ആദ്യ സ്വകാര്യ ബഹിരാകാശ ‘വിനോദയാത്ര‘ വിജയകരമായി പൂർത്തീകരിച്ച റിച്ചാര്‍ഡ് ബ്രാന്‍സണ്‍ 17 വർഷമാണ് ഈ സ്വപ്‌നം പൂർത്തീകരിക്കാൻ ചെലവഴിച്ച സമയം. തന്റെ 53ആമത്തെ വയസിൽ കണ്ട സ്വപ്‌നം പൂർത്തീകരിക്കുമ്പോൾ ‘റിച്ചാര്‍ഡ് ബ്രാന്‍സണ്‍‘ 70 വയസ് പിന്നിട്ടു!
ശബ്‌ദം സഞ്ചരിക്കുന്ന വേഗതയുടെ മൂന്നിരട്ടി വേഗത്തിലോടാൻ സാധിക്കുന്ന വാഹനം കൊണ്ട് ബഹിരാകാശത്ത് പ്രവേശിച്ച ഇദ്ദേഹം പത്തു മിനിറ്റോളം ബഹിരാകാശത്ത് ചെലവഴിച്ചു. അവിടെ കാഴ്‌ചകൾ കണ്ടു. മൂന്നു മിനിറ്റോളം മൈക്രോ ഗ്രാവിറ്റിയില്‍ ഭാരമില്ലായ്‌മ അനുഭവിച്ചു! ഇതോടെ, കോടീശ്വരൻമാർക്ക് ആഘോഷിക്കാനുള്ള ബഹിരാകാശ വിനോദസഞ്ചാര മേഖലയിലെ അനന്ത സാധ്യതകളിലേക്കാണ് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ വാതിൽ തുറക്കുന്നത്.
ആദ്യമായി ബഹിരാകാശത്ത് പ്രവേശിച്ച 70കാരൻ, സ്വന്തം വാഹനം കൊണ്ട് ആദ്യ സ്വകാര്യ ബഹിരാകാശയാത്ര സാധ്യമാക്കിയ വ്യക്‌തി, ആരാലും തിരുത്താൻ കഴിയാത്ത ചരിത്രമാണ് ‘റിച്ചാര്‍ഡ് ബ്രാന്‍സണ്‍‘ ഇന്നലെ കുറിച്ചത്.
യുഎസിലെ ന്യൂമെക്‌സിക്കോ സ്‌പേസ്‌പോർട്ടിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഇന്നലെ 2021 ജൂലൈ 11ന് ഇന്ത്യൻ സമയം ഞായറാഴ്‌ച രാത്രി 8.10നാണ്, ഇന്ത്യൻ വംശജ സിരിഷ ബാൻഡ്‌ല ഉൾപ്പെടുന്ന സംഘം ബഹിരാകാശ ഉല്ലാസയാത്രക്ക് പുറപ്പെട്ടത്. ഏകദേശം 50 മിനിറ്റ് സമയം കൊണ്ട് ബഹിരാകാശത്ത് പ്രവേശിച്ച ഇവർ പത്ത് മിനിറ്റാണ് അവിടെ തങ്ങിയത്. രണ്ടു പൈലറ്റും നാല് യാത്രക്കാരും ഉൾപ്പടെ ആറു പേരാണ് ‘സ്‌പേസ് പ്‌ളെയിനിൽ‘ ഉണ്ടായിരുന്നത്.

ആമസോൺ സ്‌ഥാപകനും ശതകോടീശ്വരനുമായി ജെഫ് ബെസോസിനെയും ലോകോത്തര വാഹനബ്രാൻഡായ ടെസ്‍ല നിർമാണ കമ്പനിയുടമ ഇലോൺ മസ്‌കും ബഹിരാകാശ ടൂറിസം പദ്ധതിയുമായി രംഗത്തുണ്ട്. ഇവരെ കടത്തിവെട്ടിയാണ് അപ്രതീക്ഷിതമായി ‘റിച്ചാര്‍ഡ് ബ്രാന്‍സണ്‍‘ ഇന്നലെ ലോകത്തെ ഞെട്ടിച്ചത്.
ജെഫ് ബെസോസ് ഈ ജൂലൈ 20ന് ബഹിരാകാശ യാത്രക്കുള്ള തയ്യാറെടുപ്പുകൾ പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹം, ഒപ്പം പോകാനുള്ള ടിക്കറ്റ് 205 കോടി രൂപക്ക് വെറും 7 മിനിറ്റിൽ ലേലത്തിൽ വിൽക്കുകയും ചെയ്‌തിരുന്നു. സഹോദരൻ മാർക്കിനൊപ്പമാണ് ജെഫ് ബെസോസ് ആദ്യ യാത്ര നടത്താൻ തയ്യാറാകുന്നത്. എന്നാൽ ഇതിനെ കടത്തിവെട്ടി ചരിത്രം തങ്കലിപികളാൽ രേഖപ്പെടുത്തിയാണ് തന്റെ 70 വയസ് ജൂലൈ 18ന് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പൂർത്തീകരിക്കുന്നത്.

ചരിത്ര നിമിഷങ്ങളിൽ പങ്കാളിയാവാന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിനൊപ്പം ഇന്ത്യയില്‍ ജനിച്ച സിരിഷ ബാൻഡ്‌ലയും ഉണ്ടായിരുന്നു. കഴിഞ്ഞ 7 കൊല്ലമായി റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ ഏറ്റവും വിശ്വസ്‌തയായ സഹപ്രവർത്തകയാണ് സിരിഷ ബാൻഡ്‌ല.
ആന്ധ്രാപ്രദേശിലെ ഗുണ്ടുർ ജില്ലയിൽ ജനിച്ച ഇവർ വിർജിൻ കമ്പനിയിലെ ഗവൺമെന്റ് അഫയേഴ്‌സ് വിഭാഗം വൈസ് പ്രസിഡണ്ടാണ്. രാകേശ് ശർമക്കും സുനിതാ വില്യംസിനും കല്‍പ്പനാ ചൗളക്കും ശേഷം നാലാമത് ബഹിരാകാശത്ത് പ്രവേശിച്ച ഇന്ത്യാക്കാരിയും മൂന്നാമത്തെ ഇന്ത്യന്‍ വനിതയുമായി മാറി സിരിഷ ബാൻഡ്‌ല.
ബഹിരാകാശത്തേക്ക് യാത്രപോയ ആദ്യത്തെ ബഹിരാകാശ ടൂറിസ്‌റ്റ് പക്ഷെ, റിച്ചാര്‍ഡ് ബ്രാന്‍സണ്‍ അല്ല. ആ ചരിത്രം 2001ൽ അമേരിക്കൻ എഞ്ചിനീയറും സംരംഭകനുമായ ഡെന്നിസ് ആന്റണി ടിറ്റോ സ്വന്തമാക്കിയിരുന്നു. ഇദ്ദേഹം എട്ട് ദിവസം അന്ന് ഭ്രമണപഥത്തിൽ ചെലവഴിച്ചിരുന്നു.

റിച്ചാര്‍ഡ് ബ്രാന്‍സണ്‍!
ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍. ഇന്നുവരെ ലോകംകണ്ട ഏറ്റവും സമർഥനായ ബിസിനസുകാരൻ. ലോകമെമ്പാടും പരന്നു കിടക്കുന്ന വിര്‍ജിന്‍ ശൃംഖലയുടെ ഉടമ! പകരക്കാരനില്ലാത്ത ചരിത്രങ്ങളുടെ തോഴൻ! ഇംഗ്ളണ്ടിലെ നാലാമത്തെ ധനികൻ. വെര്‍ജിന്‍ അറ്റ്‌ലാന്റിക് എയര്‍വേയ്‌സ് സ്‌ഥാപകനായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പഠിക്കാന്‍ വളരെ മോശമായിരുന്നത് കൊണ്ട് 16ആം വയസില്‍ പഠനം ഉപേക്ഷിച്ച് ആദ്യ ബിസിനസ് 17 വയസിൽ തുടങ്ങിയ പ്രതിഭാശാലി!

35 രാജ്യങ്ങളിലായി വിര്‍ജിന്‍ എയർവേയ്‌സ്, വിര്‍ജിന്‍ കാര്‍ഗോ, വിര്‍ജിന്‍ ഹോളിഡേയ്‌സ്, വിര്‍ജിന്‍ അറ്റ്‌ലാന്റിക്, വിര്‍ജിന്‍ മൊബൈല്‍, വിര്‍ജിന്‍ റെയില്‍, വിര്‍ജിന്‍ കോള, വിര്‍ജിന്‍ വൈൻ, വിര്‍ജിന്‍ വോഡ്‌ക ഇങ്ങനെ 130 വിഭാഗങ്ങളിലായി 400ലധികം സ്വന്തം കമ്പനികൾ! 95 പരാജയപ്പെട്ട കമ്പനികളുടെ ഉടമ!
ഇതുവരെ വിജയത്തിലെത്തിക്കാൻ സാധിക്കാതിരുന്നിട്ടും പൂട്ടാത്ത 14 സ്‌ഥാപനങ്ങൾ! ഇപ്പോൾ സ്വകാര്യ ബഹിരാകാശ ടൂറിസത്തിന്റെ ഉടമ! ഏത് സമയത്തും ബഹിരാകാശത്ത് പോയിവരാൻ സ്വന്തം വാഹനമുള്ള വ്യക്‌തി! എല്ലാ മാനേജ്‌മെന്റ് പ്രവചനങ്ങളെയും കണക്ക് കൂട്ടലുകളെയും കാറ്റിൽ പറത്തുന്ന ബിസിനസ് ജീവിതം! അതാണ് റിച്ചാര്‍ഡ് ബ്രാന്‍സണ്‍!

ഇന്നലെ രചിച്ച ചരിത്രത്തോടെ, ബഹിരാകാശ ടൂറിസത്തിന് തുടക്കം കുറിക്കുന്ന ആദ്യസ്വകാര്യ കമ്പനിയായി വിര്‍ജിന്‍ ഗാലക്റ്റിക് മാറി. ബഹിരാകാശ വിനോദയാത്ര വാണിജ്യാടിസ്‌ഥാനത്തില്‍ അടുത്തവർഷം ആദ്യത്തിൽ ഇദ്ദേഹം ആരംഭിക്കുമെന്നാണ് സൂചന. പ്രതിവര്‍ഷം 400 യാത്രക്കാരെ ബഹിരാകാശം കാണിക്കാനാണ് വിര്‍ജിന്‍ ലക്ഷ്യമിടുന്നത്.
17 വര്‍ഷമാണ് വിവിധ പരീക്ഷണങ്ങളിലൂടെ വിര്‍ജിന്‍ ഗാലക്റ്റിക് കടന്നു പോയത്. നിരവധി പരാജയങ്ങളും നേരിട്ടു. ലോകം പരിഹസിച്ച ചില പരാജയങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2007ല്‍ കാലിഫോര്‍ണിയയിലെ മൊജാവേ മരുഭൂമിയില്‍ നടന്ന റോക്കറ്റ് മോട്ടോര്‍ പരീക്ഷണത്തില്‍ മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടതാണ് അതിലൊന്ന്.
2014ല്‍ വിര്‍ജിന്റെ ‘റോക്കറ്റ് വിമാനം‘ പരീക്ഷണ പറക്കലിനിടെ ഒരു പൈലറ്റിന്റെ മരണത്തോടെ പരാജയപ്പെട്ടതാണ് മറ്റൊന്ന്. 2018ല്‍ രണ്ട് പൈലറ്റുമാരുമായും 2019ല്‍ മറ്റൊരാളുമായും കമ്പനി ബഹിരാകാശത്തിന്റെ തൊട്ടടുത്തുവരെ യാത്ര നടത്തി തിരിച്ചുപോരേണ്ടി വന്നതും സാധാരണ ലോകത്തിന് പരിഹാസമായിരുന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്, 17 വർഷങ്ങൾക്കിപ്പുറം സ്‌പേസ് ടൂറിസത്തിന്റെ വിശാല സാധ്യതകളിലേക്ക് ലോകത്തെ ക്ഷണിക്കുകയാണ് റിച്ചാര്‍ഡ് ബ്രാന്‍സണ്‍.
Most Read: ഇരട്ട കഴുകൻമാർ, വെറും 20 ഡോളർ മൂല്യം; നാണയം ലേലത്തിൽ വിറ്റത് 138 കോടി രൂപയ്‌ക്ക്