ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ചുരക്കുളം എസ്‌റ്റേറ്റിലെ അർജുനെ (24) കോടതി വെറുതേവിട്ടു. കട്ടപ്പന അതിവേഗ സ്പെഷൽ കോടതിയാണ് അർജുനെ വെറുതേ വിട്ടത്.
കൊലപാതകവും ബലാത്സംഗവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. കട്ടപ്പന സ്‌പെഷ്യൽ കോടതി ജഡ്‌ജി വി മഞ്‍ജുവാണ് വിധി പറഞ്ഞത്. 2021 ജൂൺ 30നാണു വണ്ടിപ്പെരിയാറിലെ എസ്‌റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുഞ്ഞിന്റെ ജഡം കണ്ടെത്തിയത്.
പെൺകുട്ടിക്കു 3 വയസുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്‌തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും ലഭിച്ചതായി പോലീസ് പറഞ്ഞിരുന്നു. 78 ദിവസത്തിനുള്ളിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
അതേസമയം, കോടതിയിൽ പൊലീസ് നിരത്തിയത് കൃത്രിമസാക്ഷികളെയാണെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. പൊലീസിന്റെ അന്വേഷണത്തിലെ വീഴ്‌ചയാണ് പ്രതി രക്ഷപ്പെടാൻ കാരണമായതെന്ന് നാട്ടുകാരും കേസിലെ അഭിഭാഷകരും ആരോപിക്കുന്നു. യഥാർഥ പ്രതികളെ കണ്ടെത്താൻ പുനരന്വേഷണം വേണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.
അപ്പീൽ സാധ്യത പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ അറിയിച്ചു. ഡിവൈഎഫ്‌ഐക്കാരനായ പ്രതിയെ രക്ഷിക്കാൻ സിപിഎം ഇടപെട്ടുവെന്നും വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരോപണം ഉയരുന്നുണ്ട്. ‘ഇതിനുപിന്നിൽ രാഷ്‌ട്രീയ ഇടപെടലുണ്ട്. ഡിവൈഎഫ്‌ഐ നേതാവായ പ്രതിയെ സംരക്ഷിക്കാൻ സിപിഎം ജില്ലാനേതൃത്വം ഇടപെട്ടു’ എന്ന ആക്ഷേപം ഇടുക്കി എംപി ഡീൻ കുര്യാക്കോസും ഉന്നയിക്കുന്നുണ്ട്.
SABARIMALA | ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് അനുവദിച്ചു