ഡെൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കർഷക സംഘടനകൾ വീണ്ടും സമരമുഖത്തേക്ക്. ഈ മാസം 20ന് ഡെൽഹിയിലെ രാംലീല മൈതാനത്തിന് സമീപം നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ ആയിരകണക്കിന് കർഷകർ പങ്കെടുക്കും. അന്നേ ദിവസം രാവിലെ പത്ത് മണിമുതൽ വൈകിട്ട് 3.30 വരെ പ്രകടനം നടത്താനാണ് സംയുക്‌ത കിസാൻ മോർച്ചക്ക് അനുമതി ലഭിച്ചിരിക്കുന്നത്.
കർഷകരും പോലീസും തമ്മിൽ പലവട്ടം നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് പ്രതിഷേധം നടത്താൻ കർഷക സംഘടനകൾ തീരുമാനിച്ചത്. മുഴുവൻ എംഎസ്‌പി (മിനിമം സപ്പോർട്ട് പ്രൈസ്) +50 ശതമാനം അനുവദിക്കുക, എല്ലാ കടങ്ങളും എഴുതി തള്ളുക, കാർഷിക മേഖലയിൽ കോർപറേറ്റ്/ എംഎൻസികൾ പാടില്ല, കാർഷിക സംസ്‌കരണത്തിൽ- ഭക്ഷ്യ വിതരണത്തിൽ കോർപറേറ്റ്/ എംഎൻസികൾ പാടില്ലെന്നുമാണ് കർഷക സംഘടനകളുടെ പ്രധാന ആവശ്യം.
കൂടാതെ, പമ്പിങ് സൈറ്റുകൾക്ക് സൗജന്യ വൈദ്യുതി+300 യൂണിറ്റ് ഗാർഹികമായി നൽകുക, കർഷകർക്ക് 5000 രൂപ പെൻഷൻ അനുവദിക്കുക, പ്രക്ഷോഭത്തിനിടെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കുക, കാർഷിക ഭൂമിയിൽ വിദേശ നിക്ഷേപകർ പാടില്ല തുടങ്ങിയ ആവശ്യങ്ങളും കർഷകർ മുന്നോട്ട് വെച്ചിട്ടുണ്ട്. അതേസമയം, ഭക്ഷ്യ സംസ്‌കരണം, സംഭരണം, വിപണനം എന്നിവ കോർപറേറ്റ് സ്‌ഥാപനങ്ങൾക്ക് കൈമാറാൻ സർക്കാർ ശ്രമിക്കുകയാണെന്ന് അഖിലേന്ത്യാ കിസാൻ മസ്‌ദൂർ ജനറൽ സെക്രട്ടറി ഡോ. ആശിഷ് മിത്തൽ ആരോപിച്ചു. ഈ നയങ്ങളെ ശക്‌തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
Most Read: സഭയിൽ പ്രതിപക്ഷ കോപ്രായങ്ങൾ; മുഖ്യമന്ത്രിക്കെതിരെ വ്യക്‌തിപരമായ ആക്ഷേപം- എംവി ഗോവിന്ദൻ