മലയിൽ കുടുങ്ങിയ യുവാവിനെ പുറത്തെത്തിച്ചു; അപൂർവ രക്ഷാദൗത്യം വിജയിപ്പിച്ച് കരസേന

By News Desk, Malabar News
Young man trapped in cave at Palakkad
മലയിടുക്കിൽ ബാബു കുടുങ്ങിക്കിടക്കുന്ന ദൃശ്യം, ബാബുവിന്റെ മാതാവും സഹോദരനും

പാലക്കാട്: തിങ്കളാഴ്‌ച ഉച്ചക്ക് രണ്ടുമണിയോടെ മലമ്പുഴയില്‍ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബു എന്ന 23 വയസുള്ള ചെറുപ്പക്കാരനെ രണ്ടു ദിവസങ്ങൾക്ക് ശേഷം രക്ഷാസൈന്യം പുറത്തെത്തിച്ചു. പ്രദേശവാസികളും സൈന്യം ഒഴികെയുള്ള മറ്റുഫോഴ്‌സുകളും പരിശ്രമിച്ച് പരാജയപ്പെട്ടിടത്താണ് സുരക്ഷാസേന വിജയം കണ്ടത്.

രാവിലെ ഒൻപതരയോടെ സമീപമെത്തി ധൈര്യം പകർന്ന സൈനികന്റെ സഹായത്തോടെയാണ് ബാബു മലമുകളിലേക്ക് കയറാൻ തുടങ്ങിയത്. കരസേനാ സംഘത്തിലെ സൈനികന്‍ ബാബുവിന്റെ അരികില്‍ എത്തി ഭക്ഷണവും വെള്ളവും നല്‍കി. തുടര്‍ന്ന് ബാബുവിനെ സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ച് സൈനികനൊപ്പം മുകളിലേക്ക് കയറ്റുകയായിരുന്നു. ബാബുവിന്റെ ആരോഗ്യസ്‌ഥിതി പരിശോധിച്ച ശേഷമാണ് തുടർ നടപടികൾ സ്വീകരിക്കുക. സേനാംഗങ്ങൾക്കൊപ്പമോ ഹെലികോപ്‌ടർ വഴിയോ ബാബുവിനെ താഴെ എത്തിക്കാനാണ് ആലോചന.

അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമെന്ന നിലയിൽ ശ്രദ്ധേയമാണ് ഈ ദൗത്യം. ട്രക്കിങ്ങിനിടെ കാൽ വഴുതിയാണ് മലയുടെ പ്രത്യേക വിള്ളലിലേക്ക് യുവാവ് വീണത്. രണ്ടു ദിവസം പൂർണമായും ജലപാനം പോലും എടുക്കാതെ, രാത്രിയിലെ കൊടും തണുപ്പും പകലിലെ അസാമാന്യ വെയിലും സഹിച്ചാണ് ഈ യുവാവ് പിടിച്ചു നിന്നത്. സുരക്ഷാസേനയെ പ്രശംസിക്കുന്നതിന് ഒപ്പം ആദരിക്കപ്പെടേണ്ടതാണ് യുവാവിന്റെ അസാധാരണമായ ഇഛാശക്‌തിയെന്ന് ആയിരക്കണക്കിന് ആളുകളാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ രേഖപ്പെടുത്തുന്നത്.

ബാബുവും 3 സുഹൃത്തുക്കളും ചേർന്ന് തിങ്കളാഴ്‌ചയാണ് മലകയറാൻ പോയത്. 1 കിലോമീറ്ററിൽ കൂടുതൽ ഉയരമുള്ള മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കൾ തിരികെപോകാൻ തീരുമാനിച്ചു. പക്ഷെ, ബാബു കുറച്ചുകൂടി ഉയരത്തിൽ പോയശേഷമേ മടങ്ങു എന്ന് കൂട്ടുകാരോട് പറഞ്ഞു മുന്നോട്ടുപോയി. മുകളിലേക്കുള്ള കയറ്റത്തിനിടയിൽ കാൽ വഴുതി ചെങ്കുത്തായ മലയിലൂടെ താഴേക്കു ഊർന്നുപോയി പാറയിടുക്കിൽ കുടുങ്ങി എന്നാണ് അനുമാനം.

സുരക്ഷാ സൈന്യത്തിന് പോലും ബാബുവിന്റെ ആത്‌മവിശ്വാസവും മനോധൈര്യവും അൽഭുതമായി. തിങ്കളാഴ്‌ച രാത്രി തന്നെ വനം, പൊലീസ്, അഗ്‌നി രക്ഷാസേന ഉദ്യോഗസ്‌ഥരുടെ സംഘം രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. ഇന്നലെ (ചൊവ്വാഴ്‌ച) രാവിലെ മറ്റൊരു സംഘവും മല കയറി, ഫലമുണ്ടായില്ല. ദേശീയ ദുരന്തനിവാരണ സേന കയർ ഇറക്കി പാറയിടുക്കിൽ എത്താൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല.

കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ എത്തിയെങ്കിലും ഭൂപ്രകൃതിയും ശക്‌തമായ കാറ്റും പൊടിയും കാരണം കോപ്‌റ്ററിനെ അന്തരീക്ഷത്തിൽ നിറുത്തി രക്ഷാസംഘത്തിന് ഇറങ്ങാനായില്ല. ഡ്രോണിൽ വെള്ളമെത്തിക്കാനുള്ള ശ്രമവും മലയുടെ ചെരിവും വളവും കാരണം പരാജയപ്പെട്ടു. സന്നദ്ധ സംഘടനകളും ആദിവാസികളും അരികിലെത്താൻ ശ്രമിച്ചു. ഇവയെല്ലാം ഇന്നലെ രാത്രിയോടെ പരാജയപ്പെട്ടതോടെ കരസേനയുടെ രക്ഷാസൈന്യത്തെ ആശ്രയിക്കേണ്ടി വന്നു.

കരസേനയുടെ എൻജിനിയറിങ് വിഭാഗം, പർവതാരോഹണ വിദഗ്‌ധർ. ദേശീയ ദുരന്ത പ്രതികരണ സേന (National Disaster Response Force) അംഗങ്ങൾ, മലയെ പരിചയമുള്ള പ്രദേശവാസികളായ മൂന്നുപേർ എന്നിവരാണ് മലമുകളിലെ രക്ഷാദൗത്യം നടക്കുന്ന സ്‌ഥലത്തേക്ക്‌ എത്തിയിരുന്നത്. ഈ സംഘത്തിന് നേതൃത്വം കൊടുത്തവരിൽ മലയാളിയായ കേണൽ ഹേമന്ദ് രാജൂം ഉൾപ്പെടുന്നു.

Most Read: ശ്വാസകോശ അർബുദം; തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE