തിരുവനന്തപുരം: മതത്തിന്റെ പേരിൽ മൻസിയ എന്ന കലാകാരിക്ക് കൂടൽ മാണിക്യ ക്ഷേത്രത്തിൽ നൃത്തപരിപാടി അവതരിപ്പിക്കാൻ വിലക്കേർപ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്‌ടങ്ങൾ പേറലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
മന്‍സിയ ശ്യാം എന്ന പേരില്‍ അപേക്ഷ നല്‍കിയപ്പോള്‍ അംഗീകരിക്കുകയും പിന്നീട് അവര്‍ ഹിന്ദുമതത്തില്‍ പെട്ടയാളല്ലെന്ന് മനസിലായപ്പോള്‍ അംഗീകാരം പിന്‍വലിക്കുകയും ചെയ്‌തു എന്നാണ് ക്ഷേത്ര ഭരണ സമിതി ഈ വിഷയത്തിൽ നല്‍കിയിരിക്കുന്ന വിശദീകരണമെന്നും ഇത് സാംസ്‌കാരിക കേരളത്തിന് അങ്ങേയറ്റം അപമാനമാണെന്നും ഡിവൈഎഫ്ഐ വ്യക്‌തമാക്കി.
ശാസ്‌ത്രീയ നൃത്തരൂപങ്ങള്‍ സ്വായത്തമാക്കിയത് കൊണ്ട് മത യഥാസ്‌ഥിതികരില്‍ നിന്ന് നേരത്തേ കനത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്ന കലാകാരിയാണ് മന്‍സിയ. സാമൂഹ്യ പരിവർത്തനത്തിന് വലിയ ചുവട് വെപ്പ് നടത്തിയ ഇത്തരം പ്രതിഭകളെ പ്രോൽസാഹിപ്പിക്കുകയാണ് പരിഷ്‌കൃത സമൂഹം ചെയ്യേണ്ടത്. അന്ധവിശ്വാസങ്ങളെ അകറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ പൊതു ഇടങ്ങളെ മതേതരമായ കലാ സാംസ്‌കാരിക കൂട്ടായ്‌മകള്‍ക്കുള്ള വേദിയാക്കി മാറ്റണം; ഡിവൈഎഫ്ഐ പറഞ്ഞു.
കലയും സംസ്‌കാരവും മാനവികതയുടെ അടിവേരാണെന്നും മാനവികത സംരക്ഷിക്കാനാവശ്യമായ ഇടപെടലുകള്‍ക്ക് ഡിവൈഎഫ്ഐ നേതൃത്വം നല്‍കുമെന്നും പ്രസ്‌താവനയില്‍ ഡിവൈഎഫ്ഐ വ്യക്‌തമാക്കി.
Most Read: മാവോയിസ്‌റ്റ് വേട്ട; കേരളത്തിന് ലഭിച്ചത് 6.67 കോടിയുടെ കേന്ദ്ര സഹായം