ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിനെ നാളെ സിബിഐ ചോദ്യം ചെയ്യും

By Central Desk, Malabar News
Life Mission Case _ CBI will question M Sivashankar tomorrow
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ നാളെ ലൈഫ് മിഷൻ കേസിൽ സിബിഐ ചോദ്യം ചെയ്യും. ആദ്യമായാണ് ഈ കേസിൽ ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യുന്നത്. നാളെ കൊച്ചി ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ച് സിബിഐ നോട്ടീസ് നൽകിയിട്ടുണ്ട്. കോൺഗ്രസ്‌ മുൻ എംഎൽഎ അനിൽ അക്കര സിബിഐക്ക്‌ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ ചോദ്യം ചെയ്യൽ.

കേരളത്തിലെ എല്ലാ ഭവനരഹിതർക്കും പാർപ്പിടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയാണ് ലൈഫ് മിഷൻ. സ്വന്തമായി ഭൂമിയില്ലാത്ത ഭവന രഹിതർ, വാസയോഗ്യമല്ലാത്ത ഭവനമുള്ളവർ, തീരദേശ മേഖലയിലോ തോട്ടം മേഖലയിലോ പുറമ്പോക്കിലോ താൽകാലിക ഭവനമുള്ളവർ, ഭൂമിയുള്ള ഭവനരഹിതർ എന്നിവരാണ് ഈ പദ്ധതിയുടെ ഗുണഭോക്‌താക്കൾ.

ഈ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരിയിൽ ഉയരുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ശിവശങ്കറിന് ഒരു കോടി രൂപ കൈക്കൂലി ലഭിച്ചതായി ഡോളർ കടത്തുകേസിൽ കസ്‌റ്റംസ്‌ ആരോപിച്ചിരുന്നു. ശിവശങ്കറിനെ ആറാം പ്രതിയാക്കിയാക്കി കസ്‌റ്റംസ്‌ സാമ്പത്തിക കുറ്റവിചാരണ കോടതിയായ എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലായിരുന്നു ആരോപണം.

യുഎഇയിലെ കോണ്‍സുലേറ്റ് വഴി റെഡ് ക്രസന്റ് എന്ന സംഘടന അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി ചെലവാക്കിയാണ് 140 ഫ്ളാറ്റുകളുടെ നിർമാണം വടക്കാഞ്ചേരിയിലെ ചരൽപ്പറമ്പിൽ ആരംഭിച്ചത്. ഇവ നിർമിക്കാൻ 2019 ജൂലൈ 11നാണ് കരാർ ഒപ്പുവെച്ചത്. ശേഷിക്കുന്ന തുക ഉപയോഗിച്ച് ആരോഗ്യകേന്ദ്രം നിര്‍മിക്കാമെന്നായിരുന്നു ധാരണ. പദ്ധതിയുടെ പേരിൽ 4.48 കോടി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌നയടക്കമുള്ളവർക്കു കൈക്കൂലി നൽകിയെന്ന് ആരോപണം വന്നതോടെ ഈ പദ്ധതി വിവാദത്തിലായി. ഇതോടെ 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നത്തിന് പൂട്ടുവീണു.

ലൈഫ്‌ മിഷൻ പദ്ധതിപ്രകാരം സർക്കാർ അനുവദിച്ച സ്‌ഥലത്ത്‌ ഫ്‌ളാറ്റ് പണിയാൻ കരാർ നൽകിയതും യൂണിടാക്‌ എന്ന നിർമാണക്കമ്പനിയെ തിരഞ്ഞെടുത്തതും യുഎഇ കോൺസുലേറ്റും റെഡ്‌‌ക്രസന്റുമാണ്‌. കേസുമായി ബന്ധപ്പെട്ട് സ്വർണക്കടത്തുകേസ് പ്രതി സ്വപ്‍ന സുരേഷ്, കൂട്ടുപ്രതി പിഎസ് സരിത്ത്, ലൈഫ് മിഷന്റെ കരാർ ഏറ്റെടുത്ത യൂണിടാക് എംഡി സന്തോഷ് ഈപ്പൻ എന്നിവരെ സിബിഐ നേരത്തേ ചോദ്യം ചെയ്‌തിരുന്നു.

Most Read: ചെരുപ്പില്ലാതെ അഞ്ച് കിലോമീറ്റർ; കർഷക ഓടിക്കയറിയത് വിജയത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE