ഇടുക്കി: രാജ്യത്തെ കടുവകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. കേരളത്തിൽ പെരിയാർ, ഗൂഡ്രിക്കൽ എന്നീ റേഞ്ചുകളിൽ ക്യാമറ ട്രാപ്പ് ഉപയോഗിച്ചുള്ള കണക്കെടുപ്പ് പൂർത്തിയായി. നാലു വർഷം കൂടുമ്പോഴാണ് രാജ്യത്തെ എല്ലാ വനമേഖലയിലും ഒരുപോലെ കടുവകളുടെ സെന്‍സസ് നടത്തുന്നത്.
ചാലക്കുടി മുതൽ തിരുവനന്തപുരം വരെയുള്ള വനമേഖലയിൽ പെരിയാർ കടുവ സങ്കേതവും തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഭാഗത്ത് പറമ്പിക്കുളം കടുവ സങ്കേതവുമാണ് കണക്കെടുപ്പ് നടത്തുന്നത്. തിരുവനന്തപുരം, ചെന്തുരുണി, ഇരവികുളം വനമേഖലകളിലും ഇത്തവണ കടുവ സെൻസസ് നടത്തും.
നാലു ഘട്ടങ്ങളായാണ് സെൻസസ് നടത്തുന്നത്. ആദ്യം വനമേഖലയിൽ ക്യാമറ ട്രാപ്പ് സ്‌ഥാപിച്ച് കടുവകളുടെ ചിത്രം ശേഖരിക്കും. സഞ്ചാര പാതയ്‌ക്ക് ഇരുവശത്തുമായി സ്‌ഥാപിക്കുന്ന ക്യാമറകൾക്ക് മുന്നിലൂടെ മൃഗങ്ങൾ കടന്നു പോകുമ്പോൾ സെൻസർ പ്രവർത്തിച്ച് ഓട്ടോമാറ്റിക്കായി ചിത്രം പകർത്തുന്ന ക്യാമറകളാണ് ഉപയോഗിക്കുക. 30 ദിവസം ഒരു സ്‌ഥലത്ത് ക്യമറ സ്‌ഥാപിക്കും.
ഓരോ കടുവകളുടെയും ദേഹത്തെ വരകൾ വ്യത്യസ്‌തമായിരിക്കും. ഇത് വിശകലം ചെയ്‌താണ് എണ്ണം തിട്ടപ്പെടുത്തുന്നത്. ലൈൻ ട്രാൺസെക്‌ട് രീതിയിൽ ഒരു വനപ്രദേശത്തെ വിവിധ മൃഗങ്ങളുടെ സാന്നിധ്യം തിട്ടപ്പെടുത്തൽ, മരത്തിലും മറ്റും കടുവകൾ ഉണ്ടാക്കുന്ന പാടുകൾ, ഓരോ പ്രദേശത്തും കടുവകളുടെ ഇരകളുടെ എണ്ണം ശേഖരിക്കൽ എന്നിവയാണ് മറ്റ് മൂന്നു ഘട്ടങ്ങൾ.
ഡിസംബർ 31ന് കണക്കെടുപ്പ് പൂർത്തിയാക്കി വിവരങ്ങൾ ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് സമർപ്പിക്കും. ഇത് വിലയിരുത്തി അടുത്ത ഓഗസ്‌റ്റ് 15ന് എണ്ണം പ്രസിദ്ധപ്പെടുത്തും.
National News: യുപിയല്ല കേരളം; ഡി രാജയെ വിമർശിച്ച് കാനം രാജേന്ദ്രൻ