ബെംഗളൂരൂ: ഒരു വിഭാഗം എംഎല്‍എമാരുടെയും മന്ത്രിമാരുടെയും നീക്കം വിജയത്തിലേക്കെന്ന് സൂചന. നിലവിലെ കർണാടക മുഖ്യമന്ത്രിയും ഏറെ വിവാദം സൃഷ്‍ടിച്ച ഓപ്പറേഷൻ കമല വിവാദത്തിൽ പ്രതിസ്‌ഥാനത്തുമുള്ള ബിഎസ് യെദിയൂരപ്പക്കെതിരെ അന്വേഷണ സാധ്യത രൂപം കൊള്ളുന്നുണ്ട്.
കോടതി നേരിട്ട് അന്വേഷണം പ്രഖ്യാപിക്കും മുൻപ് യെദിയൂരപ്പയെ താഴെ ഇറക്കിയില്ലങ്കിൽ അത് ബിജെപിക്ക് ദേശീയതലത്തിൽ തന്നെ വലിയ പരിക്ക് നൽകുമെന്നുമാണ് ഒരുപറ്റം എതിരാളികൾ പറയുന്നത്.
2008ൽ കർണാടക നിയമസഭയിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്നതിനു വേണ്ടി ബിജെപി നടത്തിയ നീക്കമായിരുന്നു ഓപ്പറേഷൻ കമല. 2008ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 225 സീറ്റുകളിൽ 110 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു. അന്ന് നാല് ജനതാദൾ (എസ്) എംഎൽഎമാരും മൂന്ന് കോൺഗ്രസ് എംഎൽഎമാരും സ്വന്തം സീറ്റ് രാജിവെച്ച് ബിജെപിയിൽ ചേർന്നു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി അഞ്ച് സീറ്റ് വിജയത്തോടെ കർണാടക നിയമസഭയിൽ ഒറ്റക്ക് ഭൂരിപക്ഷം നേടി. ഇതിനായി 150 കോടി രൂപയോളം ഒഴുക്കിയെന്നാണ് ആരോപണം.
ഈ കേസിൽ നിരവധി പരാതികൾ കോടതിക്ക് മുന്നിലെത്തിയിരുന്നു. എന്നാൽ, പലഘട്ടത്തിൽ നടത്തിയ ഇടപെടലുകളിലൂടെ അന്വേഷണത്തിനെ നീട്ടിക്കൊണ്ടുപോകാനും സ്‌റ്റേകൾ വാങ്ങാനും യെദിയൂരപ്പക്ക് സാധിച്ചിരുന്നു. പക്ഷെ, ഇക്കഴിഞ്ഞ മാർച്ചിൽ തുടരന്വേഷണത്തിന് അനുമതി നൽകി ഹൈക്കോടതി ഉത്തരവിട്ടു. ബിജെപി എംഎൽഎ ശിവന്ന ഗൗഡ, ഹസൻ എംഎൽഎയായ പ്രീതം ഗൗഡ, യെദിയൂരപ്പയുടെ ഉപദേശകനായ മുൻ പത്രപ്രവർത്തകൻ മരാംകൽ എന്നിവരും ഈ കേസിലെ പ്രതികളാണ്.

2019ൽ ഓപ്പറേഷൻ കമല വീണ്ടും ആവർത്തിച്ചു. അന്ന് കോൺഗ്രസ്, ജെഡിഎസ് സഖ്യസർക്കാരിനെ നിലം പരിശാക്കാൻ 30കോടി വീതം നൽകി 17 എംഎൽഎമാരെ രാജി വെപ്പിച്ചാണ് ഓപ്പറേഷൻ കമല 2.0 നടപ്പിലാക്കിയത്. അതായത്, ഇന്ന് നിലവിലുള്ള യെദിയൂരപ്പ മന്ത്രിസഭ ജനാധിപത്യത്തെ വിലക്കെടുത്ത് രൂപം കൊണ്ടതാണ് എന്നർഥം.
2019ൽ ജെഡിഎസ് സംസ്‌ഥാന അധ്യക്ഷനായ വിശ്വനാഥ് അടക്കം 17 പ്രമുഖരായ എംഎൽഎമാരെയാണ് 500കോടിയോളം ഇറക്കി കൊയ്‌തെടുത്തത്. എന്നാൽ, ബിജെപിയിൽ കാര്യമായ സ്‌ഥാനം ലഭിക്കാത്ത വിശ്വനാഥ്, ‘ഓപ്പറേഷൻ കമല’യെക്കുറിച്ച് പുസ്‌തകം എഴുതുമെന്ന് ഈ ജൂണിൽ പ്രഖ്യാപിച്ചിരുന്നു.
‘ബോംബെ ഡേയ്‌സ്’ എന്ന പേരിലെഴുതുന്ന ഈ പുസ്‌തകം കന്നഡ, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിൽ രണ്ടുമാസത്തിനുള്ളിൽ പുറത്തിറക്കുമെന്നാണ് അന്ന് വിശ്വനാഥ് അറിയിച്ചത്. ഈ പുസ്‌തകത്തിൽ നിലവിലെ നിയമ മന്ത്രി ബസവരാജ ബൊമ്മയ്യും യെദിയൂരപ്പ മകൻ ബിഎസ് വിജയേന്ദ്രയും ഉൾപ്പടെ പലരുടെയും പേരുകളും അഴിമതിയുടെ നീച ചരിത്രവും ഉണ്ടെന്നാണ് ‘വിശ്വനാഥ്‘ വൃത്തങ്ങൾ പറയുന്നത്.
യെദിയൂരപ്പ രാജിവാര്‍ത്ത തുടർച്ചയായി നിഷേധിക്കുന്നുണ്ടങ്കിലും വിശ്വനാഥും കൂട്ടരും കൊളുത്തിവിട്ട ‘ബ്ളാക് മെയിൽ‘ രാഷ്‌ട്രീയത്തിൽ യെദിയൂരപ്പ മുഖ്യമന്ത്രി സ്‌ഥാനം ഒഴിഞ്ഞാൽ പുസ്‌തകം നീളുകയും എഴുത്ത് രീതിമാറുകയും ചെയ്യും. ഉപാധികളോടെ രാജിസമയം വേണമെങ്കിൽ ദീർഘിപ്പിക്കാം എന്ന വ്യവസ്‌ഥ വിശ്വനാഥും കൂട്ടരും വെച്ചിട്ടുണ്ടങ്കിലും രാജി അനിവാര്യമാണ്.

രാജിവെക്കാനുള്ള ഫോർമുല തയ്യാറാക്കിയില്ലങ്കിൽ, പുസ്‌തകം ഓഗസ്‌റ്റ് അവസാനത്തോടെ പുറത്തിറങ്ങുമെന്നും അത് ബിജെപ്പിയുടെ ദേശിയ പ്രതിഛായയെ പിടിച്ചുലക്കുന്നതും ആകുമെന്നാണ് സൂചന. രാജിവെച്ചാൽ ബിഎസ് വിജയേന്ദ്രയെ മുഖ്യമന്ത്രിയാകാനുള്ള നീക്കം നടക്കുന്നുണ്ട്. എന്നാൽ, ഇതിനെയും വിശ്വനാഥും കൂട്ടരും അരിഞ്ഞുവീഴ്‌ത്തും.
Most Read: സ്‌റ്റാന്‍ സ്വാമിയുടെ മരണം; ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രത്തിനേറ്റ കളങ്കമെന്ന് യുഎന്‍ വിദഗ്‌ധ