വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് കുസാറ്റ്; കേരളത്തിൽ ഇതാദ്യം

നിലവിൽ 75 ശതമാനം ഹാജർ ഉള്ളവർക്കേ സെമസ്‌റ്റർ പരീക്ഷ എഴുതാനാകൂ. ഹാജർ കുറവാണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ സെമസ്‌റ്റർ പരീക്ഷ എഴുതാം. ആർത്തവ അവധിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല. പകരം അപേക്ഷ മാത്രം നൽകിയാൽ മതി.

By Trainee Reporter, Malabar News
Cusat granted menstrual leave to female students

കൊച്ചി: വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്). ഓരോ സെമസ്‌റ്ററിലും 2 ശതമാനം അധിക അവധി ആനുകൂല്യം വിദ്യാർഥിനികൾക്ക് നൽകാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ആർത്തവ അവധി അനുവദിക്കുന്നത്.

നിലവിൽ 75 ശതമാനം ഹാജർ ഉള്ളവർക്കേ സെമസ്‌റ്റർ പരീക്ഷ എഴുതാനാകൂ. ഹാജർ കുറവാണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ സെമസ്‌റ്റർ പരീക്ഷ എഴുതാം. എന്നാൽ, ആർത്തവ അവധിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല. പകരം അപേക്ഷ മാത്രം നൽകിയാൽ മതി.

അടുത്തിടെ, ആർത്തവ ദിവസങ്ങളിലെ അവധി ആവശ്യപ്പെട്ട് അഭിഭാഷക ഷൈലേന്ദ്രമണി ത്രിപാഠി സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹരജി സമർപ്പിച്ചിരുന്നു. വിദ്യാർഥിനികൾക്കും ജോലി ചെയ്യുന്നവർക്കും ആർത്തവ അവധി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. ആർത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ഭരണഘടന 14ആം അനുച്ഛേദം പ്രകാരം ലംഘനം ആണെന്നും ഹരജിയിൽ പറയുന്നു.

കൂടാതെ, ആർത്തവ ദിവസങ്ങളിൽ സ്‌ത്രീകൾ അനുഭവിക്കുന്ന വേദന ഹൃദയാഘാത സമയത്തെ വേദനയ്‌ക്ക് തുല്യമാണെന്ന ലണ്ടൻ സർവകലാശാല പഠനത്തെ കുറിച്ചും ഹരജിയിൽ പരാമർശിച്ചിട്ടുണ്ട്. ഈ സമയത്തെ വേദന ജീവനക്കാരുടെ ഉൽപ്പാദന ക്ഷമത കുറക്കുകയും ഇത് ജോലിയെ ബാധിക്കുകയും ചെയ്യുമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ കമ്പനികളായ സൊമാറ്റോ, ബൈജൂസ്‌, സ്വിഗ്ഗി, മാഗ്‌സറ്റർ, ഇൻഡസ്ട്രി, എആർസി, ഫ്‌ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി രാജ്യത്തെ ചില സ്‌ഥാപനങ്ങൾ ശമ്പളത്തോടുകൂടിയ ആർത്തവ അവധി സ്‌ത്രീകൾക്ക് നൽകുന്നുണ്ടെന്നും ഹരജിയിൽ വ്യക്‌തമാക്കി. ആർത്തവ അവധി നൽകുന്ന ഇന്ത്യയിലെ ഏക സംസ്‌ഥാനം ബീഹാറാണ്.

അതേസമയം, കഴിഞ്ഞ മാസം വിദ്യാർഥിനികൾക്ക് 60 ദിവസം പ്രസവാവധി അനുവദിക്കാൻ എംജി സർവകലാശാല തീരുമാനിച്ചിരുന്നു. ഡിഗ്രി, പിജി വിദ്യാർഥിനികൾക്ക് സെമസ്‌റ്റർ മുടങ്ങാതെ പ്രസവാവധി നൽകാനാണ് എംജി സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായത്. ആദ്യമായാണ് ഒരു സംസ്‌ഥാനത്ത്‌ പഠനകാലയളവിനെ ബാധിക്കാത്ത രീതിയിൽ വിദ്യാർഥിനികൾക്ക് പ്രസവാവധി അനുവദിക്കാൻ ഒരു സർവകലാശാല തീരുമാനമെടുക്കുന്നത്.

സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ഡിഗ്രി, പിജി, ഇന്റഗ്രേറ്റഡ്, പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവയിലെ 18 കഴിഞ്ഞ വിദ്യാർഥിനികൾക്കാണ് 60 ദിവസത്തെ അവധി അനുവദിക്കുക. പ്രസവത്തിന് മുമ്പോ ശേഷമോ ഈ അവധി എടുക്കാം. പൊതു അവധി ദിവസങ്ങളും സാധാരണ അവധി ദിവസങ്ങളും ഉൾപ്പടെ ആയിരിക്കും അവധിയുടെ കാലയളവ് കണക്കാക്കുക. ഗർഭഛിദ്രം, ഗർഭാലസ്യം, ട്യുബക്‌ടമി തുടങ്ങിയ സാഹചര്യങ്ങളിൽ 14 ദിവസത്തെ അവധിയും അനുവദിക്കും.

ആദ്യത്തെയോ രണ്ടാമത്തെയോ ഗർഭധാരണത്തിന് മാത്രമാണ് അവധി അനുവദിക്കുക. ഒരു കോഴ്‌സിന്റെ കാലയളവിൽ ഒരു തവണ മാത്രമാണ് അവധി എടുക്കാൻ കഴിയുക. പ്രസവ അവധിക്കൊപ്പം മറ്റ് അവധികൾ ഉൾപ്പെടുത്താൻ പാടില്ല. പ്രസവ അവധി ആരംഭിക്കുന്ന തീയതിക്ക് കുറഞ്ഞത് മൂന്ന് ദിവസം മുമ്പ് അപേക്ഷ നൽകണം. സെമസ്‌റ്ററിന് ഇടയിൽ പ്രസവാവധി എടുക്കുന്നവരെ അതേ സെമസ്‌റ്ററിന്റെ പരീക്ഷക്ക് രജിസ്‌റ്റർ ചെയ്യാൻ അനുവദിക്കും-തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.

Most Read: 51 ദിവസം, 3200 കിലോമീറ്റർ ദൂരം; ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല യാത്രക്ക് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE