പാരീസ്: ഫുട്‍ബോൾ മാന്ത്രികൻ ലയണൽ മെസിക്കെതിരെ നടപടി എടുത്ത് പാരീസ് സെയ്‌ന്റ് ജർമൻ ക്ളബ് (പിഎസ്‌ജി). അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന്റെ പേരിലാണ് മെസിക്കെതിരെ നടപടി. രണ്ടാഴ്‌ചത്തേക്ക് ക്ളബിൽ നിന്ന് മെസിയെ സസ്‌പെൻഡ് ചെയ്‌തു. ഈ കാലയളവിൽ ക്ളബിൽ പരിശീലനത്തിനും കളിക്കുന്നതിനും താരത്തിന് അനുമതിയില്ല.
കൂടാതെ, സസ്‌പെൻഷൻ കാലത്ത് ക്ളബിൽ നിന്ന് പ്രതിഫലവും താരത്തിന് ലഭിക്കില്ല. പിഎസ്‌ജിയുമായുള്ളൻ രണ്ടു വർഷത്തെ കരാർ കാലാവധി അവസാനിക്കാനിരിക്കെ, മെസി ക്ളബ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് സസ്‌പെൻഷൻ നടപടി. ക്ളബിന്റെ അനുമതി ഇല്ലാതെ സൗദി സന്ദർശിച്ചതിന്റെ പേരിലാണ് നടപടി. സൗദി അറേബ്യയുടെ ടൂറിസം അംബാസിഡറാണ് ലയണൽ മെസി.
അതേസമയം, അനുമതി ഇല്ലാതെ അംബാസിഡർ ആയതിനും മെസി പിഴയും നൽകണം. കുടുംബത്തോടൊപ്പമാണ് മെസി കഴിഞ്ഞ ദിവസം സൗദി സന്ദർശനം നടത്തിയത്. ഭാര്യ അന്റൊണേല റൊക്കൂസോക്കോ, മക്കളായ മറ്റിയോ, തിയാഗോ, സിറോ എന്നിവർക്കൊപ്പം മെസി സൗദിയിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
മെസിയുടെ സൗദി സന്ദർശനം ക്ളബിന്റെ അനുമതി ഇല്ലാതെയായിരുന്നു. സൗദിയിൽ പോകാൻ മെസി അനുമതി ചോദിച്ചെങ്കിലും പിഎസ്‌ജി മാനേജർ ക്രിസ്‌റ്റഫ് ഗാട്ട്‌ലിയറും, സപ്പോർട്ടിങ് അഡ്വൈസർ ലൂയിസ് കാബോസും യാത്രക്ക് അനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ടൂറിസം അംബാസിഡർ എന്ന നിലയിൽ രണ്ടാമത്തെ തവണയാണ് മെസി സൗദി സന്ദർശിക്കുന്നത്.
ക്ളബ് നടപടി എടുത്തതോടെ ലീഗ് വണ്ണിലെ ആദ്യ രണ്ടു മൽസരങ്ങൾ മെസിക്ക് നഷ്‌ടമാകും. നിലവിൽ 33 മൽസരങ്ങളിൽ നിന്ന് 75 പോയിന്റുമായി ഫ്രഞ്ച് ലീഗിൽ ഒന്നാമതാണ് പിഎസ്‌ജി. ജൂണിൽ പിഎസ്‌ജിയുമായുള്ള കരാർ അവസാനിക്കുന്ന താരം ബാഴ്‌സലോണയിലേക്ക് തിരിച്ചു പോകുമെന്നാണ് വിവരം.
Most Read: വിവാഹ മോചനത്തിന് കാലതാമസം വേണ്ട; സുപ്രധാന വിധിയുമായി സുപ്രീം കോടതി