അബ്‌ദുറഹ്‌മാൻ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്: പ്രതിഷേധിച്ച് കേരള മുസ്‌ലിം ജമാഅത്ത്

വിഴിഞ്ഞം സമര സമിതി കണ്‍വീനറുടെ വർഗീയ പരാമര്‍ശമായ 'അബ്‌ദുറഹ്‌മാൻ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്' എന്ന പരാമർശം പിൻവലിച്ച് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന കമ്മിറ്റി പത്രസമ്മേളനം നടത്തി.

By Central Desk, Malabar News
There is a terrorist in the name Abdurahman _ Kerala Muslim Jamaath protest
Rep. Image
Ajwa Travels

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമര്‍ശത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് രംഗത്ത്. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദിയുണ്ട്’ എന്നായിരുന്നു ഫാദർ തിയോഡോഷ്യസ് ഡിക്രൂസിന്റെ ക്രൂരമായ പരാമർശം. ആ വിടുവായനായ അബ്‌ദുറഹ്‌മാൻ (മന്ത്രി), അഹമ്മദ് ദേവർകോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്‌തത്‌ ആരാണെന്ന് വിഴിഞ്ഞത്ത് നടന്ന സമരത്തിൽ നിന്ന് മനസിലാകും. അബ്‌ദുറഹ്‌മാന്റെ ഗുണ്ടകളെ അഴിഞ്ഞാടാൻ വിട്ടതുകൊണ്ടാണ് മൽസ്യതൊഴിലാളികൾ നിഷ്‌കരുണം അടികൊള്ളേണ്ടി വന്നത്. ഞങ്ങൾ രാജ്യദ്രോഹികളായിരുന്നെങ്കിൽ അബ്‌ദുറഹ്‌മാനെ പോലുള്ള ഏഴാം കൂലികൾ ഇവിടെ ഭരണം നടത്തില്ലായിരുന്നു എന്നിങ്ങനെ ആയിരുന്നു തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമർശം.

വിഷയത്തിൽ തിയോഡോഷ്യസ് ഡിക്രൂസ് മാപ്പ് പറയണം എന്നാണ് കേരള മുസ്‌ലിം ജമാഅത്ത് ആവശ്യം. മാത്രവുമല്ല, കേരളത്തിന്റെ മതേതര മനസിനെ മുറിവേല്‍പ്പിച്ച അത്തരമൊരു പരാമര്‍ശത്തോടുള്ള നിലപാട് വ്യക്‌തമാക്കാന്‍ വിഴിഞ്ഞം സമരത്തിനു നേതൃത്വം നല്‍കുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ നേതൃത്വം തയാറാവുകയും വേണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

നവംബര്‍ 29ന് നടത്തിയ ഗുരുതര വർഗീയ പരാമര്‍ശത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും ഇതുവരെ അതു പിന്‍വലിക്കാനോ, മാപ്പുപറയാനോ ഫാ. തിയോഡോഷ്യസ് ഡിക്രൂസ് തയാറാകാത്തത് അതീവ പ്രതിഷേധാർഹമാണ് എന്നും കേരള മുസ്‌ലിം ജമാഅത്ത് പറഞ്ഞു.

സംസ്‌ഥാനത്തെ ഒരു മന്ത്രിക്കെതിരേ, അദ്ദേഹത്തിന്റെ പേരും മതവും മുന്നിൽവച്ച് ഫാ. ഡിക്രൂസ് നടത്തിയ പരാമര്‍ശം സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. അതു കണക്കിലെടുത്ത് അദ്ദേഹത്തിനെതിരേ കേസെടുക്കാനും അറസ്‌റ്റു ചെയ്യാനും പൊലീസ് തയാറാകണം. രാജ്യത്തിന്റെ മതേതര ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള എല്ലാവരും ഇത്തരം വര്‍ഗീയതക്കും ഫാസിസത്തിനും എതിരേ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടെടുക്കേണ്ട സമയമാണിത് -കേരള മുസ്‌ലിം ജമാഅത്ത് ചൂണ്ടിക്കാട്ടി.

രാജ്യത്തെ രണ്ടു പ്രബല ന്യൂനപക്ഷ സമുദായങ്ങളെ തമ്മില്‍ അകറ്റാനും അതില്‍ നിന്നു വർഗീയമായി മുതലെടുക്കാനുമുള്ള ഗൂഢശ്രമങ്ങള്‍ ചില കേന്ദ്രങ്ങള്‍ നിരന്തരം നടത്തുന്നുണ്ട്. അതിനു ശക്‌തി പകരുന്നതാണ് ഫാ. ഡിക്രൂസിന്റെ പരാമര്‍ശം. പേരില്‍ത്തന്നെ തീവ്രവാദിയുണ്ട് എന്ന കാഴ്‌ചപ്പാടിന്റെ ദൂരവ്യാപക പ്രത്യാഘാതം തിരിച്ചറിയാതിരിക്കാന്‍ കഴിയില്ല. തുടര്‍ന്നും ഇത്തരത്തിലുള്ള വെറുപ്പിന്റെ വര്‍ത്തമാനം പറയാന്‍ ആര്‍ക്കും ഇതൊരു പ്രചോദനമാകരുത്. അതിനാവശ്യമായ തിരുത്തലും നിയമനടപടിയും ആവശ്യമാണ്. -കേരള മുസ്‌ലിം ജമാഅത്ത് വിശദീകരിച്ചു.

ഫാ. ഡിക്രൂസിന്റെ പരാമര്‍ശത്തോട് വൈകാരികമായി പ്രതികരിക്കാനോ അതേ ശൈലിയില്‍ മറുപടി പറയാനോ തയാറാകാത്ത മുസ്‌ലിം സമുദായത്തിന്റെയും സഹോദര സമുദായങ്ങളുടെയും പൊതുസമൂഹത്തിന്റെയും ജാഗ്രതയെ അഭിനന്ദിക്കുന്നതായും പ്രസ്‌തുത പരാമര്‍ശത്തിലെ വിഷംനിറഞ്ഞ ഉള്ളടക്കത്തെ അപലപിച്ച്, മതേതര പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹമാദ്ധ്യമ ആക്റ്റിവിസ്‌റ്റുകൾ ഉള്‍പ്പെടെ എല്ലാവരോടും നന്ദി അറിയിക്കുന്നതായും കേരള മുസ്‌ലിം ജമാഅത്ത് പറഞ്ഞു.

പത്രസമ്മേളനത്തില്‍ എ സൈഫുദീന്‍ ഹാജി (സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത്, സംസ്‌ഥാന കമ്മിറ്റി), സിദ്ധീഖ് സഖാഫി നേമം (സെക്രട്ടറി, സമസ്‌ത കേരള സുന്നി യുവജന സംഘം, സംസ്‌ഥാന കമ്മിറ്റി) എന്നിവർ പങ്കെടുത്തു.

Most Read: ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതണമെന്ന് മോദിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE