ന്യൂഡെൽഹി: വിധികൾ തങ്ങൾക്ക് ഇഷ്‌ടപ്പെട്ടില്ലെങ്കിൽ ജഡ്‌ജിമാരെ അപകീർത്തിപ്പെടുത്തുന്ന സർക്കാരുകളുടെ പുതിയ പ്രവണത ദൗർഭാഗ്യകരമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്‌ഥനെതിരെ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്‌ത് ഛത്തീസ്‌ഗഡ് സർക്കാരും ആക്‌ടിവിസ്‌റ്റും നൽകിയ രണ്ട് വ്യത്യസ്‌ത അപ്പീലുകൾ പരിഗണിക്കുന്നതിനിടെ ആണ് ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
കേസിൽ ജുഡീഷ്യറിക്കെതിരെ ഉന്നയിക്കപ്പെട്ട ചില ആരോപണങ്ങൾ ജസ്‌റ്റിസുമാരായ കൃഷ്‌ണ മുരാരിയും ഹിമ കോഹ്‌ലിയും കൂടി അടങ്ങുന്ന ബെഞ്ചിനെ പ്രകോപിപ്പിച്ചു. “നിങ്ങൾ എന്ത് പോരാട്ടം നടത്തിയാലും കുഴപ്പമില്ല. എന്നാൽ കോടതികളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കരുത്. ഈ കോടതിയിലും ഇത് നടക്കുന്നതായി കാണുന്നു. ഇതൊരു പുതിയ പ്രവണതയാണ്,” ചീഫ് ജസ്‌റ്റിസ് നിരീക്ഷിച്ചു.
“നേരത്തെ സ്വകാര്യ കക്ഷികൾ മാത്രമായിരുന്നു ജഡ്‌ജിമാർക്കെതിരെ ഇത് ചെയ്‌തിരുന്നത്. ഇപ്പോൾ ഞങ്ങൾ ഇത് ദിവസവും കാണാറുണ്ട്.. നിങ്ങളൊരു മുതിർന്ന അഭിഭാഷകനാണ്, ഞങ്ങളേക്കാൾ കൂടുതൽ നിങ്ങൾ ഇത് കാണുന്നുണ്ട്. ഇത് ഒരു പുതിയ പ്രവണതയാണ്. ജഡ്‌ജിമാരെ സർക്കാർ അപകീർത്തിപ്പെടുത്താൻ തുടങ്ങി. നിർഭാഗ്യകരമാണ്, ”- രണ്ട് അപ്പീലുകളിൽ ഒന്നിൽ സംസ്‌ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയോട് ചീഫ് ജസ്‌റ്റിസ് പറഞ്ഞു. കേസിൽ വാദം കേൾക്കുന്നത് ഏപ്രിൽ 18ലേക്ക് മാറ്റി.
Most Read: ജനങ്ങൾ പരസ്‌പരം ഹിന്ദി സംസാരിക്കണമെന്ന് അമിത് ഷാ; എതിർത്ത് പ്രതിപക്ഷം