ന്യൂഡെൽഹി: പശ്‌ചിമ ബംഗാൾ, അസം സംസ്‌ഥാനങ്ങളിലെ നിയമ സഭകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പശ്‌ചിമ ബംഗാളിലെ 30ഉം അസമിലെ 39ഉം മണ്ഡലങ്ങളാണ് നാളെ ബൂത്തിൽ എത്തുക. നാളെ വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ശക്‌തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇരു സംസ്‌ഥാനങ്ങളിലും ഒരുക്കിയിട്ടുള്ളത്.
ഇന്നലെയായിരുന്നു ഇരു സംസ്‌ഥാനങ്ങളിലും കൊട്ടിക്കലാശം. പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ജനവിധി തേടുന്ന നന്ദിഗ്രാമിൽ അടക്കം ശക്‌തമായ പ്രചാരണമാണ് അവസാന ദിവസമായ ഇന്നലെ നടന്നത്. തിങ്കളാഴ്‌ച മമതാ ബാനർജി വീൽചെയറിൽ റോഡ് ഷോ നടത്തിയ നന്ദിഗ്രാമിൽ ഇന്നലെ ബിജെപി അധ്യക്ഷൻ അമിത് ഷാ, മിഥുൻ ചക്രവർത്തി എന്നിവർ പ്രചാരണത്തിന് എത്തിയിരുന്നു.
മാർച്ച് 27നായിരുന്നു പശ്‌ചിമ ബംഗാളിലും അസമിലും ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. ബംഗാളിലെ 30 മണ്ഡലങ്ങളിലേക്കും അസമിലെ 47 മണ്ഡലങ്ങളിലേക്കും ആണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്.
മൂന്നാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചാരണവും ഇരു സംസ്‌ഥാനങ്ങളിലും രാഷ്‌ട്രീയ പാർട്ടികൾ ശക്‌തമാക്കും. പശ്‌ചിമ ബംഗാളിലും അസമിലും അമിത് ഷായും ജെപി നദ്ദയും ഇന്ന് വിവിധ റാലികളിൽ പങ്കെടുക്കും. അതേസമയം മമതാ ബാനർജി ഇന്ന് ഒന്നിലധികം റാലികളുടെയും റോഡ് ഷോകളുടെയും ഭാഗമാകും.
Also Read: അഹമ്മദാബാദ്, വഡോദര, സൂററ്റ്, രാജ്കോട് എന്നിവിടങ്ങളിൽ രാത്രികാല കർഫ്യൂ തുടരും