കോവിഡ് ബാധിച്ച് മരിച്ചവരുടെ ജപ്‌തി നടപടികൾ നിർത്തിവെക്കും; മൃതദേഹം വീട്ടിലെത്തിക്കാൻ അനുമതി

By Desk Reporter, Malabar News
pinarayi vijayan- Covid Press Meet
Ajwa Travels

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ജപ്‌തി നടപടികൾ നിർത്തിവെക്കാൻ നിർദ്ദേശം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത ലോണുകള്‍ സ്വാഭാവികമായും മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ഭാഗമായുള്ള ജപ്‌തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിർദ്ദേശം നല്‍കി; മുഖ്യമന്ത്രിപറഞ്ഞു.

കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹം നിശ്‌ചിത സമയം വീട്ടില്‍ കൊണ്ടുപോയി ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായി മതാചാരങ്ങള്‍ നടത്താനും അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂറില്‍ താഴെ വീട്ടില്‍ അനുവദിക്കുക എന്നാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.

സംസ്‌ഥാനത്ത് ഇപ്പോൾ പടരുന്നത് ഡെൽറ്റാ വകഭേദമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീട്ടിൽ ഒരാൾക്ക് രോഗം വന്നാൽ മറ്റെല്ലാവർക്കും പിടിപെടുന്ന അവസ്‌ഥയാണ്‌ ഇപ്പോഴുള്ളത്. വീടുകളിലും ഓഫിസുകളിലും ജാഗ്രത പാലിക്കണം. വീട്ടിൽ ഒരു രോഗിയുണ്ടെങ്കിൽ വീട്ടിലെ മറ്റുള്ളവർ നിർബന്ധമായും ക്വാറന്റെയ്ൻ പാലിക്കണം. ക്വാറന്റെയ്ൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. രോഗം വന്നയുടൻ രോഗി സിഎഫ്എൽടിസിയിലേക്ക് മാറിയാൽ വീട്ടുകാർ ക്വാറന്റെയ്നിൽ പോകേണ്ടതില്ല; മുഖ്യമന്ത്രി പറഞ്ഞു.

വലിയ തിരമാല അതിവേഗം ഉയരുകയും ആഞ്ഞടിച്ച് നാശം വിതക്കുകയും ചെയ്യുന്നതിന് സമാനമായാണ് കോവിഡ് മഹാമാരി ആഘാതമേല്‍പ്പിക്കുന്നത്. ഈ തിരമാലയുടെ ശക്‌തി തടഞ്ഞുനിര്‍ത്തി അതിന്റെ ഒഴുക്ക് മന്ദഗതിയിലാക്കുക എന്ന പ്രതിരോധ മാര്‍ഗമാണ് നാശനഷ്‌ടങ്ങള്‍ ഒഴിവാക്കാനായി നാം സ്വീകരിച്ചത്. അത് സാധിക്കാത്ത ഇടങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് നാം കണ്ടതാണ്. ശ്‌മശാനങ്ങളില്‍ മൃതദേഹങ്ങളുമായി ജനങ്ങള്‍ വരിനില്‍ക്കുന്ന അവസ്‌ഥ പോലും ചിലയിടങ്ങളിലുണ്ടായി. അത്തരമൊരു സാഹചര്യം വരാതിരിക്കാനാണ് ഇവിടെ ശ്രമിച്ചത്. അക്കാര്യത്തിൽ നമ്മൾ വിജയിച്ചു.

ഒരു തരംഗം പെട്ടന്നുയര്‍ന്ന് നാശം വിതച്ച് പെട്ടന്ന് താഴ്ന്ന് കടന്നു പോകുന്നതിന് സമാനമല്ല കേരളത്തിലെ കോവിഡ് തരംഗത്തിന്റെ ഗതി. അതുകൊണ്ടു തന്നെ പതുക്കെ കുറഞ്ഞ് കുറച്ചുകൂടി സമയമെടുത്താണ് അവസാനിക്കുക. അതിനാലാണ് അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് പറയുന്നത്. നമ്മുടെ വീഴ്‌ചയുടെ നിദാനമല്ല, മറിച്ച് നമ്മള്‍ കാണിച്ച ജാഗ്രതയുടെ ലക്ഷണമാണ് ഇന്നത്തെ സ്‌ഥിതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Read:  ചൈനയെ നേരിടാൻ കൂടുതൽ പദ്ധതികളുമായി യുഎസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE