അമ്പതടിയിലേറെ താഴ്‌ചയിൽ വീണ് യുവാവ്; ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ഫസലുദ്ദീൻ

വിജേഷിനെ ചുമലിൽ കെട്ടി കയറിൽ തൂങ്ങി മുകളിലേക്ക് കയറ്റാൻ കഴിയുമെന്ന് ഫസലുദ്ദീൻ പറഞ്ഞു. എന്നാൽ, അസാധ്യമെന്ന് പറഞ്ഞ് കൂടെയുള്ളവർ ഫസലുദ്ദീനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, സമയം പാഴാക്കാതെ ഫസലുദ്ദീൻ കെട്ടിത്തൂക്കിയ കയറിലൂടെ താഴേക്കിറങ്ങി. ക്ഷീണിതനായ വിജേഷിനെ ചുമലിൽ കെട്ടിമുറുക്കി പാറക്കെട്ടുകൾക്ക് ഇടയിലൂടെ ശ്രദ്ധയോടെ ചുവടുവെച്ചു കയറിൽ തൂങ്ങി മുകളിൽ എത്തിക്കുക ആയിരുന്നു.

By Trainee Reporter, Malabar News
shubha vartha
ഫസലുദ്ദീൻ
Ajwa Travels

മലപ്പുറം: അമ്പതടിയിലേറെ താഴ്‌ചയിൽ വീണ യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ഫസലുദ്ദീൻ. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലിറങ്ങി അവശനിലയിലായ തമിഴ്‌നാട് സ്വദേശി വിജേഷിനെയാണ് കാളികാവ് പുറ്റമണ്ണ സ്വദേശി പുളിക്കൽ ഫസലുദ്ദീൻ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ചംഗ സംഘം ഇന്നലെ ഉച്ചയോടെയാണ് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്. നീന്തലറിയാത്ത വിജേഷ് ആഴമില്ലാത്ത ഭാഗത്തേക്കിറങ്ങി. തെന്നിനീങ്ങി ആഴമുള്ള ഭാഗത്തെത്തിയതോടെ മുങ്ങി താഴ്‌ന്നു. താഴ്‌ചയിൽ നിന്ന് ജീവന് വേണ്ടി അലമുറയിടുന്ന സുഹൃത്തിനെ നോക്കി നിസ്സഹായതയോടെ അലമുറയിടാനേ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് സാധിച്ചിട്ടുള്ളൂ. എങ്കിലും സുഹൃത്തുക്കൾ ഒരുവിധം വലിച്ചു കരയ്‌ക്ക് അടുപ്പിച്ചെങ്കിലും ക്ഷീണിതനായ വിജേഷിനെ കുത്തനെയുള്ള പാറക്കെട്ടുകൾക്ക് ഇടയിലൂടെ മുകളിലെത്തിക്കാൻ അവർക്കായില്ല.

ആരോഗ്യനില വഷളായ വിജേഷിനെ രക്ഷിക്കാൻ മാർഗമില്ലാതെ സുഹൃത്തുക്കൾ അലമുറയിട്ടു. സുരക്ഷാ ജീവനക്കാർ ഉൾപ്പടെ ഉള്ളവർ ശ്രമിച്ചെങ്കിലും വിജേഷിനെ മുകളിലേക്ക് കയറ്റാൻ കഴിഞ്ഞില്ല. ഇവിടെയാണ് രക്ഷകന്റെ വേഷത്തിൽ ഫസലുദ്ദീൻ എത്തിയത്. വിജേഷിനെ ചുമലിൽ കെട്ടി കയറിൽ തൂങ്ങി മുകളിലേക്ക് കയറ്റാൻ കഴിയുമെന്ന് ഫസലുദ്ദീൻ പറഞ്ഞു.

എന്നാൽ, അസാധ്യമെന്ന് പറഞ്ഞ് കൂടെയുള്ളവർ ഫസലുദ്ദീനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, സമയം പാഴാക്കാതെ ഫസലുദ്ദീൻ കെട്ടിത്തൂക്കിയ കയറിലൂടെ താഴേക്കിറങ്ങി. ക്ഷീണിതനായ വിജേഷിനെ ചുമലിൽ കെട്ടിമുറുക്കി പാറക്കെട്ടുകൾക്ക് ഇടയിലൂടെ ശ്രദ്ധയോടെ ചുവടുവെച്ചു കയറിൽ തൂങ്ങി മുകളിൽ എത്തിക്കുക ആയിരുന്നു. തുടർന്ന് ഒപ്പമുള്ളവർ ചേർന്ന് പ്രഥമശുശ്രൂഷ നൽകി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കിണർ കുഴിച്ചുള്ള പരിചയമാണ് കയറിൽ തൂങ്ങി കയറാനുള്ള ധൈര്യം നൽകിയതെന്ന് ഫസലുദ്ദീൻ പറഞ്ഞു. വീട്ടിലെ കിണർ ഫസലുദ്ദീൻ സ്വന്തമായി കുഴിച്ചതാണ്. ”ചെങ്കുത്തായ പാറക്കെട്ടുകൾക്ക് ഇടയിലൂടെ കയറിൽ പിടിച്ചു കയറുന്നത് ആദ്യമായിട്ടാണ്. ഒരാളുടെ ജീവനുവേണ്ടി യാചിക്കുന്നത് കണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചിട്ടില്ലെന്നും കൂടെയുള്ളവരിൽ വിശ്വാസം അർപ്പിച്ചു സാഹസിക കൃത്യത്തിന് മുതിരുകയായിരുന്നുവെന്നും” ഫസലുദ്ദീൻ പറഞ്ഞു.

ജീവൻ തിരിച്ചുകിട്ടിയ വിജേഷും കൂട്ടുകാരും ഫസലുദ്ദീനിനോടുള്ള നന്ദിയും കടപ്പാടും തീർക്കാനാവില്ലെന്ന് പറഞ്ഞാണ് നാട്ടിലേക്ക് മടങ്ങിയത്. പുറ്റമണ്ണയിലെ പുളിക്കൽ ചേക്കുണ്ണി-ആയിഷ ദമ്പതികളുടെ മകനാണ് ഫസലുദ്ദീൻ. സാഹസിക കൃത്യത്തിലൂടെ നാട്ടുകാരുടെ അഭിമാന കഥാപാത്രമായിരിക്കുകയാണ് ഫസലുദ്ദീൻ. നാട്ടുകാരും സുരക്ഷാ ജീവനക്കാരും ഫസലുദ്ദീനെ അഭിനന്ദിച്ചു. ബസ് ഡ്രൈവറാണ് ഫസലുദ്ദീൻ.

Most Read: ഉമ്മൻചാണ്ടിയെ സന്ദർശിച്ച് ആരോഗ്യമന്ത്രി; മെഡിക്കൽ ബോർഡ് രൂപീകരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE