പറയഞ്ചേരിയിൽ വളർത്തുനായയെ ഓട്ടോ കയറ്റി കൊന്നയാൾ കസ്‌റ്റഡിയിൽ

By Desk Reporter, Malabar News
Pet-Dog-Killed-by-auto-driver
Ajwa Travels

കോഴിക്കോട്: ജില്ലയിലെ പറയഞ്ചേരിയില്‍ വളർത്തുനായയെ വാഹനം കയറ്റി കൊന്ന സംഭവത്തിൽ ഓട്ടോ ഡ്രൈവർ സന്തോഷിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് ഇയാളെ വാഹനസഹിതം കസ്‌റ്റഡിയിൽ എടുത്തത്. നായയുടെ ദേഹത്ത് ഓട്ടോ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതോടെ മൃഗസംരക്ഷണ സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നു. ഈ സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് പോലീസ് നീങ്ങിയത്. പ്രദേശത്ത് പരിശോധന നടത്തിയ പോലീസ്, നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. പ്രദേശവാസികൾ ഓട്ടോ ഡ്രൈവർക്കെതിരെ പോലീസിന് മൊഴി നൽകിയെന്നാണ് സൂചന.

കോഴിക്കോട് നഗരമധ്യത്തിൽ പറയഞ്ചേരി ബസ് സ്‌റ്റോപ്പിന് സമീപം കഴിഞ്ഞ ബുധനാഴ്‌ചയാണ് ദാരുണ സംഭവം നടന്നത്. രാവിലെ പറയഞ്ചേരി ബസ് സ്‌റ്റോപ്പിന് സമീപത്തെ റോഡിലൂടെ പോവുകയായിരുന്നു ജാക്കി എന്ന വളർത്തുനായ. ആ സമയത്ത് അതുവഴി വന്ന ഓട്ടോ, നായയുടെ ദേഹത്തുകൂടെ മനഃപൂർവം കയറ്റി ഇറക്കുകയായിരുന്നു എന്നാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്‌തമാക്കുന്നത്‌.

വാഹനത്തിനടിയില്‍ നിന്നും പ്രാണനും കൊണ്ടോടിയ നായ സമീപത്തെ പറമ്പില്‍ തളർന്ന് വീണ് മിനിറ്റുകൾക്കകം ചത്തു. പ്രദേശത്തെ വീട്ടുകാർ പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് അപകടത്തിന്റെ ദൃശ്യങ്ങൾ കിട്ടിയത്. പറയഞ്ചേരിയിലെ നാലോളം വീട്ടുകാർ ചേർന്നാണ് കൊല്ലപ്പെട്ട ജാക്കി എന്ന നായയെ സംരക്ഷിച്ചത്. 7 വർഷങ്ങൾക്ക് മുന്‍പ് പറയഞ്ചേരി ചേവങ്ങോട്ട് കുന്നിലെത്തിയ ജാക്കി പ്രദേശവാസികൾക്ക് പ്രിയപ്പെട്ടവനായിരുന്നു.

എന്നാൽ പ്രദേശവാസിയായ സന്തോഷ് നായയോട് മുൻപും ക്രൂരമായി പെരുമാറിയിട്ടുണ്ടെന്നും നായയെ സന്തോഷിന്റെ വണ്ടി ഇടിക്കുന്ന വീഡിയോ കണ്ട് വിശദീകരണം തേടിയവരോട് മോശമായിട്ടാണ് അയാൾ പെരുമാറിയതെന്നും പരാതിയുണ്ട്.

Most Read:  മഴക്കെടുതി; പാലക്കാട്‌ ജില്ലയിൽ കെഎസ്ഇബിക്ക് നഷ്‌ടം 78.28 ലക്ഷം രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE