‘വസ്‌ത്രധാരണം ഓരോ മനുഷ്യന്റേയും അവകാശം’; കെ അനിൽകുമാറിനെ തള്ളി എംവി ഗോവിന്ദൻ

അനിൽകുമാറിന്റെ പരാമർശം പാർട്ടിയുടെ നിലപാടിൽ നിന്ന് വ്യത്യസ്‌തമാണെന്നും ഇത്തരത്തിലുള്ള ഒരു പാമർശങ്ങളും പാർട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു

By Trainee Reporter, Malabar News
m-v-govindan-anilkumar
Ajwa Travels

കണ്ണൂർ: തട്ടം വിവാദത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം കെ അനിൽകുമാറിനെ തള്ളി സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തി. വസ്‌ത്രധാരണം ഓരോ മനുഷ്യന്റേയും ജനാധിപത്യ അവകാശമാണെന്നും ഹിജാബ് വിഷയം ഉയർന്നുവന്നപ്പോൾ തന്നെ പാർട്ടി നിലപാട് വ്യക്‌തമാക്കിയിട്ടുള്ളതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

അനിൽകുമാറിന്റെ പരാമർശം പാർട്ടിയുടെ നിലപാടിൽ നിന്ന് വ്യത്യസ്‌തമാണെന്നും ഇത്തരത്തിലുള്ള ഒരു പരാമർശങ്ങളും പാർട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ‘വസ്‌ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണ്. ഭരണഘടന ഉറപ്പ് നൽകുന്ന ഒരു കാര്യം കൂടിയാണ്. ഹിജാബ് പ്രശ്‌നം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ പാർട്ടിയുടെ നിലപാട് എന്താണെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്‌. ദേശീയ നേതൃത്വവും അത് വ്യക്‌തമാക്കിയിട്ടുണ്ട്’- എംവി ഗോവിന്ദൻ പറഞ്ഞു.

‘വസ്‌ത്രധാരണ അവകാശത്തിലേക്ക് കടന്നുകയറേണ്ട ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് വസ്‌ത്രം ധരിക്കുന്നവർ ഈ വസ്‌ത്രങ്ങൾ മാത്രമേ ധരിക്കാവൂ എന്ന് നിർദ്ദേശിക്കാനോ അതിന്റെ പേരിൽ വിമർശിക്കാനോ നമ്മളാരും ആഗ്രഹിക്കുന്നില്ല’- ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മനുഷ്യത്വ വിരുദ്ധ തീവ്ര നവലിബറൽ ഫാസിസ്‌റ്റ് പ്രചാരകനായ രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള എസൻസ് നടത്തിയ ലിറ്റ്മസ് പരിപാടിയിൽ വെച്ചായിരുന്നു കെ അനിൽ കുമാറിന്റെ വിവാദ പ്രസ്‌താവന.

‘മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് ഈ കമ്യൂണിസ്‌റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണ്, വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ട് സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്‌ഥാനത്തിന്റെ പങ്ക് ചെറുതല്ല‘. എന്നായിരുന്നു കെ അനിൽ കുമാറിന്റെ പ്രസ്‌താവന.

മുസ്‌ലിം സ്‌ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിനു നന്ദി പറയേണ്ടത് മാർക്‌സിസ്‌റ്റ് പാർട്ടിയോടാണെന്നത് ഉൾപ്പടെയുള്ള പ്രസ്‌താവനകളാണ് അനിൽകുമാർ നിരീശ്വരവാദ സമ്മേളനത്തിൽ നടത്തിയത്. വിവാദ പരാമർശങ്ങൾക്കെതിരെ കേരള മുസ്‌ലിം ജമാഅത്ത്, മുസ്‌ലിം ലീഗ് ഉൾപ്പടെയുള്ളവർ ശക്‌തമായ പ്രതിഷേധവുമായി സോഷ്യൽ മീഡിയയിലടക്കം രംഗത്തെത്തിയിരുന്നു.

അതേസമയം, തട്ടം വിവാദം വിവാദമാവുകയും പാർട്ടി സെക്രട്ടറി അത് തള്ളുകയും ചെയ്‌തതോടെ വിശദീകരണവുമായി കെ അനിൽകുമാർ രംഗത്തെത്തി. പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എസൻസ് സമ്മേളനത്തിൽ അവർ ഉന്നയിച്ച ഒരു വിഷയത്തോടെ നടത്തിയ മറുപടിയിൽ പാർട്ടി സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ വിശദീകരണം തന്റെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

കേവല യുക്‌തിവാദത്തിനെതിരെയും ഫാസിസ്‌റ്റ്- തീവ്രവാദ രാഷ്‌ട്രീയങ്ങൾക്ക് എതിരെയും എല്ലാവരെയുള അണിനിരത്തേണ്ട സമരത്തിൽ ഒരുമിക്കാൻ പാർട്ടി നൽകിയ വിശദീകരണം വളരെ സഹായിക്കും. പാർട്ടി ചൂണ്ടികാട്ടിയത് ഒരു കമ്യൂണിസ്‌റ്റുകാരനെന്ന നിലയിൽ ഏറ്റെടുക്കുന്നുവെന്നും അനിൽ കുമാർ പറഞ്ഞു.

Tech| ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ജാഗ്രതൈ; അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ പണി പാളും!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE