ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൻമേൽ ചർച്ച ഇന്നും തുടരും. മണിപ്പൂർ കലാപത്തെ കുറിച്ചും, കേന്ദ്ര സർക്കാർ ഇടപെടലിനെ കുറിച്ചും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചർച്ചയിൽ പ്രസംഗിക്കും. വൈകിട്ട് അഞ്ചു മണിക്കാണ് അമിത് ഷായുടെ പ്രസംഗം. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, സ്‌മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ചർച്ചയിൽ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അവിശ്വാസ പ്രമേയ ചർച്ചക്ക് മറുപടി നൽകും. അവിശ്വാസ പ്രമേയ ചർച്ചയുടെ ആദ്യ ദിനമായ ഇന്നലെ ലോക്‌സഭയിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാൻ ലോകം ചുറ്റുന്ന പ്രധാനമന്ത്രി, രാജ്യത്തെ ഒരു സംസ്‌ഥാനം കത്തിയെരിയുമ്പോൾ മിണ്ടാട്ടം മുട്ടിയിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
അതേസമയം, അയോഗ്യത നീങ്ങിയതോടെ പാർലമെന്റിൽ എത്തിയ രാഹുൽ ഗാന്ധി ഇന്നലെ ലോക്‌സഭയിൽ പ്രസംഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സംസാരിച്ചില്ല. സോണിയ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും ഇന്നലെ സഭയിൽ ഹാജരായിരുന്നു. രാഹുൽ ഗാന്ധി സംസാരിക്കുമെന്ന് സ്‌പീക്കർക്ക് എഴുതികൊടുത്തിട്ട് ആളെ മാറ്റിയത് എന്താണെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയുടെ പരിഹാസം നിറഞ്ഞ ചോദ്യം സഭയിൽ ബഹളത്തിനിടയാക്കി. പ്രധാനമന്ത്രി സഭയിലുള്ളപ്പോൾ സംസാരിക്കാനാണ് രാഹുലിന്റെ പ്രസംഗം മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ.
Most Read| വീണ വിജയന്റെ മാസപ്പടി വിവാദം; സഭയിൽ ആയുധമാക്കാൻ പ്രതിപക്ഷം