ന്യൂഡെൽഹി: പേട്ട പള്ളിമുക്കിൽ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പിണറായി വിജയനെതിരെയും സർക്കാരിനെതിരെയും രൂക്ഷമായ ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. വിദ്യാർഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണെന്നും പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്നും ഗവർണർ ആരോപിച്ചു. അക്രമികളെ കൊണ്ടുവന്നതും തിരിച്ചു കൊണ്ടുപോയതും പോലീസ് വാഹനത്തിൽ ആണെന്നും ഗവർണർ കുറ്റപ്പെടുത്തി.
തനിക്കെതിരായ ആക്രമണം ആസൂത്രിതമാണ്. പ്രതിഷേധങ്ങൾ കണ്ടു താൻ കാറിൽ ഇരിക്കണമായിരുന്നോ എന്ന് ഗവർണർ ചോദിച്ചു. പോലീസ് അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ലെന്നും ഗവർണർ വ്യക്‌തമാക്കി. തനിക്കെതിരെയുണ്ടായ അക്രമം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായുള്ളതായിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം. മുഖ്യമന്ത്രി മറുപടി പറയണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
കണ്ണൂരിലും സമാന സംഭവങ്ങൾ ഉണ്ടായി. ചെരുപ്പ് എറിഞ്ഞതിന് വധശ്രമത്തിനാണ് കേസെടുത്തത്. പ്രതിഷേധക്കാർ ഇരിക്കുന്നത് പോലീസ് ജീപ്പിലാണ്. എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറാണ്. ഞാൻ എവിടെയും ഒറ്റയ്‌ക്ക് നടന്നു പോകാൻ തയ്യാറാണ്. ദൂരെ നിന്ന് കൊടി കാണിച്ചോട്ടെ, പ്രശ്‌നമില്ല, പക്ഷേ എന്റെ കാറിന്റെ അടുത്ത് വന്നു കൊടി കാണിച്ചാൽ ഓരോ സ്‌ഥലത്തും ഞാൻ ഇറങ്ങുമെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്‌തത്? എന്നെ കരിങ്കൊടി കാണിച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്‌തത്? ഗവർണർ ചോദിച്ചു. അക്രമികൾക്ക് എതിരെ ദുർബല വകുപ്പുകൾ നിലനിൽക്കില്ലെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും അറിയിച്ചിട്ടുണ്ടെന്നും ഗവർണർ ഡെൽഹിയിൽ പറഞ്ഞു. കേസിൽ 19 എസ്എഫ്ഐ പ്രവർത്തകരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇതിൽ 12 പേർക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത്.
അതിനിടെ, ഗവർണർക്ക് എതിരായ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോ വ്യക്‌തമാക്കി. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്. സമരമാകെ മോശമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. അക്രമ സംഭവമൊന്നും നടന്നിട്ടില്ല. പാളയത്ത് ഗവർണറുടെ വാഹനം ആക്രമിച്ചിട്ടില്ല. വാഹനത്തിന് മുന്നിൽ ചാടുകയെന്ന സമരം ഇനി ഉണ്ടാകില്ലെന്നും പിഎം ആർഷോ വ്യക്‌തമാക്കി.
Most Read| ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ചു സുപ്രീം കോടതി; കേന്ദ്രത്തിന് ആശ്വാസം