അഫ്‌ഗാനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ചൈന; ഇന്ത്യയ്‌ക്ക് ആശങ്ക

By News Desk, Malabar News

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ചൈന നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ബാഗ്രാം വ്യോമതാവളം ഉൾപ്പടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ചൈന ഏറ്റെടുക്കുന്നത് ഇന്ത്യയ്‌ക്ക് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെന്നാണ് വിദേശകാര്യ വിദഗ്‌ധരുടെ അഭിപ്രായം.

ഇന്ത്യയെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് അകറ്റാനും മേഖലയിലെ ഏക ശക്‌തിയായി മാറാനുമുള്ള ചൈനീസ് തന്ത്രങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്ന് സംശയിക്കുന്നതായി വിദഗ്‌ധരെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട് ചെയ്‌തു. അധിനിവേശകാലത്ത് അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നു ബാഗ്രാം വ്യോമതാവളത്തിലാണ് ചൈന അധികാരം സ്‌ഥാപിക്കാൻ ശ്രമിക്കുന്നത്. അങ്ങനെയെങ്കിൽ പാകിസ്‌ഥാനെ ശക്‌തിപ്പെടുത്താനും ഇന്ത്യയ്‌ക്ക് എതിരായി പ്രവർത്തിക്കാനും ചൈനക്ക് സാധിക്കുമെന്ന് മുൻ യുഎൻ നയതന്ത്രജ്‌ഞ നിക്കി ഹാലെ അഭിപ്രായപ്പെട്ടു.

അഫ്‌ഗാൻ വിഷയത്തിൽ റഷ്യയെ പോലെയുള്ള അഭിനേതാക്കൾ നമ്മെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. താലിബാനെതിരെ തിരിച്ചടിക്കാൻ അവർ ഒന്നും തന്നെ ചെയ്യുന്നില്ല. ഈ ഘട്ടത്തിൽ ചൈനയെ നാം നിരീക്ഷിക്കേണ്ടതുണ്ട്. കാരണം, അവർ ഉടൻ അഫ്‌ഗാനിലെ ബാഗ്രാം വ്യോമതാവളം ഏറ്റെടുത്തേക്കും. ഇന്ത്യയ്‌ക്കെതിരെ പോരാടുന്നതിന് അവർ പാകിസ്‌ഥാനെ ശക്‌തിപെടുത്താൻ ശ്രമിക്കുകയാണെന്നും നിക്കി ഹാലെ പറഞ്ഞു.

അഫ്‌ഗാനിലെ തന്നെ ഏറ്റവും വലിയ വ്യോമതാവളമാണ് ബാഗ്രാം. കാബൂൾ വിമാനത്താവളത്തിന് പകരം യുഎസ്‌ സേന അവസാനനിമിഷം വരെ ആശ്രയിച്ചിരുന്നത് ബാഗ്രാമിനെയാണ്. അതിനാൽ തന്നെ സാങ്കേതികമായും പൂർണമായും വികസിച്ച വിമാനത്താവളമാണ് ബാഗ്രാം. 20 കൊല്ലത്തിന് ശേഷമാണ് ബാഗ്രാം വ്യോമതാവളം യുഎസ്‌ അഫ്‌ഗാന് കൈമാറിയത്.

താലിബാൻ നയിക്കുന്ന അഫ്‌ഗാൻ സർക്കാർ അധികാരത്തിലേറാൻ ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയ്‌ക്കും ആശങ്ക നൽകുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ, താലിബാനോട് ഏത് തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുന്നത് എന്നത് സംബന്ധിച്ച് ഇന്ത്യ ഇതുവരെ നിലപാട് വ്യക്‌തമാക്കിയിട്ടില്ല.

Also Read: പോലീസ് ‘ഭാഷ’ വേണ്ട; ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE