തിരുവനന്തപുരം: സിപിഎം വിടില്ലെന്ന് വ്യക്‌തമാക്കി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. എന്ത് നടപടിയെടുത്താലും അത് അംഗീകരിച്ച് പാർട്ടിയിൽ തുടരും. നടപടിയെടുക്കുന്നത് പാർട്ടിയുടെ കീഴ്‌വഴക്കമാണ്. മറ്റ് പാർട്ടികളിലേക്ക് ഇല്ലെന്നും രാജേന്ദ്രൻ പറഞ്ഞു.
സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ എസ് രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ദേവികുളത്തെ എൽഡിഎഫ് സ്‌ഥാനാർഥി എ രാജയുടെ പേര് പറയാൻ രാജേന്ദ്രൻ തയ്യാറായില്ല. പറയണമെന്ന് നേതാക്കൾ നിര്‍ദ്ദേശിച്ചിട്ടും അനുസരിച്ചില്ല. രാജേന്ദ്രന്റെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങൾ അന്വേഷണ കമ്മീഷനും ശരിവച്ചതോടെയാണ് പുറത്താക്കാൻ ശുപാര്‍ശ നൽകിയതെന്നും ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രൻ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ജില്ലാ സമ്മേളനത്തില്‍ രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. അച്ചടക്ക നടപടിയിൽ ഇളവെന്ന അപേക്ഷയോട് സംസ്‌ഥാന നേതൃത്വം മുഖം തിരിച്ചതോടെയാണ് രാജേന്ദ്രന്‍ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നത്.
Also Read: കുട്ടികൾക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും; വിദ്യാഭ്യാസ മന്ത്രി