തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് ഹോസ്‌റ്റലിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. തൃപ്പുണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷാണ് ഹോസ്‌റ്റലിൽ തൂങ്ങിമരിച്ചത്. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങി മരിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു.
പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ കോളേജ് അധികൃതർ മനപൂർമായ വീഴ്‌ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തി. ശ്രദ്ധയെ വെള്ളിയാഴ്‌ച വൈകിട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണിന്റെ പേരിൽ ശ്രദ്ധയെ വകുപ്പ് മേധാവി ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു. ഓഫീസിൽ വെച്ച് അതിരുവിട്ടു ശകാരിച്ചതായി സഹപാഠികളും പറയുന്നു. ഇതിൽ മനംനൊന്താണ് ശ്രദ്ധ ആത്‍മഹത്യ ചെയ്‌തതെന്നാണ് കുടുംബവും സഹപാഠികളും ആരോപിക്കുന്നത്.
കോളേജിലെ ലാബിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു എന്ന കാരണത്താൽ കോളേജ് അധികൃതർ വീട്ടിൽ വിളിച്ചു ശ്രദ്ധയെപ്പറ്റി കുറ്റങ്ങൾ പറഞ്ഞെന്നും സഹപാഠികൾ പറയുന്നു. ഇതോടെ ശ്രദ്ധ മാനസിക സമ്മർദ്ദത്തിലായി. മരിച്ചാൽ മതിയെന്നും ജീവിതം മടുത്തുവെന്നും ലാബിൽ വെച്ച് പറഞ്ഞതായും സഹപാഠികൾ പറയുന്നു. ലാബിലെ ടീച്ചറും വകുപ്പ് മേധാവികളുമാണ് പ്രശ്‌നം വഷളാക്കിയത്. ഹോസ്‌റ്റൽ മുറിയിലെത്തിയ ശ്രദ്ധ ആരോടും ഒന്നും മിണ്ടിയില്ലായെന്നും അവർ വ്യക്‌തമാക്കി.
അതേസമയം, ശ്രദ്ധ സതീഷിന്റെ മരണത്തിൽ മന്ത്രി ആർ ബിന്ദു റിപ്പോർട് തേടിയിട്ടുണ്ട്. മരണത്തിൽ അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട് നൽകാനാണ് മന്ത്രിയുടെ നിർദ്ദേശം. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്കാണ് മന്ത്രി ബിന്ദു നിർദ്ദേശം നൽകിയത്.
Most Read: ‘മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടി’യെന്ന് രാഹുൽ; വിമർശനവുമായി ബിജെപി