വിശ്വാസം വിലപ്പെട്ടതാണ്, പ്രതീക്ഷയും; ചന്ദനയുടെ കത്തിന് കളക്‌ടറുടെ ‘മറുപടി’ പുത്തൻ മൊബൈൽ

By Desk Reporter, Malabar News
Collector's reply to Chandana's letter New Mobile
Ajwa Travels

കൊച്ചി: വിശ്വാസം വിലപ്പെട്ടതാണ്, പ്രതീക്ഷയും; ഒരു ഒൻപതാം ക്‌ളാസുകാരിയുടെ വിശ്വാസവും പ്രതീക്ഷയും നിറവേറ്റാനായതിന്റെ ആത്‌മ സംതൃപ്‌തിയിലാണ് എറണാകുളം കളക്‌ടർ എസ് സുഹാസ് ഐഎഎസ്. മൊബൈൽ ഫോൺ കേടായതിനെ തുടർന്ന് ഓൺലൈൻ പഠനം മുടങ്ങിയ വിഷമം പറഞ്ഞ് കാലടി മാണിക്കമംഗലം എന്‍എസ്എസ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാർഥിനി ചന്ദന എഴുതിയ കത്തും തുടർന്ന് നേരിട്ട് പോയി ഫോൺ നൽകിയതിന്റെ അനുഭവവും പങ്കുവെച്ച് കളക്‌ടർ ഫേസ്ബുക്കിലിട്ട കുറിപ്പ് ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;

വിശ്വാസം വിലപ്പെട്ടതാണ് പ്രതീക്ഷയും….
‘സാറിന് ഒരു കുട്ടിയുടെ കത്തുണ്ട്’ എന്ന് ഓഫിസ് ജീവനക്കാര്‍ പറഞ്ഞപ്പോള്‍ കൗതുകം തോന്നി. പതിവായി കളക്റ്ററേറ്റിലേക്കു വരുന്ന തപാലുകളുടെ കൂട്ടത്തില്‍ ആ കത്ത് ഫയല്‍ പരിശോധനക്കിടെ എടുത്തു വായിച്ചു. കാലടി മാണിക്കമംഗലം എന്‍എസ്എസ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്‌ളാസ് വിദ്യാർഥിനി ചന്ദന, സാധാരണ തപാലില്‍ കാലടിയില്‍നിന്നും പോസ്‌റ്റ് ചെയ്‌ത കത്താണ്.

ഓണ്‍ലൈന്‍ പഠനത്തിന് ചന്ദന ഉപയോഗിച്ചിരുന്ന ഫോണ്‍ കേടായതിനെ തുടര്‍ന്ന് പഠനം മുടങ്ങിയതാണ് വിഷയം. ഫോണ്‍ പണി മുടക്കുന്നതിനനുസരിച്ച് നന്നാക്കി വരുന്നതിനിടെ പൂർണമായും കേടായി. നടത്തിവന്നിരുന്ന ചെറിയ കട ലോക്ക്ഡൗണിനെ തുടര്‍ന്ന് പൂട്ടേണ്ടി വന്നപ്പോള്‍ പെയിന്റിങ് ജോലി ചെയ്യാന്‍ തുടങ്ങിയ അച്ഛന്‍ ആദര്‍ശും ഒരു കടയില്‍ ജോലിക്കു പോകുന്ന അമ്മ ഷീനയും മാസങ്ങള്‍ക്കു മുമ്പ് കോവിഡിന്റെ പിടിയിലായി.

രോഗം ഭേദമായെങ്കിലും ലോക്ക്ഡൗണ്‍ പശ്‌ചാത്തലത്തില്‍ ജോലിക്കു പോകാന്‍ നിവൃത്തിയില്ലാതായതോടെ മകളെ ഓണ്‍ലൈന്‍ ക്‌ളാസിൽ പങ്കെടുക്കാന്‍ കൂട്ടുകാരിയുടെ വീട്ടിലേക്ക് പറഞ്ഞയക്കുക എന്നതായിരുന്നു അവര്‍ കണ്ടെത്തിയ പരിഹാര മാർഗം.

‘എന്റെ കൂട്ടുകാരിയുടെ ഫോണില്‍ നിന്നുമാണ് ഞാന്‍ നോട്ടുകള്‍ എഴുതിയെടുക്കുന്നത്. കൂട്ടുകാരിയുടെ പേര് ആഷ്‌ണമോള്‍ രഘു. അവളുടെ വീട് ഒരു കിലോമീറ്റര്‍ ദൂരെയാണ്. അവിടെവരെ സൈക്കിളില്‍ പോയാണ് വരുന്നത്. ആ പ്രദേശത്തൊക്കെ കോവിഡ് കേസുകള്‍ ഉള്ളതുകൊണ്ട് അച്ഛനും അമ്മക്കും എന്നെ വിടാനും ഇപ്പോള്‍ പേടിയാണ്. അപ്പോഴാണ് സാറിനോട് ഈ വിഷമം പങ്കുവെച്ചാലോ എന്ന് ആഷ്‌ണമോള്‍ പറഞ്ഞത്. ഗൂഗിള്‍ മീറ്റ് വഴി അധ്യാപകര്‍ ക്‌ളാസ് എടുക്കുന്നതിനു പുറമെ ഓരോ വിഷയങ്ങള്‍ക്കും വാട്‍സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് നോട്ടുകള്‍ തരുന്നത്. എനിക്കൊരു ഫോണോ ടാബോ തരാമോ? പഴയതാണെങ്കിലും കുഴപ്പമില്ല’ പ്രശ്‌നം വിവരിച്ച ശേഷം ചന്ദന ആവശ്യവും തുറന്നു പറഞ്ഞു.

Collector's reply to Chandana's letter New Mobile

ആ ചോദ്യത്തില്‍ എന്നിലുള്ള വിശ്വാസവും പ്രതീക്ഷയുമാണ് എനിക്ക് അനുഭവപ്പെട്ടത്. ആ കുഞ്ഞ് എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയായിരിക്കുമല്ലോ. കൂട്ടത്തില്‍ ഒരു രഹസ്യവും കത്തിലുണ്ടായിരുന്നു- കത്തെഴുതുന്ന കാര്യം അച്ഛനും അമ്മക്കുമറിയില്ല എന്ന്.

രക്ഷിതാക്കളുടെ ദുരിതം മനസിലാക്കി അവരെ സങ്കടപ്പെടുത്താതിരിക്കുമ്പോഴും പഠനത്തില്‍ പുറകിലാകുമോ എന്ന ആശങ്ക, സൈക്കിളില്‍ അത്രയും ദൂരം ദിവസവും പോയി വരാനുള്ള മനസ്, കൂട്ടുകാരിക്കു താങ്ങും പ്രോൽസാഹനവുമാകുന്ന നിസ്വാര്‍ഥയായ സഹപാഠി… എന്തെല്ലാം പാഠങ്ങളാണ് !

കൂടപ്പിറപ്പു പോലുമില്ലാത്ത ചന്ദന ജില്ലാ കളക്‌ടർ എന്ന എന്റെ ഔദ്യോഗിക പദവിക്കപ്പുറം ഒരു സഹോദര സ്‌ഥാനത്തു കണ്ട് ആവശ്യപ്പെടുന്നതു പോലെയുള്ള വരികള്‍. അന്വേഷിച്ചപ്പോള്‍ സത്യം തന്നെ. ഇന്നലെ വൈകിട്ട് പുതിയ ഒരു ആൻഡ്രോയ്‌ഡ് ഫോണ്‍ ചന്ദനയുടെ വീട്ടില്‍ നേരിട്ട് പോയി നല്‍കി. കത്തിലുണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ വീട്ടുകാരെ വിളിച്ച് വിവരം ധരിപ്പിച്ചാണ് പോയത്.

ഞാന്‍ ചെല്ലുന്നതറിഞ്ഞ് ആഷ്‌ണമോളെയും ചന്ദന വിളിച്ചു വരുത്തിയിരുന്നു. ആശ്‌ചര്യത്തോടെ വീട്ടുകാര്‍ നില്‍ക്കുമ്പോള്‍ അഭിമാനത്തോടെ ഫോണ്‍ ഏറ്റു വാങ്ങുന്ന ചന്ദനയുടെയും കണ്ടു നില്‍ക്കുന്ന ആഷ്‌ണയുടെയും മുഖത്ത് സന്തോഷം!

Collector's reply to Chandana's letter New Mobile

നന്നായി പഠിക്കാമെന്ന് ഇരുവരും ഉറപ്പു നല്‍കി. ഇതെന്റെ കടമ മാത്രം. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടെ ഒരുപക്ഷേ ഇക്കാര്യമെല്ലാം വിസ്‌മരിച്ചേക്കാം. പക്ഷേ ആ കൊച്ചു മിടുക്കികളില്‍ ഇതുണ്ടാക്കിയ ആത്‌മവിശ്വാസവും ദൃഢനിശ്‌ചയവും ഏറെ വലുതാണ്. അവര്‍ ഉയരങ്ങളിലെത്തും, തീര്‍ച്ച! അവരുടെ വിലപ്പെട്ട വിശ്വാസവും പ്രതീക്ഷയും നിറവേറ്റാനായതില്‍ എനിക്കും സന്തോഷം.
ഇരുവര്‍ക്കും ഭാവുകങ്ങള്‍….

Most Read:  സംസ്‌ഥാനത്ത് ഉടനീളം നാളെ മുതൽ കെഎസ്ആര്‍ടിസി​ സർവീസുകൾ ആരംഭിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE