ജറുസലേം: ഹമാസിന്റെ തടവിലുള്ള ഇസ്രയേൽ ബന്ദികളെ വിട്ടയക്കുന്നത് സംബന്ധിച്ച് ശുഭവാർത്ത ഉടൻ കേൾക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികളെ വിട്ടയക്കുന്നതിൽ ഖത്തറിന്റെ മധ്യസ്‌ഥതയിൽ ചർച്ചകൾ പുരോഗമിക്കുന്നതിന് ഇടേയാണ് നെതന്യാഹു പ്രതീക്ഷ പ്രകടിപ്പിച്ചത്. അതേസമയം, ചർച്ചകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ഇസ്രയേലുമായുള്ള താൽക്കാലിക യുദ്ധവിരാമ കരാറിന് അരികിലാണെന്ന് ഹമാസ് തലവൻ ഇസ്‌മായിൽ ഹാനിയ്യ വ്യക്‌തമാക്കിയതിനു പിന്നാലെയാണ് ശുഭസൂചനയുമായി നെതന്യാഹുവും പ്രതികരിച്ചത്. ‘ഇസ്രയേലുമായി താൽക്കാലിക യുദ്ധവിരാമ കരാറിന് അരികിലാണ് ഞങ്ങളെന്നും മധ്യസ്‌ഥരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ടെലഗ്രാഫിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിൽ ഇസ്‌മായിൽ ഹാനിയ്യ പറഞ്ഞു.
ഹമാസ് ബന്ദികളാക്കിയവരുടെ മോചനം സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് ഖത്തറും വ്യക്‌തമാക്കിയിരുന്നു. ബന്ദികളുടെ മോചനത്തിൽ ശുഭ പ്രതീക്ഷയാണ് ഉള്ളതെന്ന് ഖത്തർ വിദേശകാര്യ വക്‌താവ് അറിയിച്ചു. ഹമാസ് ബന്ദികളാക്കിയ അമ്പതോളം സാധാരണക്കാരെ മോചിപ്പിക്കുക, ഇസ്രയേൽ ജയിലുകളിൽ നിന്ന് പലസ്‌തീൻ സ്‌ത്രീകളേയും കുട്ടികളേയും മോചിപ്പിക്കുക എന്നിവ സംബന്ധിച്ചാണ് ചർച്ചകൾ നടക്കുന്നത്.
വെടിനിർത്തൽ നടപ്പിലാക്കുന്നതിന് വേണ്ടി ഖത്തർ നടത്തുന്ന ഇടപെടലുകൾ വിജയം കണ്ടേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. അതേസമയം, ഗാസയിലെ അഭയാർഥി ക്യാമ്പുകൾ ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം നടത്തുകയാണ്. നിലവിൽ ഗാസയിലെ മൂന്ന് ആശുപത്രികളിൽ നിന്ന് രോഗികളെ ഒഴിപ്പിക്കാൻ ശ്രമം നടക്കുകയാണ്. അൽഷിഫ, അൽ അലി, ഇന്തോനീഷ്യൻ ആശുപത്രികളാണ് ഒഴിപ്പിക്കുന്നത്. ആശുപത്രികൾ സഹായം അഭ്യർഥിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചിട്. ഗാസയിലെ എല്ലാ ആശുപത്രികളും പ്രവർത്തനം നിർത്തിയിരിക്കുകയാണ്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13,300 ആയി.
Most Read| ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പെൺ വിപ്ളവം; ലക്ഷ്യം മലേറിയയെ തുടച്ചു നീക്കുക