ഒഴിവ് സമയങ്ങളിൽ നമ്മളെല്ലാം കൊറിച്ചുകൊണ്ട് ഇരിക്കുന്നവയിൽ ഒന്നായിരിക്കും കപ്പലണ്ടി. എന്നാൽ, കപ്പലണ്ടി കഴിക്കുന്നത് വണ്ണം കൂട്ടുമോ അതോ കുറയ്‌ക്കുമോ? എല്ലാവർക്കും സംശയം ഉള്ള കാര്യമായിരിക്കും ഇത്.
കപ്പലണ്ടി കഴിക്കുന്നതിനെ കുറിച്ച് പരക്കെ വലിയ തെറ്റിദ്ധാരണകൾ ഉണ്ടാകാറുമുണ്ട്. ഇവ കഴിച്ചാൽ വണ്ണം കൂടും, അല്ലെങ്കിൽ കുറയും എന്നുള്ള വാദങ്ങൾ എപ്പോഴും കേൾക്കാം. എന്താണ് ഇതിന് പിന്നിലെ യാഥാർഥ്യമെന്ന് മിക്കവർക്കും അറിയില്ല എന്നതാണ് സത്യം.
ധാരാളം എണ്ണയും കൊഴുപ്പും അടങ്ങിയിട്ടുണ്ട് എന്നതിനാലാണ് കപ്പലണ്ടി ദോഷമാണെന്നോ വണ്ണം കൂട്ടുമെന്നോ പലരും കരുതുന്നത്. 100 ഗ്രാം കപ്പലണ്ടിയിൽ 567 കലോറിയും 25 ഗ്രാം പ്രോട്ടീനും 16 ഗ്രാം കാർബോഹൈഡ്രേറ്റും 50 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്.
ഇതിന് പുറമെ ഫൈബറിനാലും ഒമേഗ-6 ഫാറ്റി ആസിഡായാലും സമ്പന്നമാണ് കപ്പലണ്ടി. എന്നാൽ, ഒരിക്കലും കപ്പലണ്ടി വണ്ണം കൂട്ടാൻ ഇടയാക്കുന്നോരു ഭക്ഷണമല്ല. എന്ന് മാത്രമല്ല, മിതമായ അളവിലാണ് കഴിക്കുന്നതെങ്കിൽ ഇത് വണ്ണം കുറയ്‌ക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് വിദഗ്‌ധർ പറയുന്നത്.
കപ്പലണ്ടിയുടെ ഗുണങ്ങൾ
പ്രോട്ടീൻ കാര്യമായി അടങ്ങിയിട്ടുണ്ട് എന്നതിനാലാണ് കപ്പലണ്ടി വണ്ണം കുറയ്‌ക്കാൻ ശ്രമിക്കുന്നവർക്ക് യോജിച്ച ഭക്ഷണമാണെന്ന് പറയുന്നത്. കപ്പലണ്ടി കഴിച്ചു കഴിഞ്ഞാൽ ദീർഘനേരത്തേക്ക് വിശക്കുകയില്ല. ഇതോടെ മറ്റ് ഭക്ഷണങ്ങൾ കാര്യമായി കഴിക്കുന്നത് നിയന്ത്രിക്കാൻ സാധിക്കുന്നു. ഇതും വണ്ണം കുറയ്‌ക്കാനുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തുന്നു.
പല പഠനങ്ങളും കപ്പലണ്ടി വണ്ണം കുറയ്‌ക്കാൻ സഹായിക്കുന്നുവെന്ന തരത്തിലുള്ള നിഗമനങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു. ജങ്ക് ഫുഡ്, പ്രോസസ്‌ഡ് ഫുഡ് എന്നിവയ്‌ക്കെല്ലാം പകരം കപ്പലണ്ടി പോലുള്ള ആരോഗ്യകരമായ നട്ട്‌സോ സീഡ്‌സോ കഴിച്ചു ശീലിക്കുന്നത് ഏറെ നല്ലതാണ്. അതേസമയം, ചിലരിൽ കപ്പലണ്ടി അലർജി ഉണ്ടാക്കാറുണ്ട്. ഇത് നിസാരമായി കണക്കാക്കാൻ സാധിക്കില്ല. ഈ അലർജി ഉള്ളവർ ഒരു കാരണവശാലും കപ്പലണ്ടി കഴിക്കരുത്.
Most Read: കക്ഷി രാഷ്‌ട്രീയമല്ല, പ്രത്യയശാസ്‌ത്ര രാഷ്‌ട്രീയമാണ് രാഹുൽ സംസാരിക്കുന്നത്; സ്‌റ്റാലിൻ