തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാവുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അറിയിച്ചു. ആദ്യ ഡോസ് വാക്‌സിനേഷൻ ഈ മാസം തന്നെ പൂർത്തികരിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരിയോടെ രണ്ടാം ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ വരെ 92.8 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിനും 42.2 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകി കഴിഞ്ഞു.വാക്‌സിൻ സ്വീകരിച്ച അപൂർവ്വം ചിലരിൽ മാത്രം പാർശ്വഫലങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രം ഇതേക്കുറിച്ച് പഠിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിനൊപ്പം സംസ്‌ഥാന ആരോഗ്യവകുപ്പും വാക്‌സിൻ സ്വീകരിച്ചവരിലുണ്ടായ പാർശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തുന്നുണ്ട്.
അതേസമയം കേന്ദ്രസർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്‌ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 91.77 കോടിയിലധികം (91,77,37,885) വാക്‌സിൻ ഡോസുകൾ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 6.73 കോടിയിൽ അധികം (6,73,07,240) കോവിഡ് വാക്‌സിൻ ഡോസുകൾ സംസ്‌ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.
Read Also: നികുതി തട്ടിപ്പ്; തിരുവനന്തപുരം കോർപറേഷനിൽ 5 പേർക്ക് സസ്‌പെൻഷൻ