തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറോട് അന്വേഷിച്ചു നടപടിയെടുക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. പെൺകുട്ടി ചികിൽസക്കെത്തിയ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ മൊഴി അന്വേഷണം സംഘം ഇന്ന് രേഖപ്പെടുത്തും. പെൺകുട്ടിക്ക് നൽകിയ മരുന്നിന്റെ ബാച്ച് നമ്പറും പരിശോധിക്കും.
അതേസമയം, പെൺകുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. വാതത്തിനുള്ള മരുന്നിന് പകരം ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്നാണ് നൽകിയത്. 45 ദിവസത്തോളമാണ് പെൺകുട്ടി ഈ മരുന്ന് കഴിച്ചത്. തുടർന്ന് ആരോഗ്യനില വഷളായ വിദ്യാർഥിനി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. കഴിഞ്ഞ ഓഗസ്‌റ്റ് 22നാണ് ചടയമംഗലം സ്വദേശിനിയായ 18 വയസുകാരി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാതരോഗത്തിന് ചികിൽസ തേടിയത്.
ഒപിയിൽ ഡോക്‌ടറെ കാണുകയും ചെയ്‌തിരുന്നു. തുടർന്ന് ഡോക്‌ടർ നൽകിയ മരുന്നിന് പകരം ഫാർമസിയിൽ നിന്ന് നൽകിയത് ഹൃദ്രോഗത്തിനുള്ള മരുന്നായിരുന്നു. കോഴിക്കോട് എൻട്രൻസ് കോച്ചിങ്ങിന് പഠിക്കുന്ന പെൺകുട്ടി മരുന്നുമായി ഹോസ്‌റ്റലിലേക്ക് വന്നു. തുടർന്ന് 45 ദിവസം ഇത് കഴിക്കുകയും ചെയ്‌തു.
പിന്നാലെ കുട്ടിയുടെ ആരോഗ്യസ്‌ഥിതി മോശമാവുകയായിരുന്നു. ഗുരുതരമായ സന്ധിവേദനയും ശർദ്ദിയുമടക്കം ഉണ്ടാവുകയും ഞരമ്പുകളിൽ നിന്നടക്കം രക്‌തം പൊട്ടിയൊലിക്കുന്ന അവസ്‌ഥയുണ്ടായതോടെ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് വിദഗ്‌ധ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് മരുന്ന് മാറിനൽകിയ വിവരം പുറത്തറിയുന്നത്. സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ശക്‌തമായ നടപടി വേണമെന്നാണ് കുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നത്. മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പോലീസിലും പരാതി നൽകിയിട്ടുണ്ട്.
Most Read| ‘തീവ്രവാദം ഏറ്റവും വലിയ ഭീഷണി, ചെറുക്കാൻ ഒറ്റക്കെട്ടായി നിൽക്കണം’; പ്രധാനമന്ത്രി