഹി ബൈപ്പാസ് പൂർണമായും യാത്ര സജ്‌ജമായതോടെ മുഴപ്പിലങ്ങാട് മഠം ജങ്ഷൻ മുതൽ അഴിയൂർ വരെയുള്ള 18.6 കിലോമീറ്റർ ദൂരം താണ്ടാൻ ഇനി വേണ്ടത് പരമാവധി 20 മിനിട്ടാണ്. ഇതോടെ തലശേരി, മാഹി ടൗണുകളിലെ ഗതാഗതക്കുരുക്കിനും ശമനമുണ്ടാകും. 1543 കോടി ചിലവിലാണ് ബൈപ്പാസ് നിർമാണം പൂർത്തിയാക്കിയത്.

ബൈപ്പാസ് കടക്കാൻ കാർ, ജീപ്പ്, വാൻ തുടങ്ങിയ സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപയാണ് നിരക്ക്. ഇരുവശത്തേക്കും ഒരേദിവസം യാത്ര ചെയ്യുകയാണെങ്കിൽ 100 രൂപ മതിയാകും. 50 യാത്രകൾക്ക് 2195 എന്ന തരത്തിൽ പ്രതിമാസ നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ രജിസ്‌റ്റർ ചെയ്‌ത ടാക്‌സി വാഹനങ്ങൾക്ക് 35 രൂപയാണ് ഒരു യാത്രക്കുള്ള നിരക്ക്. മിനി ബസുകൾക്കും ചെറു വാണിജ്യ വാഹനങ്ങൾക്കും ഒരു വശത്തേക്കുള്ള യാത്രയ്‌ക്ക് 105 രൂപയും ഒരേ ദിവസം ഇരുവശത്തേക്കുമുള്ള യാത്രയ്‌ക്ക് 160 രൂപയുമാണ് നിരക്ക്.

ബസുകൾക്കും ലോറികൾക്കും ഒരു വശത്തേക്ക് 225 രൂപയും ഒരേദിവസം ഇരുവശത്തേക്കും യാത്ര 335 രൂപയും നൽകണം. 8105 രൂപയ്‌ക്ക് പ്രതിമാസ പാസും ലഭ്യമാണ്. മൂന്ന് ആക്‌സിൽ വാഹനങ്ങൾക്ക് 245 രൂപയും ഇരുവശത്തേക്കും 355 രൂപയും നാല് മുതൽ ആറുവരെ ആക്‌സിലുള്ള വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 350 രൂപയും ഇരുവശത്തേക്ക് 5425 രൂപയും നൽകണം.

ഏഴ് ആക്‌സിലിന് മുകളിലുള്ള വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 425 രൂപയും ഇരുവശത്തേക്കും 640 രൂപയുമാണ് നിരക്ക്. ടോൾ പ്ളാസയുടെ 20 കിലോമീറ്റർ പരിധിയിലെ താമസക്കാരുടെ സ്വകാര്യ വാഹനങ്ങൾക്ക് 330 രൂപ നിരക്കിൽ പ്രതിമാസ പാസ് നൽകും. ഫാസ്‌ടാഗ് സംവിധാനം വഴിയാണ് ടോൾ പിരിവ് നടക്കുക. ഫാസ്‌ടാഗ് ഇല്ലെങ്കിൽ ടോൾ നിരക്കിന്റെ ഇരട്ടി തുക നൽകണം.

ഫാസ്‌ടാഗ് എടുക്കാനുള്ള സൗകര്യം ടോൾ പ്ളാസയിൽ ലഭ്യമാക്കുമെന്ന് കരാർ കമ്പനിയായ എവി എന്റർപ്രൈസസ് അധികൃതർ അറിയിച്ചു. ഫാസ്‌ടാഗ് റീചാർജ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. ട്രയൽ റണ്ണിന്റെ ഭാഗമായി ഇന്നലെ ബൈപ്പാസിൽ സൗജന്യ വാഹനയാത്ര അനുവദിച്ചിരുന്നു. ഇതോടെ മലബാറുകാരുടെ അഞ്ചു പതിറ്റാണ്ടിലേറെക്കാലമായുള്ള കാത്തിരിപ്പാണ് യാഥാർഥ്യമായത്.

Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE