തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിന് എത്തുന്ന കുട്ടികൾക്ക് കോവിഡ് പരിശോധന നിർബന്ധമില്ല. മണ്ഡല- മകരവിളക്ക് തീർഥാടന മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവിറക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ തീർഥാടനത്തിന് കൊണ്ടുപോകാം.
സംസ്‌ഥാനത്ത് പുതിയ വകഭേദത്തിന്റെ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പുണ്ട്. ഇതിന് പിന്നാലെയാണ് ശബരിമലയിലെ മാനദണ്ഡങ്ങളിൽ ഇളവ് നൽകിയിരിക്കുന്നത്. നേരത്തെ സർക്കാർ നിശ്‌ചയിച്ച മണ്ഡല- മകരവിളക്ക് കാലത്തെ മാനദണ്ഡങ്ങൾ പ്രകാരം രണ്ട് ഡോസ് വാക്‌സിൻ എടുക്കുകയോ തീർഥാടനത്തിന് എത്തുന്നതിന് 72 മണിക്കൂർ മുൻപ് എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യണം. ഇതിലാണ് നിലവിൽ കുട്ടികൾക്ക് വേണ്ടി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ, കുട്ടികൾ ഉൾപ്പടെ എല്ലാവരും മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസർ തുടങ്ങിയ അടിസ്‌ഥാന മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണമെന്ന് നിർദ്ദേശമുണ്ട്. കുട്ടികളുടെ ആരോഗ്യകാര്യങ്ങളിലെ പൂർണ ഉത്തരവാദിത്തം അവരെ തീർഥാടനത്തിന് എത്തിക്കുന്ന മുതിർന്നവർക്കാണെന്നും ആരോഗ്യവകുപ്പ് വ്യക്‌തമാക്കിയിട്ടുണ്ട്.
പുതിയ വകഭേദം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ എന്തുകൊണ്ട് ഇത്തരമൊരു ഇളവ് നൽകി എന്ന കാര്യം ഉത്തരവിൽ വ്യക്‌തമല്ല. കഴിഞ്ഞ ദിവസം മുതൽ ശബരിമലയിൽ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണത്തിലടക്കം ഇളവുകൾ നൽകാനുള്ള നീക്കം സർക്കാർ നടത്തുന്നുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ കുട്ടികൾക്ക് ഇളവ് നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read: ഹലാൽ വിവാദം; ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി