സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി എന്തും ചെയ്യും; ചെന്നിത്തല

By Desk Reporter, Malabar News
Ramesh-Chennithala on Consulate Gold Smuggling

തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയാന്‍ സമ്മർദ്ദം ഉണ്ടെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാന്‍ പിണറായി സര്‍ക്കാര്‍ എന്തും ചെയ്യാന്‍ മടിക്കില്ല എന്നതിന് തെളിവാണ് ഇതെന്ന് ചെന്നിത്തല പറഞ്ഞു.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയാന്‍ ജയില്‍ സൂപ്രണ്ടും ഉദ്യോഗസ്‌ഥരും സമ്മര്‍ദ്ദം ചെലുത്തിയെന്നും പീഡിപ്പിച്ചുവെന്നും പ്രതി പിഎസ് സരിത്ത് കോടതിയില്‍ മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. രമേശ് ചെന്നിത്തലയുടെ പേര് പറയാനാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്ന് ചില മാദ്ധ്യമങ്ങള്‍ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം. ജയില്‍ വകുപ്പും പോലീസും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ ഇത് സംഭവിക്കില്ല. സ്വർണക്കടത്ത് കേസിലും ഡോളര്‍ കടത്തു കേസിലും മുഖ്യമന്ത്രിക്കെതിരായ മൊഴികള്‍ കോടതിയുടെ മുന്‍പാകെയുണ്ട്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്കു പോലും പ്രതികള്‍ ആരോപിച്ചിട്ടുണ്ട്. അപ്പോള്‍ തന്റെ പേരു കൂടി പറയിച്ചാല്‍ മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താം എന്ന കുബുദ്ധിയാണ് ഇതിന് പിന്നിൽ; ചെന്നിത്തല പറഞ്ഞു.

ഉന്നത തലങ്ങളില്‍ നടന്ന വന്‍ഗൂഢാലോചനയുടെ ഫലമായിട്ടാണ് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് മേല്‍ ജയില്‍ സൂപ്രണ്ടടക്കമുള്ള ഉദ്യോഗസ്‌ഥർ സമ്മര്‍ദ്ദം ചെലുത്തിയത്. കൃത്രിമ തെളിവുണ്ടാക്കാനും സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനും ഭരണകൂടം തന്നെ ശ്രമിക്കുന്ന ഗുരുതരമായ സ്‌ഥിതി വിശേഷമാണ് ഉണ്ടായിരിക്കുന്നത്. ഇതിനെപ്പറ്റി സ്വതന്ത്രമായ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സിപിഎം രഹസ്യ ധാരണ ഉണ്ടാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് സ്വർണക്കടത്തു കേസിന്റെ അന്വേഷണം മരവിപ്പിക്കപ്പെട്ടത്. ആ ധാരണ ഇപ്പോള്‍ പൊളിഞ്ഞോ എന്ന് വ്യക്‌തമല്ല. ആ ധാരണക്ക് എന്തു പറ്റിയെന്ന് സിപിഎം നേതാക്കളും ബിജെപി നേതാക്കളും വ്യക്‌തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

സ്വർണക്കടത്തു കേസില്‍ തന്റെ പേര് പറയിക്കാന്‍ നടക്കുന്നവര്‍ ഒരു കാര്യം മറക്കരുത്. ശിവശങ്കർ തന്റെ സെക്രട്ടറിയായിട്ടല്ല ജോലി ചെയ്‌തിരുന്നത്‌. സ്വപ്‌നാ സുരേഷ് തന്റെ കീഴിലുമല്ല ജോലി ചെയ്‌തിരുന്നത്‌. വിവാദ നയതന്ത്ര ഉദ്യോഗസ്‌ഥരെയും കൂട്ടി സ്വപ്‌നാ സുരേഷ് തന്റെ വീട്ടിലല്ല സ്‌ഥിരമായി വന്നിരുന്നത്. കള്ളത്തെളിവുണ്ടാക്കി കേസ് അട്ടിമറിക്കാനുള്ള ശ്രമം കേരളത്തില്‍ വിലപ്പോവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Most Read:  ജനസംഖ്യാ നിയന്ത്രണ ബിൽ; പിന്നിൽ രാഷ്‌ട്രീയ അജണ്ടയെന്ന് കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE