ലക്ഷദ്വീപിനെ മറ്റൊരു കശ്‌മീരാക്കാനാണോ സംഘപരിവാർ ശ്രമം? വിടി ബൽറാം

By Desk Reporter, Malabar News
VT Balram's reply to Pinarayi Vijayan
Ajwa Travels

പാലക്കാട്: ലക്ഷദ്വീപിനെ മറ്റൊരു കശ്‌മീരാക്കാനാണോ സംഘപരിവാർ ശ്രമമെന്ന് സംശയിക്കേണ്ടതുണ്ടെന്ന് മുൻ എംഎൽഎ വിടി ബൽറാം. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപല്‍ ബിജെപി സര്‍ക്കാര്‍ നിക്ഷിപ്‌ത താൽപര്യങ്ങളോട് കൂടിയ ഇടപെടലുകള്‍ നടത്തുന്നു എന്നത് ഏറെ ആശങ്കാകരമാണെന്ന് വിടി ബല്‍റാം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

“കശ്‌മീരിൽ ചെയ്‌തത്‌ പോലെ തദ്ദേശീയരായ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളേയും സാധാരണ ജീവിതത്തേയും അട്ടിമറിച്ച് തന്നിഷ്‌ടം നടപ്പാക്കാനുള്ള നീക്കങ്ങളാണ് ഈയടുത്ത കാലത്ത് ലക്ഷദ്വീപിലും കാണാൻ കഴിയുന്നത്. കശ്‌മീർ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നുവെങ്കിൽ ലക്ഷദ്വീപ് നൂറ് ശതമാനവും മുസ്‌ലിം പ്രദേശമാണ് എന്നത് സംഘപരിവാറിന് സ്വാഭാവികമായിത്തന്നെ രുചിക്കാത്ത കാര്യമാണല്ലോ,”- ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

2020 ഡിസംബറിലാണ് ചില പ്രത്യേക അജണ്ടകളുടെ ഭാഗമെന്നോണം കേന്ദ്രം പുതിയ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററായി പ്രഫുൽ പട്ടേലെന്ന ഗുജറാത്തിലെ ബിജെപി നേതാവിനെ നിയമിക്കുന്നത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായി പ്രവർത്തിച്ചിരുന്ന വ്യക്‌തിയാണ് ഇദ്ദേഹം. ലക്ഷദ്വീപ് നിവാസികളുടെ തനത് സംസ്‌കാരത്തേയും ജനകീയ പ്രതീക്ഷകളേയും തകിടം മറിക്കുന്ന നിരവധി തീരുമാനങ്ങളാണ് ഇദ്ദേഹം കൈക്കൊണ്ടു വരുന്നത്; ബൽറാം പറഞ്ഞു.

പ്രഫുൽ പട്ടേൽ ലക്ഷദ്വീപിൽ നടപ്പാക്കിയ ബീഫ് നിരോധനം, ഗുണ്ടാ ആക്‌ട്, മദ്യശാലകൾക്ക് അനുമതി തുടങ്ങിയവ അക്കമിട്ട് നിരത്തിയാണ് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്‌റ്റ്. ദീർഘമായ ആസൂത്രണത്തോടെ, വംശീയ അപരവൽക്കരണത്തിനുള്ള ഒരു സംഘപരിവാർ പദ്ധതിയുടെ തുടക്കം മാത്രമാണ് ഇതെന്ന് സംശയിക്കാവുന്നതാണ്. അംബാനി, അദാനി പോലുള്ള കുത്തകകളുടെ വമ്പൻ ടൂറിസം പദ്ധതികൾക്ക് കളമൊരുക്കുന്നതിനായി തദ്ദേശീയരെ ആട്ടിപ്പായിക്കുന്ന ശ്രമമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട് എന്നും ബൽറാം പറയുന്നു.

ലക്ഷദ്വീപ് ജനതയുടെ സ്വത്വവും, സംസ്‌കാരവും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, എല്ലാ ജീവിത വ്യവഹാരങ്ങളിലും കേരളത്തെ ആശ്രയിച്ച് ജീവിക്കുന്ന ആ ജനതയെ ചേർത്തു പിടിക്കാനുള്ള ഉത്തരവാദിത്തം കേരളീയർക്കുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കേരളത്തിലെ സർക്കാരും ജനപ്രതിനിധികളും രാഷ്‌ട്രീയ നേതൃത്വവും പൊതു സമൂഹവും ഇക്കാര്യത്തിൽ സജീവവും ആത്‌മാർഥവുമായ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും ബൽറാം പറഞ്ഞു.

Most Read:  പ്രധാനമന്ത്രിക്ക് പകരം മുഖ്യമന്ത്രി; വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി ഛത്തീസ്ഗഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE