ജിദ്ദ: ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും സൗദി അറേബ്യയിലേക്ക് ബിസിനസ് വിസിറ്റ് വിസ അനുവദിക്കാൻ തീരുമാനം. നിക്ഷേപകർക്കായുള്ള സന്ദർശക വിസ നിലവിൽ ഏതാനും രാജ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത് മുഴുവൻ രാജ്യങ്ങളിൽ ഉള്ളവർക്കും അനുവദിക്കാൻ വിദേശകാര്യ വകുപ്പും നിക്ഷേപ മന്ത്രാലയവും സംയുക്‌തമായി തീരുമാനിച്ചു.
നിലവിൽ ഏതാനും രാജ്യങ്ങൾക്ക് മാത്രമായി അനുവദിക്കപ്പെട്ടിരുന്ന നിക്ഷേപക വിസിറ്റ് വിസ മുഴുവൻ രാജ്യങ്ങളിൽ ഉള്ളവർക്കും ഇനിമുതൽ ലഭ്യമാകും. ഓൺലൈൻ വഴി അപേക്ഷിച്ചാൽ ഉടനടി ബിസിനസ് വിസിറ്റ് വിസ അനുവദിക്കുന്ന സംവിധാനമാണ് നിലവിൽ വന്നത്. അപേക്ഷ പ്രോസസസ് ചെയ്യുകയും ഓൺലൈനിൽ നിന്ന് വിസ ഉടൻ നൽകുകയും നിക്ഷേപകന് ഇ-മെയിൽ വഴി അയക്കുകയും ചെയ്യും.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഏകീകൃത ദേശീയ വിസ പ്ളാറ്റ്‌ഫോം വഴി ലളിതവും എളുപ്പവുമായ രീതിയിലാണ് വിസ ലഭിക്കുക. സൗദി വിഷൻ 2030ന്റെ ഭാഗമായാണ് നടപടി. സൗദിയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനും വിദേശ നിക്ഷേപം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും അനായാസം ബിസിനസ് വിസിറ്റ് വിസ ലഭ്യമാക്കാൻ തീരുമാനിച്ചത്. ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുക, വിദേശി നിക്ഷേപം ആകർഷിക്കുക എന്നിവ സൗദി വിഷൻ 2030ന്റെ പ്രധാന ലക്ഷ്യങ്ങളിൽപ്പെടുന്നു.
സൗദിയെ ആകർഷകമായ ഒരുമുൻനിര നിക്ഷേപ രാജ്യമാക്കി മാറ്റുന്നതിന് പുതിയ തീരുമാനം സഹായിക്കുമെന്ന് നിക്ഷേപ മന്ത്രാലയം അഭിപ്രായപ്പെട്ടു. നിക്ഷേപക വിസിറ്റ് വിസ മുഴുവൻ രാജ്യങ്ങളിൽ ഉള്ളവർക്കും ലഭ്യമാക്കാൻ വിദേശകാര്യ വകുപ്പും നിക്ഷേപ മന്ത്രാലയവും കൈകോർത്താണ് പുതിയ സംരംഭത്തിന് തുടക്കമിട്ടതെന്നും അധികൃതർ വിശദമാക്കി.
Most Read| ‘തിരഞ്ഞെടുക്കപ്പെട്ട ആധികാരികളല്ലെന്ന വസ്‌തുത ഗവർണർമാർ മറക്കരുത്’; സുപ്രീം കോടതി