‘നല്ല നാളേക്കായി നല്ലത് ഭക്ഷിക്കാം’; ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം; അറിയേണ്ടതെല്ലാം

By News Desk, Malabar News
world food safety day
Ajwa Travels

ന്യൂഡെൽഹി: ഇന്ന് ജൂൺ 7, ലോക ഭക്ഷ്യസുരക്ഷാ ദിനം. എല്ലാ ദിവസവും നാം ഭക്ഷണം കഴിക്കാറുണ്ട്. വിശപ്പകറ്റാൻ വേണ്ടി മാത്രമല്ല ആരോഗ്യം നിലനിർത്താനും രോഗങ്ങളെ അകറ്റി നിർത്താനും കൂടിയാണ് ഭക്ഷണം. എന്നാൽ, നാം കഴിക്കുന്ന ആഹാരം നമ്മുടെ ശരീരത്തിന് വേണ്ട സുരക്ഷ ഉറപ്പാക്കുന്നുണ്ടോയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ലോകത്തിന്റെ ഏത് കോണിലും ഭക്ഷ്യസുരക്ഷ എല്ലാവരെയും ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ഏറെ ഗൗരവമുള്ള ഈ വിഷയത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുവാനും നിർദ്ദേശങ്ങൾ നൽകാനുമാണ് എല്ലാ വർഷവും ഈ ദിവസം ലോക ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കുവാൻ ഐക്യരാഷ്‌ട്രസഭ തീരുമാനിച്ചത്.

2020ൽ ലോകാരോഗ്യ അസംബ്‌ളി ഭക്ഷ്യസുരക്ഷക്കും ഭക്ഷ്യരോഗങ്ങൾ നിയന്ത്രിക്കുന്നതിനും ലോകമെമ്പാടും നടക്കുന്ന ശ്രമങ്ങൾ ശക്‌തിപ്പെടുത്തുന്നതിന് ഒരു പ്രമേയവും പാസാക്കിയിരുന്നു. യുഎൻ കണക്ക് പ്രകാരം ഓരോ വർഷവും ഏകദേശം 420,000 ആളുകളാണ് സുരക്ഷിതമല്ലാത്ത ഭക്ഷണം കാരണം മരണത്തിന് കീഴടങ്ങുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണം മനുഷ്യന്റെ ആരോഗ്യത്തിനും സമ്പദ്‌വ്യവസ്‌ഥക്കും ഭീഷണിയാകുന്നു. ഇത് ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ആളുകളെ, പ്രത്യേകിച്ച് സ്‌ത്രീകളെയും കുട്ടികളെയും, സംഘർഷം ബാധിച്ച ജനസംഖ്യയെയും കുടിയേറ്റക്കാരെയും അനുപാതമില്ലാതെ ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ വിഷയങ്ങൾ കൂടി കണക്കിലെടുത്താണ് ഐക്യരാഷ്‌ട്ര സഭ ഭക്ഷ്യസുരക്ഷാ ദിനം ആചരിക്കാൻ തീരുമാനിച്ചത്. വിശപ്പിന്റെയും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദയനീയമുഖം ലോകത്തിനുമുന്നിൽ കൊണ്ടുവരുക, ഭക്ഷ്യപ്രതിസന്ധിക്കും വിശപ്പിനുമെതിരായ പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക, അന്തർദേശീയതലത്തിൽ കാർഷിക വളർച്ചക്ക് പ്രാധാന്യവും പ്രോൽസാഹനവും നൽകുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ.

ഈ വർഷത്തെ തീം

എല്ലാ വർഷവും ഓരോ തീമിന് അനുസരിച്ചാണ് ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ച് വരുന്നത്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ‘ഇന്ന് സുരക്ഷിതമായ ഭക്ഷണം കഴിക്കൂ, ആരോഗ്യകരമായ നാളേക്കായി’ എന്നതാണ് ഈ വർഷത്തെ തീം. സാമൂഹിക അകലവും വ്യക്‌തി സുരക്ഷയും പാലിച്ച് വീടുകൾക്കുള്ളിൽ ചെലവഴിച്ച കാലമാണിത്. പലരും പച്ചക്കറികൾ ഉൾപ്പടെയുള്ളവ വീട്ടിൽ തന്നെ നട്ടുവളർത്താനും ശീലിച്ച കാലം. ഒപ്പം പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും ഭക്ഷണത്തിന് അറുതി വരാതിരിക്കാൻ കാർഷിക-ഭക്ഷ്യ മേഖലയിലുള്ളവർ അഹോരാത്രം പ്രയത്നിച്ച കാലം കൂടിയാണിത്. ഈ സാഹചര്യത്തിൽ ഏറെ പ്രസക്‌തമാണ് ഈ വർഷത്തെ ആശയം.

പ്രധാന കാരണങ്ങൾ

  • ഭക്ഷ്യ സുരക്ഷ
  • മെച്ചപ്പെട്ട ആരോഗ്യം
  • ആഗോളതലത്തിൽ ആളുകളുടെ ഉപജീവന മാർഗം
  • സാമ്പത്തിക വികസനം
  • വ്യാപാരം

എന്നിങ്ങനെ പ്രധാനപ്പെട്ട അഞ്ച് കാരണങ്ങളാലാണ് ഭക്ഷ്യസുരക്ഷാ ദിനം നിർണായകമാകുന്നത്.

നിർദ്ദേശങ്ങൾ

  • പഴങ്ങളും പച്ചക്കറികളും പാകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്‌തുക്കളും വൃത്തിയായി കഴുകണം
  • ഭക്ഷണം നന്നായി പാകം ചെയ്യണം
  • ഭക്ഷണം സുരക്ഷിതമായ താപനിലയിൽ പാകം ചെയ്യണം
  • പാചകത്തിന് ശുദ്ധമായ വെള്ളം ഉപയോഗിക്കണം

കഴിവതും പുറത്ത് നിന്നുള്ള ആഹാരങ്ങൾ ഒഴിവാക്കുക. കോവിഡ് കാലമായതിനാൽ കഴിവതും ജങ്ക് ഫുഡുകൾ ഒഴിവാക്കി സ്വയം പാകം ചെയ്യുന്ന ആഹാരം ശീലമാകുന്നതാണ് നല്ലത്. ശുദ്ധമായ വെള്ളം മാത്രം കുടിക്കുക എന്നതും പ്രധാനമാണ്.

Also Read: മൂന്ന്​ മാസത്തിന്​ ശേഷം മഹാരാഷ്‌ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE