ഐസിആർഎഫ് മെഡിക്കൽ ക്യാംപ് ഷിഫ അൽ ജസീറയിൽ വച്ച് നടന്നു

By Staff Reporter, Malabar News
icrf-camp-bahrain
Ajwa Travels

മനാമ: ഒരു വർഷം നീണ്ടുനിൽക്കുന്ന മെഗാ മെഡിക്കൽ ക്യാംപിന്റെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) മനാമയിലെ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ സ്‌തനാർബുദ ബോധവൽക്കരണ ക്യാംപ് സംഘടിപ്പിച്ചു. തൊണ്ണൂറോളം വനിതകൾ മെഡിക്കൽ ചെക്കപ്പുകൾക്ക് വിധേയരാകുകയും, ക്യാംപിൽ പങ്കെടുക്കുകയും ചെയ്‌തു.

ഇന്ത്യൻ എംബസിയിലെ രണ്ടാം സെക്രട്ടറി രവിശങ്കർ ശുക്ള മുഖ്യാതിഥിയായിരുന്നു. ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ ഡയറക്‌ടർ ഡോ. ഡോക്‌ടർ സൽമാൻ ഗരീബ്, രവിശങ്കർ ശുക്ളയെ സ്വീകരിച്ചു. ക്യാംപിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്‌ത് സംസാരിച്ച രവിശങ്കർ ശുക്ള മെഡിക്കൽ സംഘങ്ങളുമായും, ഐസിആർഎഫ് സന്നദ്ധ പ്രവർത്തകരുമായും ആശയവിനിമയം നടത്തി.

സ്‌തനാർബുദം എല്ലാ സ്‌ത്രീകളും ഭയപ്പെടുന്ന ഒരു രോഗമാണ്. വിഷയത്തിൽ അവബോധം സൃഷ്‌ടിക്കേണ്ടത് ഇന്നത്തെ ആവശ്യമാണ്. സംശയാസ്‌പദമായ ഒരു മുഴ ശ്രദ്ധയിൽപ്പെട്ടാലും പല സ്‌ത്രീകളും ഒരു ഡോക്‌ടറെ സമീപിക്കാൻ മടിക്കുന്നു. സ്‌തനാർബുദവുമായി ബന്ധപ്പെട്ട ഭയങ്ങളും മിഥ്യാധാരണകളും ദൂരീകരിക്കുന്നതിലാണ് ഐസിആർഎഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്; ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ പറഞ്ഞു.

ഡോ. അനിസ ബേബിയും ഡോ. ഷൈനി സുസേലനും നടത്തിയ സ്‌തനാർബുദ ബോധവൽക്കരണ സെഷനുകളിൽ തൊണ്ണൂറോളം വനിതകൾ പങ്കെടുത്തു. സ്‌തനാർബുദ ബോധവൽക്കരണ മാസത്തിൽ ഐസിആർഎഫിന്റെ മെഡിക്കൽ ക്യാംപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഷിഫ അൽ ജസീറ ഒക്‌ടോബർ 31 വരെ പങ്കെടുക്കുന്നവർക്ക് മാമോഗ്രാം, അൾട്രാ സൗണ്ട് സ്‌കാനിംഗ് എന്നിവയ്‌ക്ക് 50 ശതമാനം ഫീസിളവ് പ്രഖ്യാപിച്ചു .

ക്യാംപിൽ എത്തിയ എല്ലാവർക്കും ഉച്ചഭക്ഷണവും ബഹുഭാഷാ കോവിഡ് 19 ബോധവൽക്കരണ ഫ്‌ളൈയറുകളും ഗിഫ്റ്റ് ഹാമ്പറുകളും നൽകി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ അനുസ്‌മരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന മെഗാ മെഡിക്കൽ ക്യാംപ് സെപ്റ്റംബർ മാസത്തിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്‌തവയാണ് ഉൽഘാടനം ചെയ്‌തത്.

icrf-camp

ചടങ്ങിൽ ഐസിആർഎഫ് വൈസ് ചെയർമാൻ അഡ്വക്കേറ്റ് വികെ തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഉപദേഷ്‌ടാവ് ഭഗവാൻ അസർപോട്ട, ജോയിന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ എന്നിവരെ കൂടാതെ നിഷ രംഗരാജൻ, മെഗാ മെഡിക്കൽ ക്യാംപ് ജനറൽ കൺവീനർ നാസർ മഞ്ചേരി, ക്യാംപ് കോഓർഡിനേറ്റർ മുരളീകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.

ഇവർക്ക് പുറമെ ഒക്‌ടോബർ മാസത്തെ കോർഡിനേറ്റർ ക്ളിഫോർഡ് കൊറിയ, ട്രഷറർ രാകേഷ് ശർമ്മ , ഐസിആർഎഫ് വളണ്ടിയർമാരായ രമൺ പ്രീത്, ജവാദ് പാഷ, മുരളി നോമൂല, സുരേഷ് ബാബു, സുബൈർ കണ്ണൂർ, ചെമ്പൻ ജലാൽ, കാശി വിശ്വനാഥ്, ഹരി, ജയദീപ്, കൽപന പാട്ടീൽ , സുഷമ അനിൽ, രാജീവ് , സുനിൽ കുമാർ, സുബാസ് ചന്ദ്ര , ഹേമലത സിംഗ് എന്നിവർക്കൊപ്പം ഷിഫ അൽ ജസീറ പ്രതിനിധികളായ മുനവ്വർ സെറൂഫ് (ബിസിനസ് ഡവലപ്മെന്റ് മാനേജർ), സകീർ ഹുസൈൻ, ഷാജി മൻസൂർ, അനസ്, ഷീല, ലാൽ, ഡോ. നജീബ്, ഡോ. ഫാത്തിമ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

ഒരു വർഷ കാലയളവിൽ 5000ലധികം തൊഴിലാളികൾക്ക് വിവിധ ആശുപത്രികൾ, മറ്റ് മെഡിക്കൽ സെന്ററുകൾ എന്നിവയുമായി ചേർന്ന് പരിശോധനകൾ നടത്താനാണ് മെഗാ മെഡിക്കൽ ക്യാംപിലൂടെ ലക്ഷ്യമിടുന്നത്. ഒന്നിടവിട്ട വെള്ളിയാഴ്‌ചകളിൽ വിവിധ മെഡിക്കൽ സ്‌ഥാപനങ്ങളിൽ വച്ച് ക്യാംപുകൾ നടക്കും.

അൽ നാമൽ ഗ്രൂപ്പ്-വികെഎൽ ഗ്രൂപ്പാണ് പരിപാടിയുടെ മുഖ്യ സ്‌പോൺസർ. മെഡിക്കൽ പരിശോധനകൾക്കായി മിഡിൽ ഈസ്‌റ്റ് ഹോസ്‌പിറ്റൽ വഴി സഹായം ലഭ്യമാക്കുമെന്നും വർഷത്തിൽ 2500 തൊഴിലാളികൾക്ക് ഉച്ചഭക്ഷണം നൽകുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. കൂടാതെ വാർഷിക സ്‌പോൺസർ സ്‌ഥാനത്ത് എൽഎംആർഎയും ഉണ്ട്. പരിപാടിയിലൂടെ തൊഴിലാളികൾക്ക് അവർ കോവിഡ് ബോധവൽക്കരണ, പ്രതിരോധ സാമഗ്രികളായ ഫേസ് മാസ്‌കുകൾ, ആൻറി ബാക്‌ടീരിയൽ സോപ്പുകൾ തുടങ്ങിയവ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.

medical-camp-icrf

മിഡിൽ ഈസ്‌റ്റ് ഹോസ്‌പിറ്റൽ, അൽ ഹിലാൽ ഹോസ്‌പിറ്റൽ, കിംസ് ഹെൽത്ത്, ഷിഫ അൽ ജസീറ, ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ, ആസ്‌റ്റർ മെഡിക്കൽ സെന്റർ അമേരിക്കൻ മിഷൻ ഹോസ്‌പിറ്റൽ, തൈറോകെയർ എന്നിവയാണ് ക്യാംപുമായി സഹകരിക്കുന്ന മെഡിക്കൽ സ്‌ഥാപനങ്ങൾ. മെഗാ മെഡിക്കൽ ക്യാംപിനെ പിന്തുണക്കുവാനും കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവരും ജനറൽ കൺവീനർ നാസർ മഞ്ചേരി (ഫോൺ: 32228424), ജനറൽ കോഡിനേറ്റർ മുരളീകൃഷ്‌ണൻ (ഫോൺ: 34117864) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Read Also: മസ്‌ജിദുകളിൽ ഇനി പ്രാർഥനക്ക് സാമൂഹിക അകലം വേണ്ട; കുവൈറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE