കൊച്ചി: തിരുവനന്തപുരം പാളയത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കുകയും കരിങ്കൊടി കാട്ടി വാഹനം തടയുകയും ചെയ്‌ത കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഓരോ പ്രതികളുടെയും മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണമെന്നും ജാമ്യത്തുക കെട്ടിവെക്കണമെന്നും കോടതി നിർദ്ദേശം നൽകി.
തിരുവനന്തപുരം വിട്ടുപോകരുത്, മൂന്ന് മാസം കൂടുമ്പോൾ ഹാജർ രജിസ്‌റ്റർ ഹാജരാക്കണം, കൗൺസിലിങ്ങിന് പോകാനായി വിദ്യാർഥികൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെ ബന്ധപ്പെടണം എന്നതുൾപ്പടെയാണ് കോടതി മുന്നോട്ട് വെച്ച ഉപാധികൾ. സൗജന്യ കൗൺസിലിങ്ങിനുള്ള സൗകര്യം ലീഗൽ സർവീസസ് അതോറിറ്റി ചെയ്യുമെന്നും ജസ്‌റ്റിസ് സിഎസ് ഡയസ് അറിയിച്ചു.
കേസിലെ ഒന്ന് മുതൽ ഏഴുവരെ പ്രതികളായ യദു കൃഷ്‌ണൻ, ആഷിക് പ്രദീപ്, ആർജി ആഷിഷ്, ദിലീപ്, റയാൻ, അമൽ ഗഫൂർ, റിനോ സ്‌റ്റീഫൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. ഇവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതിനിടെ, മലയാളം സർവകലാശാല തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കി. എംഎസ്‌എഫ് സ്‌ഥാനാർഥികളായ ഫൈസൽ, അൻസീറ അടക്കമുള്ളവർ നൽകിയ ഹരജിയിലാണ് ഉത്തരവ്, രണ്ടാഴ്‌ചക്കുള്ളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും, ഒരാഴ്‌ചക്കകം സ്‌ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
Most Read| വയനാട്ടിലെ അധ്യാപക നിയമനം; സംസ്‌ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്